എഐയെ നേരിടാനുറച്ച് ബ്ലെച്‍ലി പാർക്കിലെ പ്രഖ്യാപനം
Mail This Article
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉയർത്തുന്ന ഭീഷണി നേരിടാൻ ആഗോളതല നയങ്ങളും പൊതുമാനദണ്ഡങ്ങളും രൂപീകരിക്കാൻ ലക്ഷ്യമിട്ടുള്ള പ്രത്യേക ഉച്ചകോടിക്ക് ബ്രിട്ടനിലെ ബ്ലെച്‍ലി പാർക്ക് വേദിയായി. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ അധ്യക്ഷതയിലായിരുന്നു ഉച്ചകോടി. ഇന്ത്യ, യുഎസ്, ചൈന, ജപ്പാൻ, ബ്രിട്ടൻ, ജപ്പാൻ, ഫ്രാൻസ് എന്നിവ അടക്കം 28 രാജ്യങ്ങൾ പങ്കെടുത്തു. യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസും പങ്കെടുത്ത ഉച്ചകോടിയിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഇന്ത്യയെ പ്രതിനിധീകരിച്ചു. എഐ വഴി സൃഷ്ടിക്കപ്പെടുന്ന വ്യാജ ഉള്ളടക്കത്തിന്റെ അപകടസാധ്യതകൾക്ക് ഊന്നൽ നൽകുന്നതാണ് ‘ബ്ലെച്‍ലി പാർക്ക് ഡിക്ലറേഷൻ’ എന്നറിയപ്പെടുന്ന, ഉച്ചകോടിയിലെ സംയുക്ത പ്രസ്താവന. രണ്ടാം ലോകയുദ്ധ കാലത്ത് ജർമനിയുടെ രഹസ്യസന്ദേശം ബ്രിട്ടനു വേണ്ടി ഡീകോഡ് ചെയ്യാനുള്ള സംഘം രഹസ്യമായി പ്രവർത്തിച്ചിരുന്ന കേന്ദ്രമാണ് ബ്ലെച്‍ലി പാർക്ക്.