ജനുവരി 17ന് ഇറങ്ങിയ സർക്കാർ ഉത്തരവുപ്രകാരം ഐടിഐ ട്രേഡ് സർട്ടിഫിക്കറ്റ് മറ്റു ഡിഗ്രി, ഡിപ്ലോമ കോഴ്സ് സർട്ടിഫിക്കറ്റുകളുമായി തുല്യതപ്പെടുത്താനോ ഉയർന്ന യോഗ്യതയെന്നു പറയാനോ കഴിയില്ല. നിലവിൽ ബിടെക്, ഡിപ്ലോമ യോഗ്യത നേടി വിവിധ ലിസ്റ്റിൽ ഉൾപെട്ടിരിക്കുന്നതും ജോലിക്കു കയറിയതുമായ ഉദ്യോഗാർഥികളെ ഈ ഉത്തരവ് എങ്ങനെ ബാധിക്കും?
ഉത്തരവിൽ വ്യക്തമാക്കിയ തീയതി മുതലാണ് അക്കാര്യം നടപ്പിലാകുക. ഐടിഐ അടിസ്ഥാനയോഗ്യതയായി നിശ്ചയിച്ച തസ്തികകൾക്കു ഡിപ്ലോമ, ഡിഗ്രി എന്നീ ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കേണ്ടെന്ന ഉത്തരവ് ജനുവരി 17നു മുൻപുളള വിജ്ഞാപനങ്ങൾക്കു ബാധകമാക്കേണ്ടതില്ലെന്നാണു പിഎസ്‌സി തീരുമാനം. അതിനുശേഷമുള്ള വിജ്ഞാപനങ്ങൾക്ക് ഉത്തരവ് ബാധകമാക്കുന്നതു സംബന്ധിച്ചു വിശദമായ പരിശോധന നടത്തുകയും ചെയ്യും. ഇതിനകം വിവിധ ലിസ്റ്റുകളിൽ ഉൾപ്പെട്ടവരെയും ജോലിക്കു കയറിയവരെയും പുതിയ ഉത്തരവ് ബാധിക്കാനിടയില്ല.