വാൾഡനിലെ കവി, മഹാപ്രചോദകൻ

HIGHLIGHTS
  • എഴുതുന്നതു പ്രകൃതിയെക്കുറിച്ചായാലും രാഷ്ട്രീയത്തെക്കുറിച്ചായാലും നിരീക്ഷണങ്ങൾ അതീവസൂക്ഷ്മമായിരുന്നു
Henry-david-thoreau
ഹെൻ‌റി ഡേവിഡ് തോറോ
SHARE

‘ലോകത്ത് എനിക്കു മാത്രമായി ഒരു മുറിയുണ്ട്, അതാണു പ്രകൃതി’ എന്നും ‘ഏകാന്തത പോലെ നല്ലൊരു സുഹൃത്തിനെ ഞാൻ കണ്ടിട്ടില്ല’ എന്നും എഴുതിയ ഹെൻറി ഡേവിഡ് തോറോയുടെ ജീവിതവും അതുപോലെയായിരുന്നു. ‌വാൾഡനിലെ തടാകക്കരയിൽ കുടിലിൽ ജീവിച്ച അദ്ദേഹം കവിയും ദാർശനികനും പരിസ്ഥിതിവാദിയും പ്രബന്ധകാരനും പൗരാവകാശപ്പോരാളിയും എല്ലാമായിരുന്നു.

സംവാദങ്ങൾ, നദീയാത്രകൾ

യുഎസിൽ മസച്യുസെറ്റ്സിലെ കോൺകോഡിൽ 1817ലാണു തോറോ ജനിച്ചത്. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള തത്വചിന്തയും സാഹിത്യവും ആഴത്തിൽ അറിഞ്ഞ അദ്ദേഹം ഹാർവഡ് സർവകലാശാലയിൽനിന്നു ബിരുദം നേടി. നാട്ടുകാരൻ റാൽഫ് വാൾഡോ എമേഴ്സനുമായി നടത്തിയ സംവാദങ്ങൾ അഗാധമായി സ്വാധീനിച്ചു. കോൺകോഡിലെ സ്കൂളിൽ അധ്യാപകനായി ചേർന്നെങ്കിലും ചിട്ടവട്ടങ്ങൾ തനിക്കു പറ്റിയതല്ലെന്നു തിരിച്ചറിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ അവിടം വിട്ടു. പിന്നീടു സഹോദരൻ ജോണിനൊപ്പം വിദ്യാലയം തുടങ്ങി. മൂന്നു വർഷമേ അതും നിലനിന്നുള്ളൂ.

കോൺകോഡ്, മെറിമാക് നദികളിലൂടെ നടത്തിയ ദീർഘയാത്ര തോറോയിൽ വലിയ സ്വാധീനം ചെലുത്തി. ഇടക്കാലത്ത് അതീന്ദ്രിയവാദത്തോടും വലിയ താൽപര്യം പുലർത്തി. അക്കാലത്ത് ‘ദ് ഡയൽ’ മാസിക തോറോയുടെ കവിതകൾ പ്രസിദ്ധീകരിച്ചു.

പ്രബന്ധത്തിന്റെ പ്രഹരശേഷി

വാൾഡനിൽ താമസമാക്കിയതോടെ തോറോ പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കിന്റെ പ്രവാചകനായി. നാഗരിക ബഹളങ്ങളിൽനിന്ന് അകന്ന് ഇലയനങ്ങൾക്കും ചിറകടികൾക്കും കാതും ഹൃദയവും കൊടുത്ത് അദ്ദേഹം ജീവിച്ചു. അവിടെ കണ്ടതൊക്കെ കുറിച്ചുവച്ചതിൽനിന്നാണ് 1854ൽ ‘വാൾഡൻ’ എന്ന ക്ലാസിക് ഗ്രന്ഥം പിറന്നത്.

എഴുതുന്നതു പ്രകൃതിയെക്കുറിച്ചായാലും രാഷ്ട്രീയത്തെക്കുറിച്ചായാലും നിരീക്ഷണങ്ങൾ അതീവസൂക്ഷ്മമായിരുന്നു. തോറോയുടെ ദർശനങ്ങളുടെ പ്രസക്തി മനസ്സിലാക്കാൻ അത് ആരെയൊക്കെ സ്വാധീനിച്ചെന്നു നോക്കിയാൽ മതി. അതിൽ ഗാന്ധിജിയുണ്ട്, ലിയോ ടോൾസ്റ്റോയ് ഉണ്ട്, മാർട്ടിൻ ലൂഥർ കിങ് ജൂനിയറും ഏണസ്റ്റ് ഹെമിങ്‌വേയുമുണ്ട്. 1849ലെ ‘സിവിൽ ഡിസ്ഒബീഡിയൻസ്’ എന്ന പ്രബന്ധം പ്രകമ്പനങ്ങൾ സൃഷ്ടിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ നാൾവഴികളെ അതു മാറ്റിത്തീർത്തു.

അധികാരശക്തി, ആത്മീയശക്തി

അടിമക്കച്ചവടത്തിനെതിരെ കലഹിച്ച തോറോ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു. അടിമത്തം നിർത്തലാക്കാത്തതിൽ പ്രതിഷേധിച്ച് വർഷങ്ങൾ നികുതി അടയ്ക്കാതെ പ്രതിഷേധിച്ചു. മെക്സിക്കോയോടു യുദ്ധം പ്രഖ്യാപിച്ച യു എസ് നിലപാടിൽ പ്രതിഷേധിച്ചതോടെ, നികുതിയടച്ചില്ലെന്നതിനു ജയിലിലായി. ഒരു ദിവസം മാത്രമാണ് ജയിലിൽ കഴിയേണ്ടി വന്നത്. ഭരണകൂടത്തോട് ആശയപരമായ വിട്ടുവീഴ്ചയ്ക്ക് തോറോ ഒരിക്കലും തയ്യാറായില്ല. അധികാരശക്തിയെ ആത്മീയശക്തികൊണ്ടു തടുക്കാമെന്ന് തോറോ തെളിയിച്ചു. ക്ഷയരോഗബാധിതനായി 1862 ൽ 44–)മത്തെ വയസ്സിൽ വിടവാങ്ങുമ്പോൾ, റെഡ് ഇന്ത്യൻ വംശജരെക്കുറിച്ചുളള പഠനത്തിലായിരുന്നു തോറോ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Vaakkum Velichavum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS