ആണവഭീതി വിതച്ച് ഉത്തര കൊറിയ; പുതുവൽസരത്തിലും പോർവിളി
Mail This Article
പുതുവൽസര വേളയിൽ ആഗോളതലത്തിലൊരു ‘ആണവഭീതി’ വിതച്ചിരിക്കുകയാണ് ഉത്തര കൊറിയ. യോങ്ബോൺ ആണവ നിലയത്തിലെ രണ്ടാം റിയാക്ടറിൽ ഉത്തര കൊറിയ ആണവോൽപാദനം തുടങ്ങിയെന്നാണു കണ്ടെത്തൽ. ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലെ ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷനൽ ആറ്റമിക് എനർജി ഏജൻസി (ഐഎഇഎ) ആണു ചാര ഉപഗ്രഹങ്ങളിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചു യോങ്ബോണിലെ രണ്ടാം റിയാക്ടർ പ്രവർത്തനം ആരംഭിച്ചതായി കണ്ടെത്തിയത്. 2009നു ശേഷം ഐഎഇഎയുടെ നിരീക്ഷകർക്കു പ്രവേശനം അനുവദിക്കാത്ത രാജ്യമാണ് ഉത്തര കൊറിയ. ഐഎഇഎയ്ക്ക് ഉത്തര കൊറിയൻ ഉരുക്കുമറയ്ക്കകത്തു നിന്നു വിവരങ്ങൾ ലഭിക്കുന്നതു പ്രയാസകരമാണെങ്കിലും ചില സ്വതന്ത്ര നിരീക്ഷകരും ഈ കണ്ടെത്തൽ ശരിവച്ചിട്ടുള്ളത് ആശങ്കയേറ്റുന്നു. യോങ്ബോണിൽ നിന്ന് ആണവ പോർമുനകൾക്കാവശ്യമായ പ്ലൂട്ടോണിയം വൻതോതിൽ ഉത്തര കൊറിയയ്ക്കു ലഭ്യമാകും. മറ്റുചില തരം അണുബോംബു കൾക്കാവശ്യമായ സമ്പുഷ്ടീകരിച്ച യുറേനിയവും ലഭിക്കും.
∙ ബോംബുകളുടെ ശേഖരം?
നിലവിൽ പ്രവർത്തനക്ഷമമായ 5 മെഗാവാട്ട് ശേഷിയുള്ള ഒരു റിയാക്ടറിൽ നിന്നുള്ള ഇന്ധനശിഷ്ടം (പ്ലൂട്ടോണിയം) ഉപയോഗിച്ച് ഉത്തര കൊറിയ അണുബോംബുകൾ നിർമിക്കുന്നുണ്ടെന്നാണു രാജ്യാന്തര നിരീക്ഷകർ വിശ്വസിക്കുന്നത്. 31 മുതൽ 96 വരെ എണ്ണം പല വിഭാഗങ്ങളിലുള്ള അണുബോംബുകൾ കൈവശമുണ്ടെന്നും കരുതുന്നു. ഈ അണുബോംബ് ശേഖരം വർധിപ്പിക്കാൻ പുതിയ റിയാക്ടർ അവരെ കൂടുതൽ സഹായിക്കും. ഒരു വർഷം 20 കിലോഗ്രാം പ്ലൂട്ടോണിയം പുതിയ റിയാക്ടറിൽ നിന്നു ലഭിക്കും. ഇതു നിലവിലെ ചെറിയ റിയാക്ടറിൽ നിന്നു ലഭിക്കുന്നതിന്റെ അഞ്ച് ഇരട്ടിയോളമാണ്. അമേരിക്കയിലെ മുഴുവൻ പ്രദേശങ്ങളിലുമെത്തുന്ന ദൂരപരിധിയുള്ള ആണവപോർമുന വഹിക്കാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (intercontinental ballistic missile - ICBM) കൂടി പരീക്ഷിച്ചതോടെ ആഗോള സുരക്ഷാഭീഷണി പതിന്മട ങ്ങാകുകയാണ്. തലസ്ഥാനനഗരമായ പ്യോങ്യാങ്ങിൽ നിന്നു വിക്ഷേപിച്ച മിസൈൽ (ഹാസോങ്–18) 15,000 കിലോമീറ്റർ സഞ്ചരിച്ചതായി ജപ്പാൻ സ്ഥിരീകരിച്ചിരുന്നു. ബാലിസ്റ്റിക് മിസൈലുകളിൽ ഉപയോഗിക്കാവുന്ന തരത്തിലുള്ള ചെറു ആണവപോർമുനകൾ നിർമിക്കുന്നതിനുള്ള വൈദഗ്ധ്യം നേടുന്നതിനായി ഉത്തര കൊറിയ അടുത്ത ആണവപരീക്ഷണം ഉടൻ നടത്തിയേക്കുമെന്ന സൂചനയുണ്ട്. റഷ്യയുമായും ചൈനയുമായും ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ അടുത്തബന്ധം സൂക്ഷിക്കുന്നതും പാശ്ചാത്യചേരിയെ വിഷമവൃത്തത്തിലാക്കുന്നു.
∙ പരീക്ഷണങ്ങളുടെ പരീക്ഷണം
ആണവ പരീക്ഷണ നിരോധന ഉടമ്പടിയിൽ 1985ൽ ഉത്തര കൊറിയയും ഒപ്പുവച്ചിരു ന്നെങ്കിലും അമേരിക്കയിൽ നിന്നുള്ള ഭീഷണി ചൂണ്ടിക്കാട്ടി 2003ൽ രാജ്യം അതു റദ്ദാക്കി. ആറ് ഭൂഗർഭ ആണവപരീക്ഷണങ്ങളാണ് ഉത്തര കൊറിയ ഇതുവരെ നടത്തിയിട്ടുള്ളത്. 2006ലായിരുന്നു ആദ്യ പരീക്ഷണം. 2017ലായിരുന്നു അവസാനത്തെ പരീക്ഷണം. ആ പരീക്ഷണപ്രദേശത്ത് ചില പ്രവർത്തനങ്ങൾ സമീപകാലത്ത് ചാര ഉപഗ്രഹങ്ങൾ കണ്ടെത്തിയിരുന്നു. 2022നു ശേഷം മാത്രം 80 ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങളാണ് ഉത്തര കൊറിയ നടത്തിയത്.