ലക്ഷ്യമണഞ്ഞ് ആദിത്യ, ത്രിവർണപ്രഭയിൽ സൂര്യകാന്തി
Mail This Article
ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ1 ജനുവരി 6നു ലക്ഷ്യ സ്ഥാനത്തെത്തി. ഐഎസ്ആർഒയുടെ ആദിത്യ എൽ1 പേടകം ഭൂമിയിൽനിന്നു 15 ലക്ഷം കിലോമീറ്റർ അകലെ, സാങ്കൽപികമായ ഒന്നാം ലഗ്രാഞ്ച് ബിന്ദുവിനു ചുറ്റും ഹെയ്‌ലോ ഭ്രമണപഥത്തിലേക്ക് ജനുവരി 6 നു വൈകിട്ടു 4 മണിയോടെയാണു പ്രവേശിച്ചത്. ദൗത്യം ലക്ഷ്യസ്ഥാനത്തെത്തിയ വിവരം സമൂഹമാധ്യമമായ ‘എക്സി’ലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു പുറത്തുവിട്ടത്. ‘ഇന്ത്യ മറ്റൊരു നാഴികക്കല്ലു കൂടി സൃഷ്ടിച്ചിരിക്കുന്നു. ഇന്ത്യയുടെ ആദ്യ സൂര്യ നിരീക്ഷണ പേടകം ആദിത്യ–എൽ1 അതിന്റെ ലക്ഷ്യത്തിലെത്തി’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ സന്ദേശം. 5 വർഷം ആദിത്യ ഈ കേന്ദ്രത്തിൽ നിന്ന് സൂര്യനെ നിരീക്ഷിച്ചു പഠനം നടത്തും. എൽ1 ബിന്ദുവിൽ നിന്ന് മറ്റു ഗ്രഹങ്ങളുടെ നിഴലോ ഗ്രഹണമോ ബാധിക്കാതെ തുടർച്ചയായി സൂര്യനെ നിരീക്ഷിക്കാൻ കഴിയും. പേടകത്തിൽ 7 പഠനോപകരണങ്ങൾ (പേലോഡ്) ആണ് ഇസ്റോ വിക്ഷേപിച്ചിട്ടുള്ളത്.