കാതലുറപ്പുള്ള ‘പ്രിയോർ’

HIGHLIGHTS
  • ചാവറയച്ചൻ നടപ്പാക്കിയ ‘പിടിയരി സമ്പ്രദായം’ വലിയൊരു ചുവടുവയ്പായിരുന്നു
  • ‘പള്ളിക്കൊരു പള്ളിക്കൂടം’ അദ്ദേഹം നിർബന്ധമാക്കി
Kuriakose-Elias-Chavara
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ്
SHARE

അജ്ഞതയുടെയും ജാതീയവിവേചനങ്ങളുടെയും ഇരുളിലാണ്ടു കിടന്ന കേരളീയ‌സമൂഹത്തെ പള്ളിക്കൂടങ്ങളിലൂടെ നവോത്ഥാന വഴിയിലേക്കു നയിച്ച മഹാപുരുഷനാണു വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് എന്ന ചാവറയച്ചൻ.

വഴിവിളക്കായി സിഎംഐ

ആലപ്പുഴ കുട്ടനാട്ടിലെ കൈനകരിയിൽ 1805 ഫെബ്രുവരി 10നാണു ചാവറയച്ചൻ ജനിച്ചത്. കളരിയാശാനിൽനിന്നു മലയാളവും തമിഴും സംസ്കൃതവും പഠിച്ചു. സെമിനാരി പഠനകാലത്ത്, പകർച്ചവ്യാധി പിടിപെട്ട് മാതാപിതാക്കളും ഏക സഹോദരനും മരണമടഞ്ഞതോടെ കുടുംബകാര്യങ്ങൾ നോക്കാൻ തിരിച്ചുവരണമെന്നു ബന്ധുക്കൾ നിർബന്ധിച്ചെങ്കിലും അദ്ദേഹം ആത്മീയവഴി ഉപേക്ഷിച്ചില്ല.

ചാവറയച്ചൻ അടക്കമുള്ളവർ ചേർന്ന് 1831 മേയിൽ തുടക്കമിട്ട സന്യാസസമൂഹമാണ് പിന്നീടു കാർമലൈറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (സിഎംഐ) ആയി വളർന്നത്. സഭയുടെ ആദ്യ പ്രിയോർ ജനറൽ ചാവറയച്ചനായിരുന്നു. എറണാകുളത്തിനടുത്തു കൂനമ്മാവിൽ അദ്ദേഹം നട്ടുവളർത്തിയ മാവിന് ‘പ്രിയോർ’ എന്ന പേരു പതിയുകയും ചെയ്തു.

പള്ളിക്കൊരു പള്ളിക്കൂടം

പാശ്ചാത്യസഹായമില്ലാതെ കോട്ടയം മാന്നാനത്ത് അച്ചുകൂടം സ്ഥാപിച്ച ചാവറയച്ചന്റെ അക്ഷീണപ്രയത്നം ‘വാഴത്തട വിപ്ലവം’ എന്നറിയപ്പെട്ടു. അച്ചുകൂടത്തിന്റെ മാതൃക അദ്ദേഹം ഉണ്ടാക്കിയത് വാഴത്തടയിലായിരുന്നു!

‘പള്ളിക്കൊരു പള്ളിക്കൂടം’ അദ്ദേഹം നിർബന്ധമാക്കി. അതു ചെയ്യാത്തവർക്കു പള്ളിമുടക്കം കൽപിക്കാനും മടിച്ചില്ല. മാന്നാനത്ത് 1846ൽ സംസ്കൃത വിദ്യാലയം സ്ഥാപിച്ച് ജാതിഭേദമില്ലാതെ പ്രവേശനം നൽകി. വരേണ്യഭാഷയായിരുന്ന സംസ്കൃതം ദലിതർ പഠിക്കുകയെന്ന മഹാദ്ത്ഭുതമാണ് അവിടെ സംഭവിച്ചത്. ഇംഗ്ലിഷ് സ്കൂളുകൾ എല്ലാ വിഭാഗങ്ങൾക്കും പ്രാപ്യമല്ലാതിരുന്ന കാലത്താണ് ചാവറയച്ചൻ സമഭാവനയോടെ എല്ലാവരെയും വിദ്യാലയങ്ങളിലേക്കു സ്വാഗതം ചെയ്തത്.

കുട്ടികൾക്ക് ഉച്ചഭക്ഷണവും പുസ്തകങ്ങളും വസ്ത്രവുമെല്ലാം സൗജന്യമായി നൽകി പഠിക്കാനും സ്ത്രീകൾക്കു തൊഴിൽ പരിശീലനം നൽകി സ്വന്തം കാലിൽ നിൽക്കാനും ചാവറയച്ചൻ പ്രോത്സാഹിപ്പിച്ചു.

പിടിയരിയും ഉപവിശാലയും

ചാവറയച്ചൻ നടപ്പാക്കിയ ‘പിടിയരി സമ്പ്രദായം’ വലിയൊരു ചുവടുവയ്പായിരുന്നു. സമ്പത്തുള്ള കുടുംബങ്ങളിൽ ഓരോ തവണ അരിയളക്കുമ്പോഴും ഒരുപിടി അരി മാറ്റിവയ്ക്കുന്നു. ഇങ്ങനെ ശേഖരിച്ച അരി, സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി മാസാവസാനം പങ്കുവയ്ക്കുന്നു. അശരണരായ മനുഷ്യർക്കായി ഉപവിശാലകൾ തുടങ്ങാനും ചാവറയച്ചൻ മുന്നോട്ടുവന്നു.

വിശുദ്ധിയുടെ വഴിയും അക്ഷരധന്യതയും

ഗദ്യവും പദ്യവും ഒരുപോലെ വഴങ്ങിയ ചാവറയച്ചൻ ആത്മാനുതാപം, അനസ്താസിയയുടെ രക്തസാക്ഷ്യം, ധ്യാനസല്ലാപങ്ങൾ, ഒരു നല്ല അപ്പന്റെ ചാവരുൾ തുടങ്ങി ഒട്ടേറെ കൃതികൾ രചിച്ചു. പുസ്തകങ്ങളോടു വലിയ പ്രിയമുണ്ടായിരുന്ന ചാവറയച്ചൻ യാത്രകളിലെല്ലാം കയ്യെഴുത്തു പ്രതികൾ ശേഖരിക്കുകയും പകർത്തിയെടുക്കുകയും ചെയ്തു. 1871 ജനുവരി 3 നു കാലം ചെയ്ത അദ്ദേഹത്തെ 2014ൽ വിശുദ്ധനായി പ്രഖ്യാപിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Vaakkum Velichavum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS