ജപ്പാൻ ആയുധമണിയുമ്പോൾ

HIGHLIGHTS
  • രാജ്യത്തിന്റെ കര, നാവിക, വ്യോമസേനകളുടെ സമ്പൂർണ നവീകരണമാണു ജപ്പാൻ ലക്ഷ്യമിടുന്നത്
japan
SHARE

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നിലവിൽ വന്ന ഭരണഘടനാ നിർബന്ധിത സമാധാനരാഷ്ട്രമെന്ന പദവി കയ്യൊഴിയുകയാണു ജപ്പാൻ. രാജ്യാതിർത്തികൾക്കു സമീപം വർധിച്ചു വരുന്ന ഭീഷണികളാണ് ജപ്പാനെ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചത്.

പുതിയ സൈനികനയം

സാമ്പത്തികം, ശാസ്ത്രം, സാങ്കേതികം ഉൾപ്പെടെ വിവിധ മേഖലകളിൽ മുൻനിരയിലാണു ജപ്പാൻ. രണ്ടാം ലോകമഹായുദ്ധത്തിലെ തോൽവിക്കുശേഷം, അമേരിക്കൻ സ്വാധീനത്തിൽ രൂപം നൽകിയ ഭരണഘടനയിലെ സൈനികവൽക്കരണത്തിനെതിരായ നിർദേശങ്ങൾ കാരണമാണു ജപ്പാൻ പൊതുവേ സമാധാനവഴി സ്വീകരിച്ചത്. ഭൂഖണ്ഡാന്തര മിസൈലുകളും വിമാനവാഹിനിക്കപ്പലുകളും അടങ്ങുന്ന അത്യാധുനിക ആയുധങ്ങൾ വികസിപ്പിക്കാനും സ്വന്തമാക്കാനും നിരോധനത്തിനു തുല്യമായ അവസ്ഥയാണു നിലനിന്നിരുന്നത്. അതിനാണിപ്പോൾ മാറ്റം വന്നിരിക്കുന്നത്.

സമ്പൂർണ നവീകരണം

പ്രതിരോധ ബജറ്റ് ഇരട്ടിയാക്കാൻ ഇക്കഴിഞ്ഞ ഡിസംബർ 16നു ജപ്പാനെടുത്ത തീരുമാനമാണ് പുതിയ നയവ്യതിയാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട നീക്കം. ആക്രമണങ്ങളെ പ്രതിരോധിക്കുക മാത്രമെന്ന നയത്തിൽനിന്ന് ശത്രുരാജ്യത്തെ കടന്നാക്രമിക്കാനുള്ള പ്രഹരശേഷി നേടണമെന്ന തീരുമാനം, ജപ്പാൻ ഇതുവരെ തുടർന്നുപോന്ന സമാധാനരാഷ്ട്രമെന്ന നിലപാടിൽനിന്നുള്ള പിൻവാങ്ങൽ കൂടിയാണ്. രാജ്യത്തിന്റെ കര, നാവിക, വ്യോമസേനകളുടെ സമ്പൂർണ നവീകരണമാണു ജപ്പാൻ ലക്ഷ്യമിടുന്നത്.

ജപ്പാൻ മൂന്നാമതെത്തും

നിലവിൽ ജിഡിപിയുടെ ഒരു ശതമാനം തുക മാത്രം പ്രതിരോധരംഗത്തു ചെലവഴിക്കുന്ന ജപ്പാൻ അതിന്റെ പലമടങ്ങ് ചെലവഴിക്കാൻ ശേഷിയുള്ള രാജ്യമാണ്. പ്രതിരോധത്തുക ചെലവഴിക്കൽ പട്ടികയിൽ ലോകത്ത് ഒൻപതാം സ്ഥാനത്താണിപ്പോൾ. ബജറ്റ് ഇരട്ടിയാക്കാനുള്ള തീരുമാനം നടപ്പാകുമ്പോൾ അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നിൽ ജപ്പാനെത്തും. യുഎസും ചൈനയും കഴിഞ്ഞാൽ വലിയ സാമ്പത്തികശക്തിയായ ജപ്പാന്റെ സൈനികരംഗത്തെ ഇടപെടൽ അമേരിക്കയുമായി ചേർന്നുള്ള ചില സംയുക്ത സേനാവിന്യാസങ്ങളിൽ ഒതുങ്ങിനിൽക്കുകയാണ്. 

ചൈനയെ പേടി; ഉത്തര കൊറിയയെയും

തങ്ങളുടെ സമുദ്രാതിർത്തിയും വ്യോമാതിർത്തിയും തുടർച്ചയായി ലംഘിക്കുന്ന ചൈനയുടെ യുദ്ധക്കപ്പലുകളും പോർവിമാനങ്ങളും ജപ്പാന്റെ മനസ്സുമാറ്റത്തിന് പ്രധാന കാരണമാണ്. ആണവശേഷിയിലും സമുദ്രശക്തിയിലും വളർന്നു കൊണ്ടിരിക്കുന്ന ചൈന തങ്ങളുടെ സുരക്ഷിത ഭാവിയ്ക്കു വലിയ ഭീഷണിയാകുമെന്ന് ജപ്പാൻ സംശയിക്കുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് ചൈനീസ് മണ്ണിൽ ജപ്പാൻ നടത്തിയ ക്രൂരതകള്‍ തിരികെ ആവർത്തിച്ച് ജനങ്ങൾക്കിടയിൽ പ്രതികാരമനോഭാവം വളർത്തുകയാണു ചൈനയെന്നും ജപ്പാൻ കരുതുന്നു.

2022 ൽ മാത്രം 86 മിസൈൽ പരീക്ഷണങ്ങൾ നടത്തിയ ഉത്തര കൊറിയയും വലിയ ഭീഷണിയാണ്. 2019 ൽ നടത്തിയ 26 പരീക്ഷണങ്ങളായിരുന്നു ഇതിനു മുൻപിലെ ഏറ്റവും ഉയർന്നത്. ഈ മിസൈലുകളിൽ പലതും ജപ്പാനു സമീപമുളള കടലിലാണ് പതിച്ചത്. യുക്രെയ്ൻ–റഷ്യ യുദ്ധവും യുക്രെയ്നിന്റെ ചെറുത്തുനിൽപ്പും ഭാവിയിലുണ്ടായേക്കാവുന്ന അധിനിവേശത്തിനെതിരെ സൈനികശേഷി കൈവരിക്കണമെന്ന ചിന്തയും നയം മാറ്റത്തിനു പിന്നിലുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Videsha Vishesham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS