എങ്ങോട്ടാണീ യുദ്ധം?

HIGHLIGHTS
  • രണ്ടു ലക്ഷത്തോടടുത്ത് റഷ്യ–യുക്രെയ്‌ൻ യുദ്ധത്തിലെ മരണസംഖ്യ
russia-ukraine-war
SHARE

പതിനെട്ടു മാസം പിന്നിട്ട റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടു ലക്ഷത്തോടടുക്കുന്നു. ഇരുപക്ഷത്തെയും സൈനികരും സാധാരണജനങ്ങളും ചേർത്തുള്ള കണക്കാണിത്. പരുക്കേറ്റവരുടെ എണ്ണം മൂന്നു ലക്ഷവും. 2022 ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധം വിവിധ രാജ്യങ്ങളിലടക്കം പ്രതിസന്ധികൾ സൃഷ്ടിച്ച് അന്ത്യം കാണാതെ മുന്നേറുകയാണ്.

ആശങ്കാകണക്ക്

‘ന്യൂയോർക്ക് ടൈംസ്’ ആണ് നാശനഷ്ടങ്ങൾ സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. റഷ്യയും യുക്രെയ്‌നും അതതു ഭാഗത്തെ ആൾനാശത്തിന്റെ കൃത്യമായ കണക്കുകൾ പുറത്തുവിടാത്തതിനാൽ വിവിധ സ്രോതസ്സുകളിൽനിന്നുള്ള വിവരങ്ങൾ അവലോകനം ചെയ്താണ് ഈ കണക്കുകളിൽ എത്തിയതെന്നും അവ പൂർണമായും ശരിയാകണമെന്നില്ലെന്നും പത്രം പറയുന്നു. ഈ വർഷം ആദ്യം യുദ്ധമുഖത്ത് യുക്രെയ്ൻ തിരിച്ചടി ശക്തമാക്കിയതോടെയാണ് കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും സംഖ്യ കുത്തനെ ഉയരാൻ തുടങ്ങിയത്.

എഫ്–16 വന്നാൽ

യുക്രെയ്ന് എഫ്–16 യുദ്ധവിമാനങ്ങൾ കൈമാറാൻ നെതർലൻഡ്സിനും ഡെൻമാർക്കിനും അമേരിക്ക അനുവാദം നൽകിയത് യുദ്ധത്തിലെ നിർണായകനീക്കമാകും. ഉടൻ വിന്യസിക്കാൻ സാധ്യത കുറവാണെങ്കിലും യുക്രെയ്‌ൻ സേനയുടെ ആത്മവീര്യം പെട്ടെന്നു വർധിക്കാൻ ഈ തീരുമാനം സഹായിക്കും. ആറു മാസമെങ്കിലും പരിശീലനം നേടിയശേഷമേ യുക്രെയ്‌ൻ പൈലറ്റുമാർക്ക് എഫ്–16 ഉപയോഗിക്കാനാകൂ. ഈ മാസംതന്നെ പരിശീലനം ആരംഭിക്കുമെന്നു ഡെൻമാർക്ക് വ്യക്തമാക്കിയിട്ടുണ്ട്. ആകാശയുദ്ധത്തിൽ റഷ്യയ്ക്കുള്ള മേൽക്കൈ കുറയ്ക്കാൻ ഈ യുദ്ധവിമാനങ്ങളിലൂടെ യുക്രെയ്‌നു കഴിയും.

ആശങ്ക പടർന്ന ഉത്തര കൊറിയൻ മിസൈൽ

ഖര ഇന്ധനം ഉപയോഗിച്ചുള്ള ആ രാജ്യത്തെ ആദ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ‘ഹ്വാസോങ്–18’ മിന്നൽ വേഗത്തിൽ വികസിപ്പിച്ച ഉത്തര കൊറിയയുടെ നേട്ടത്തിനു പിന്നിൽ റഷ്യയാണെന്ന സംശയമാണു മറ്റൊരു ആശങ്ക. അമേരിക്കയും ജപ്പാനും ദക്ഷിണ കൊറിയയും ഉൾപ്പെടെ ഉത്തര കൊറിയൻ യുദ്ധഭീഷണിയുടെ നിഴലിൽ നിൽക്കുന്ന രാജ്യങ്ങളെ ഇത് അങ്കലാപ്പിലാക്കുന്നു. കഴിഞ്ഞ ജൂലൈ 12നു പരീക്ഷിച്ച ‘ഹ്വാസോങ്–18’ ഉത്തര കൊറിയ ഇതുവരെ വികസിപ്പിച്ചതിൽ ഏറ്റവും ദൂരം സഞ്ചരിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണ്. ഖര ഇന്ധനം ഉപയോഗിക്കുന്നതോടെ ഈ മിസൈലുകൾ യുദ്ധസമയത്ത് വേഗത്തിലും എളുപ്പത്തിലും വിന്യസിക്കാൻ കഴിയും. റഷ്യയാണ് പരീക്ഷണത്തിനു വേണ്ട ഖര ഇന്ധനം കൈമാറിയതെന്നാണ് പാശ്ചാത്യ രാജ്യങ്ങൾ ആരോപിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Videsha Vishesham
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA