ജോക്കോയുടെ സെർബിയ
Mail This Article
സെർബിയൻ സ്വദേശി നൊവാക് ജോക്കോവിച്ച് എന്ന മുപ്പത്താറുകാരൻ ഈ വർഷത്തെ യുഎസ് ഓപ്പൺ ടെന്നിസ് കിരീടം നേടി 24 ഗ്രാൻസ്‌ലാം കിരീടങ്ങളെന്ന മാർഗരറ്റ് കോർട്ടിന്റെ ലോക റെക്കോർഡിന് ഒപ്പമെത്തിയതോടെ അദ്ദേഹത്തിന്റെ ജന്മദേശമായ സെർബിയ വീണ്ടും ശ്രദ്ധാകേന്ദ്രമായി. തെക്കു കിഴക്കേ യൂറോപ്യൻ രാഷ്ട്രമാണു സെർബിയ. നൂറ്റാണ്ടുകളായി നിലവിലുണ്ടെങ്കിലും ആധുനികകാലത്ത് 2006ലാണു സെർബിയ ഒരു സ്വതന്ത്രരാഷ്ട്രമായി രൂപീകൃതമാകുന്നത്. ഇതിനു മുൻപു 1166 മുതൽ 1459 വരെയും 1878 മുതൽ 1918 വരെയാണു സെർബിയയ്ക്ക് തനതായ ഒരു അസ്തിത്വമുണ്ടായിരുന്നത്. മറ്റു കാലഘട്ടങ്ങളിലൊക്കെ വിവിധ സാമ്രാജ്യങ്ങളുടെയോ റിപ്പബ്ലിക്കുകളുടെയോ ഭാഗമായിരുന്നു സെർബിയ.
∙ പഴയ യൂഗോസ്ലാവിയ
ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം 1918 മുതൽ 1992 വരെ ബാൾക്കൻ രാജ്യങ്ങളായ ബോസ്‌നിയ, ക്രൊയേഷ്യ, നോർത്ത് മാസിഡോണിയ, മോണ്ടിനെഗ്രോ, സെർബിയ, സ്ലൊവേനിയ എന്നിവ ഒരു രാജ്യത്തിന്റെ ഭാഗമായിരുന്നു– ഔദ്യോഗികമായി സോഷ്യലിസ്റ്റ് ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവിയ എന്നറിയപ്പെട്ടിരുന്ന യൂഗോസ്ലാവിയയുടെ. 1929ലാണ് യൂഗോസ്ലാവിയ എന്ന പേര് ഔദ്യോഗികമായി നിലവിൽവരുന്നത്. ഇന്നത്തെ സെർബിയയുടെ തലസ്ഥാനമായ ബൽഗ്രേഡ് തന്നെയായിരുന്നു യൂഗോസ്ലാവിയയുടെയും തലസ്ഥാനം. രണ്ടാം ലോകമഹായുദ്ധ ശേഷം 1945ൽ മാർഷൽ ടിറ്റോ പ്രസിഡന്റായതോടെ ഇന്ത്യ, ഈജിപ്‌ത് എന്നിവയോടൊപ്പം യൂഗോസ്ലാവിയ ചേരിചേരാപ്രസ്‌ഥാനത്തിന്റെ മുൻനിരയിൽ പ്രവർത്തിച്ചു. 1980ൽ ടിറ്റോ മരിച്ചു പത്തുവർഷം കഴിഞ്ഞതോടെ യൂഗോസ്ലാവിയ തകരാൻ തുടങ്ങി. 2006ൽ ഹിതപരിശോധനയിലൂടെ മോണ്ടിനെഗ്രോ അവസാനമായി വേറിട്ടുപോയതോടെ പഴയ യൂഗോസ്ലാവിയ ഓർമയായി.
∙ കൊസവോ
സെർബിയയുടെ മേധാവിത്തത്തിൽ പ്രതിഷേധിച്ചാണു 1991 മുതൽ ഘടക റിപ്പബ്ലിക്കുകൾ ഒന്നൊന്നായി വിട്ടുപോയത്. ക്രൊയേഷ്യയും ബോസ്‌നിയയും സ്വാതന്ത്യ്രം പ്രഖ്യാപിച്ചപ്പോൾ അവർക്കെതിരേ സെർബിയ ആക്രമണം അഴിച്ചുവിട്ടു. എന്നാൽ, കൊസവോ ആകട്ടെ സെർബിയയിലെ സ്വയംഭരണാധികാരത്തോടു കൂടിയ ഒരു പ്രവിശ്യ മാത്രമായിരുന്നു. അവിടുത്തെ 90 ശതമാനം വരുന്ന അൽബേനിയൻ വംശജർ സ്വാതന്ത്യ്രം ആവശ്യപ്പെട്ടപ്പോൾ 1998ൽ കൊസവോയുടെ സ്വയംഭരണാധികാരം സെർബിയ റദ്ദാക്കി. സൈനികനടപടിയിൽ ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. ഇതിനെതിരെ 1999ൽ നാറ്റോ സെർബിയ ആക്രമിക്കുകയും ബൽഗ്രേഡും മറ്റു ചില നഗരങ്ങളും 78 ദിവസം തുടർച്ചയായി ബോംബിട്ടു തകർക്കുകയും ചെയ്‌തു. ഇതോടെ കൊസവോയിൽ നിന്നു സെർബിയയ്ക്കു സൈന്യത്തെ പിൻവലിക്കേണ്ടി വന്നു. സംഘർഷം നിറഞ്ഞ ഈ കാലഘട്ടത്തെക്കുറിച്ചാണു യുഎസ് ഓപ്പൺ സമ്മാനദാനവേദിയിൽ വച്ചു ജോക്കോവിച്ച് പരാമർശിച്ചത്. യുദ്ധകാലത്തെ അനുഭവങ്ങളും ബുദ്ധിമുട്ടുകളും തന്റെ ഇന്നത്തെ നേട്ടങ്ങൾക്കു പുറകിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണു ജോക്കോ പറഞ്ഞത്.