ശബ്ദവേഗത്തെ തോൽപിക്കാൻ വീണ്ടും സൂപ്പർസോണിക്
Mail This Article
ആകാശയാത്രയിൽ വേഗത്തിന്റെ വിപ്ലവം സൃഷ്ടിച്ച സൂപ്പർസോണിക് വിമാനങ്ങൾ വീണ്ടും വ്യോമഗതാഗതത്തിന്റെ ഭാഗമാകാൻ സാധ്യത. ശബ്ദമലിനീകരണം തീരെ കുറഞ്ഞ സൂപ്പർസോണിക് വിമാനം നിർമിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ (നാഷനൽ ആസ്ട്രനോട്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ) ശബ്ദത്തേക്കാളേറെയുള്ള സ്വപ്നവേഗം തിരിച്ചുകൊണ്ടുവരാൻ ഒരുങ്ങുകയാണ്. അമേരിക്കൻ പ്രതിരോധ നിർമാണ കമ്പനിയായ ലോക്ഹീഡ് മാർട്ടിനുമായി ചേർന്നാണ് ‘എക്സ്–59’ എന്നു പേരിട്ട ശബ്ദം കുറഞ്ഞ സൂപ്പർസോണിക് വിമാനം നാസ നിർമിച്ചത്.
സ്ഫോടനശബ്ദമില്ല, ചെറുമർമരം മാത്രം
മണിക്കൂറിൽ 1480 കിലോമീറ്ററാണ് ‘എക്സ്–59’ന്റെ വേഗം. ശബ്ദത്തിന്റെ 1.4 മടങ്ങ്. 30 മീറ്റർ നീളവും 9 മീറ്റർ വീതിയുമുണ്ട്, ഈ വിമാനത്തിന്. ആകെ നീളത്തിന്റെ മൂന്നിലൊന്നും മുൻഭാഗത്തെ നീണ്ടു മെലിഞ്ഞ സൂചിപോലുള്ള ഭാഗമാണ്. ഈ ഡിസൈനിന്റെ പ്രത്യേകത കാരണം കോക്പിറ്റ് ഏകദേശം മധ്യഭാഗത്താണ്. കോക്പിറ്റിനു മുന്നിൽ പുറത്തെ കാഴ്ചകൾ കാണാൻ പൈലറ്റിനെ സഹായിക്കുന്ന ഗ്ലാസ് വിൻഡോയ്ക്കു പകരം വലിയ 4കെ മോണിറ്ററാണുള്ളത്. ‘സോണിക് ബൂം’ എന്നറിയപ്പെടുന്ന, വലിയ സ്ഫോടനം പോലത്തെ സൂപ്പർസോണിക് വിമാനങ്ങളുടെ ശബ്ദം ചെറു മർമരംപോലെയേ ‘എക്സ്–59’ൽ കേൾക്കൂ.
ശബ്ദം കുറഞ്ഞ സൂപ്പർസോണിക് വിമാനം നിർമിക്കുകയെന്ന ലക്ഷ്യത്തോടെ 2018ലാണു നാസ ‘ക്വസ്റ്റ്’ എന്ന പദ്ധതിക്കു തുടക്കം കുറിച്ചത്. പുതിയ വിമാനം സർവീസ് ആരംഭിച്ചാൽ ന്യൂയോർക്കിൽനിന്നു ലൊസാഞ്ചലസിൽ എത്താനുള്ള സമയം പകുതിയാകും. ഈ വർഷംതന്നെ പരീക്ഷണപ്പറക്കലുകൾ നടത്താനുള്ള ഒരുക്കത്തിലാണു നാസ.
ചരിത്രം മാറ്റിമറിച്ച ‘കോൺകോഡ്’
1976 മുതൽ 2003 വരെ സർവീസ് നടത്തിയ ബ്രിട്ടിഷ്–ഫ്രഞ്ച് സൂപ്പർസോണിക് വിമാനം ‘കോൺകോഡ്’ ആണ് വിമാനയാത്ര മാറ്റിമറിച്ച ഇതിഹാസ സൂപ്പർസോണിക് വിമാനം. 128 യാത്രക്കാരെവരെ വഹിക്കാൻ ശേഷിയുണ്ടായിരുന്ന കോൺകോഡ് ലണ്ടനിൽനിന്നു ന്യൂയോർക്കിലേക്ക് 3 മണിക്കൂറിൽ പറന്നെത്തുമായിരുന്നു. മണിക്കൂറിൽ 2179 കിലോമീറ്ററായിരുന്നു (ശബ്ദത്തിന്റെ ഇരട്ടി) വേഗം.
സാധാരണ എയർബസ് വിമാനത്തിന് ഈ ദൂരം പിന്നിടാൻ വേണ്ട സമയം ഏഴര മണിക്കൂറായിരുന്നു. വേഗം 945 കിലോമീറ്ററും. കടുത്ത ശബ്ദമലിനീകരണവും നിർമാണത്തിലെയും തുടർന്നുള്ള നടത്തിപ്പിലെയും താങ്ങാനാവാത്ത വലിയ ചെലവുകളും പതിയെ കോൺകോഡ് വിമാനങ്ങളുടെ ജനപ്രീതി ഇടിക്കുകയായിരുന്നു.