ആളുന്ന വചനം

HIGHLIGHTS
  • ആചാരങ്ങളെയും യാഥാസ്ഥിതികത്വത്തെയും നിഷേധിച്ച് അവർ സ്വാതന്ത്ര്യത്തെ പുൽകി
akka-mahadevi
SHARE

ആളുന്ന അഗ്നിപോലെയായിരുന്നു അക്ക മഹാദേവിയുടെ വചനകവിതകൾ; ആ ജീവിതവും അങ്ങനെതന്നെ. പന്ത്രണ്ടാം നൂറ്റാണ്ടിൽ കർണാടകയിൽ അവധൂതയായി ജീവിക്കുകയും ചെന്നമല്ലികാർജുനനോടുള്ള അർപ്പണത്താൽ സുഖങ്ങളും സൗകര്യങ്ങളും വെടിഞ്ഞു പാടിനടക്കുകയും ചെയ്തു മഹാദേവി.

നവോത്ഥാനത്തിന്റെ കണ്ണി

അനാചാരങ്ങൾക്കെതിരെ രൂപപ്പെട്ട വീരശൈവ ഭക്തിപ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു മഹാദേവി. ബസവേശ്വരനും അല്ലമപ്രഭുവുമെല്ലാം ഭക്തിയെയും സാമൂഹിക നവോത്ഥാനത്തെയും കണ്ണി ചേർത്തപ്പോൾ ഒപ്പം മഹാദേവിയുമുണ്ടായിരുന്നു. ശൈവദർശനങ്ങളെ അനുഭൂതികളുടെ തലത്തിലേക്കുയർത്തുകയായിരുന്നു അവർ. വചനകവിതകൾ പാടത്തും പറമ്പിലും പണിയെടുക്കുന്ന മനുഷ്യരോടു തീവ്രമായി സംവദിക്കുകയും ആത്മീയതയെ അനുഭൂതിയാക്കുകയും ചെയ്തു. എല്ലാവരും അവരെ സ്നേഹാദരങ്ങളോടെ ‘അക്ക’യെന്നു വിളിച്ചു.

ആത്മീയശക്തിയുടെ ‘അക്ക’

എഡി 1130നും 1160നും ഇടയിൽ ശിവമൊഗ്ഗയ്ക്കടുത്ത് ഉടുതടി ഗ്രാമത്തിലാണു ജനനമെന്നു കരുതുന്നു. മാതാപിതാക്കളുടെ ശിവഭക്തി മകൾക്കു പകർന്നുകിട്ടി. ചെന്നമല്ലികാർജുനനെന്നാൽ ശിവൻതന്നെ. ആരാധനാമൂർത്തിയെ അഭിസംബോധന ചെയ്താണു മഹാദേവി വചനങ്ങൾ നെയ്തത്. ആചാരങ്ങളെയും യാഥാസ്ഥിതികത്വത്തെയും നിഷേധിച്ച് അവർ സ്വാതന്ത്ര്യത്തെ പുൽകി.

കല്യാണിൽ ചെന്ന് ബസവേശ്വരനെയും അല്ലമപ്രഭുവിനെയും കാണാൻ 800 കിലോമീറ്ററോളം നടന്നതായി പറയപ്പെടുന്നു. അവിടെ തടസ്സമായി നിന്നതു ശരണനും കവിയുമായ കിന്നരി ബൊമ്മയ്യയായിരുന്നു. അക്കയുടെ ആത്മീയശക്തി ഉറപ്പിക്കുകയായിരുന്നു ലക്ഷ്യം. ഭക്തിയിൽ സമ്പൂർണസമർപ്പിതയാണെന്നും ലൗകികതയുടെ അംശംപോലും ശേഷിച്ചിട്ടില്ലെന്നും തെളിഞ്ഞാൽ അക്കയെ അമ്മയായി സ്വീകരിക്കുമെന്നും ആ കാൽക്കൽ വീഴുമെന്നും ബൊമ്മയ്യ പറഞ്ഞു.

അർപ്പണം മാത്രമായിരുന്നു അക്ക ധരിച്ചിരുന്നത്. ശരീരം നഗ്നമായിരുന്നു. ബൊമ്മയ്യ ശരീരത്തിൽ സ്പർശിച്ചു. എല്ലാം ശിവനിൽ സമർപ്പിച്ച താൻ ആണോ പെണ്ണോ അല്ലെന്ന് അക്ക പറഞ്ഞു. ബൊമ്മയ്യയുടെ വിരലുകളിൽ വിഭൂതി പുരണ്ടു. അതു ലൗക‍ികത കത്തിച്ചാമ്പലായതിന്റെ ചാരമാണെന്ന് അക്ക പറഞ്ഞു. ബൊമ്മയ്യ മാപ്പിരന്നു കാൽക്കൽ വീണു. അല്ലമപ്രഭുവിന്റെ ചോദ്യശരങ്ങളെയും നേരിട്ട ശേഷമേ അനുഭവമണ്ഡപത്തിലേക്കു കടക്കാനായുള്ളൂ.

ഏകാന്തധ്യാനത്തിൽ

ഒരിക്കൽ ജനക്കൂട്ടത്തിൽ മഹാദേവിയെ കണ്ട കൗശിക രാജാവ് അനുരക്തനായി. വിവാഹാഭ്യർഥനയുമായി അനുചരർ എത്തിയെങ്കിലും മഹാദേവി വഴങ്ങിയില്ല. എന്നാൽ, രാജാവിനെ പിണക്കിയാൽ കുടുംബത്തിന് ആപത്തു പിണയുമോ എന്ന ഭയത്താൽ കടുത്ത നിബന്ധനകളോടെ വിവാഹത്തിനു തയാറായെന്നും കരുതപ്പെടുന്നു. നിബന്ധനകൾ തെറ്റിച്ചപ്പോൾ അക്ക കൊട്ടാരം ഉപേക്ഷിച്ചിറങ്ങി.

ആന്ധ്രപ്രദേശിലെ കുർണൂലിനടുത്തു നല്ലമലക്കുന്നുകളിലെ ഗുഹയിൽ ചെന്നമല്ലികാർജുനനെ ധ്യാനിച്ചാണ് അവസാനകാലം കഴിഞ്ഞത്. ആരും തുണയില്ലാതെ കഴിഞ്ഞ മഹാദേവിയെ തിരികെ വിളിക്കാൻ രാജാവ് അടക്കമുള്ളവർ എത്തിയിട്ടും വഴങ്ങിയില്ല.

വചനംതന്നെ ജീവിതം

സ്ത്രീവാദത്തിന്റെയും സാമൂഹിക ഉണർവിന്റെയും പ്രതീകമായി അക്ക കൊണ്ടാടപ്പെടുന്നു. കീഴ്‌വഴക്കങ്ങളെയും ആജ്ഞകളെയും കൂസാതെ സ്വന്തം ഹൃദയം പറയുന്നതു മാത്രമാണു കേട്ടത്. അക്കയുടെ വചനകവിതകൾ ഇന്നും വായിക്കപ്പെടുകയും പുതിയ തലമുറയിലെ എഴുത്തുകാരെവരെ ആഴത്തിൽ സ്വാധീനിക്കുകയും ചെയ്യുന്നു. പിറന്നു കഴിഞ്ഞാൽ പിന്നെ ആരും സ്തുതിയിലോ ന‍ിന്ദയിലോ വ്യാമുഗ്ധരാകരുതെന്ന സ്വന്തം വചനം അക്ക മഹാദേവിക്കു ജീവിതം തന്നെയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Vaakkum Velichavum
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS