ADVERTISEMENT

ജൂലൈയിൽ നടക്കുന്ന സിവിൽ പൊലീസ് ഓഫിസർ പരീക്ഷയ്ക്കു തയാറെടുക്കാൻ പ്രശസ്ത പരിശീലകൻ പ്രദീപ് മുഖത്തലയുടെ നിർദേശങ്ങൾ

ഇത്തവണ സിവിൽ പൊലീസ് ഓഫിസർ തസ്തികയിലേക്കു പ്രാഥമിക–മെയിൻ പരീക്ഷകൾ ഇല്ല. മുൻകാലങ്ങളിലെപ്പോലെ ഒറ്റ പരീക്ഷ മാത്രം. ഈ കടമ്പ കടക്കാൻ, വരുന്ന രണ്ടു മാസം എങ്ങനെ ഉപയോഗപ്പെടുത്താമെന്നാണു നമ്മൾ ചർച്ച ചെയ്യുന്നത്.

സമയക്രമം

രണ്ടു മാസംകൊണ്ട് എനിക്കിതു നേടാനാകുമോ എന്ന ആധിയിൽ പഠിക്കരുത്. നേടിയെടുക്കുമെന്ന ഉത്തമവിശ്വാസമാണ് ആദ്യമുണ്ടാകേണ്ടത്.

പരീക്ഷയെക്കുറിച്ചു വ്യക്തമായ ധാരണ വേണമെന്നു പ്രത്യേകം പറയേണ്ട കാര്യമില്ല. സിലബസിൽ എന്തൊക്കെയെന്നും കൂടുതൽ പ്രാധാന്യം എന്തിനു കൊടുക്കണമെന്നും പഠനമേശയ്ക്കു മുകളിൽ ആദ്യമേ എഴുതിവയ്ക്കുക.

കുറഞ്ഞ സമയത്തിനകം പഠിക്കുമ്പോൾ, ഓരോ ദിവസവും പഠിക്കാൻ സമയക്രമം ഉണ്ടാക്കേണ്ടത് അനിവാര്യമാണ്. ഒരു ദിവസം കുറഞ്ഞതു നാലു വിഷയങ്ങളെങ്കിലും നോക്കിപ്പോയാലേ ഇനിയുള്ള സമയത്തിനകം പഠനം പൂർത്തിയാക്കാൻ കഴിയൂ. ഒപ്പം, എല്ലാ ദിവസവും ഇംഗ്ലിഷ്, ഗണിതം, മലയാളം, ആനുകാലികം എന്നിവ പരിശീലിക്കുകയും വേണം.

 

പാഠപുസ്തകങ്ങൾ

അഞ്ചു മുതൽ പ്ലസ് ടു വരെയുള്ള സ്കൂൾ പാഠപുസ്തകങ്ങളിൽ സിലബസിലുള്ള വിഷയങ്ങൾ നോക്കി പഠനം ഊർജിതമാക്കുക. അടുത്തിടെയായി പിഎസ്‍സിയുടെ എല്ലാ പരീക്ഷയിലും പാഠപുസ്തകങ്ങളുടെ സ്വാധീനം വളരെ വലുതാണ്. കൂടുതൽ തെറ്റാനിടയുള്ള, സയൻസ് സ്റ്റേറ്റ്മെന്റ് ചോദ്യങ്ങൾ കൂടുതലും 8, 9, 10 ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽനിന്നാണു വരുന്നത്.

പ്ലസ് വൺ, പ്ലസ് ടു പാഠങ്ങളിലെ ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം, ഭരണഘടന ഭാഗങ്ങളും പ്രത്യേകം ശ്രദ്ധിക്കുക. മൗലികാവകാശങ്ങൾ, നിർദേശകതത്വങ്ങൾ, മൗലിക കടമകൾ, ലിസ്റ്റുകൾ, പഞ്ചായത്ത് രാജ്, ഭരണഘടനാ നിർമാണസഭ തുടങ്ങിയവയിലെ അടിസ്ഥാനഭാഗങ്ങൾപോലും പ്രധാനം.

ബാങ്കുകൾ, സുസ്ഥിരവികസനം, സാമ്പത്തികപരിഷ്കാരങ്ങൾ, പഞ്ചത്സരപദ്ധതികൾ, നികുതികൾ, നിതി ആയോഗ്, ആസൂത്രണ കമ്മിഷൻ, ഹരിതവിപ്ലവം, കാർഷികവിളകൾ തുടങ്ങിയവ പ്ലസ് വൺ, പ്ലസ് ടു പാഠങ്ങളിലെ സാമ്പത്തികശാസ്ത്ര ഭാഗങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

സമുദ്രങ്ങൾ, അന്തരീക്ഷപാളികൾ, ശിലകൾ, മേഘങ്ങൾ, കാറ്റുകൾ തുടങ്ങിയവ ലോക ഭൂമിശാസ്ത്രത്തിലും ചുരങ്ങൾ, ഹിമാലയം, ഉപദ്വീപീയ പീഠഭൂമി, പശ്ചിമഘട്ടം, പൂർവഘട്ടം, നദികൾ, കായലുകൾ, ധാതുക്കൾ, ഗതാഗതമേഖല, ബഹിരാകാശമേഖല, വൈദ്യുത പദ്ധതികൾ എന്നിവ ഇന്ത്യൻ ഭൂമിശാസ്ത്രത്തിലും പ്രാധാന്യമുള്ളവയാണ്. കേരള ഭൂമിശാസ്ത്രവും വിട്ടുകളയരുത്.

ലോകചരിത്രത്തിൽ, മഹത്തായ വിപ്ലവം മുതൽ രണ്ടാം ലോകമഹായുദ്ധംവരെയും ഐക്യരാഷ്ട്ര സംഘടന, അനുബന്ധ ഏജൻസികൾ എന്നിവയും വിട്ടുപോകരുത്. ഇന്ത്യാചരിത്രത്തിൽ 1857ലെ വിപ്ലവം, ഇന്ത്യൻ നാഷനൽ കോൺഗ്രസ്, സ്വാതന്ത്ര്യസമരചരിത്രം, നവോത്ഥാനനായകർ, അവരുടെ സംഘടനകൾ, കൃതികൾ, പത്രങ്ങൾ, വിശേഷണങ്ങൾ, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പ്രത്യേകതകൾ, വിദേശനയം, യുദ്ധങ്ങൾ എന്നിവയും കേരളചരിത്രത്തിൽ ആധുനിക തിരുവിതാംകൂറിന്റെ ചരിത്രം, കേരളത്തിലെ പ്രക്ഷോഭങ്ങൾ, കേരള നവോത്ഥാനായകർ എന്നിവയും നല്ല രീതിയിൽ പഠിച്ചെന്ന് ഉറപ്പുവരുത്തുക.

 

ആനുകാലികം

2022ലെയും 2023 മേയ് പകുതി വരെയുമുള്ള ആനുകാലിക വിഷയങ്ങൾ നന്നായി പഠിക്കുക. 2021ലെ അവാർഡുകളും പ്രധാന സംഭവങ്ങളുടെ വേദികളുംകൂടി പഠിച്ചുവയ്ക്കുക.

2022ലെ സ്പോർട്സ് മീറ്റുകൾ, കോമൺവെൽത്ത് ഗെയിംസ്, ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്, ഒളിംപിക്സ്, വനിതാ ഐസിസി ലോകകപ്പ്, തോമസ് കപ്പ്, സന്തോഷ് ട്രോഫി എന്നിവ ആനുകാലികത്തിൽ ആഴത്തിൽ ശ്രദ്ധിക്കേണ്ടവയാണ്.

ശ്രദ്ധിക്കേണ്ട മറ്റു മേഖലകൾ: ഐഎസ്ആർഒ ദൗത്യങ്ങൾ; ശ്രീലങ്കയിലെയും പാക്കിസ്ഥാനിലെയും ബ്രിട്ടനിലെയും യുഎസിലെയും അധികാരക്കൈമാറ്റങ്ങൾ; നൊബേൽ, ഓസ്കർ, പത്മ, ഖേൽ രത്ന, അർജുന, ദ്രോണാചാര്യ, പുലിറ്റ്സർ പുരസ്കാരങ്ങൾ, ദേശീയ, സംസ്ഥാന സിനിമാ അവാർഡുകൾ, മലയാളത്തിലെ പ്രധാന സാഹിത്യ അവാർഡുകൾ; ഭരണഘടനാ സ്ഥാപനത്തലവൻമാർ, സംസ്ഥാന മന്ത്രിമാർ.

 

ഗണിതം, ഇംഗ്ലിഷ്

ജ്യാമിതീയ രൂപങ്ങൾ, പ്രോഗ്രഷൻ, പലിശ, കൃത്യങ്കങ്ങൾ എന്നിവ ഗണിതത്തിൽ നല്ല രീതിയിൽ ചെയ്തുപഠിക്കുക. മെന്റൽ എബിലിറ്റി ചോദ്യങ്ങൾ ദിവസം 20 എണ്ണമെങ്കിലും പരിശീലിക്കണം.

If clause, passive voice, reported speech, question tag, article, as well as, too... to, neither... nor, no sooner, so that... idioms, foreign words എന്നിവയൊക്കെ ഇംഗ്ലിഷിൽ പ്രധാനപ്പെട്ട വിഭാഗങ്ങളാണ്. ഇംഗ്ലിഷിൽ മാത്രം രണ്ടായിരത്തോളം പ്രിവിയസ് ചോദ്യങ്ങളെങ്കിലും നോക്കാൻ സമയം കണ്ടെത്തണം. വൊക്കാബുലറിക്കാണ് ഇപ്പോൾ ഇംഗ്ലിഷിൽ പ്രാധാന്യം കൂടുതൽ കാണാറുള്ളത്.

 

മറ്റു വിഷയങ്ങൾ

കംപ്യൂട്ടർ, ഐടി ആക്ട് ഭേദഗതി, സൈബർ നിയമങ്ങൾ, സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ തുടങ്ങിയവ ആ മേഖലയിൽനിന്നു പ്രതീക്ഷിക്കാം.

കല, സാഹിത്യം, കായികം എന്നിവയിൽ പ്രധാനമായി കേരളത്തിലെ ചോദ്യങ്ങളാണു കണ്ടുവരുന്നത്. സാഹിത്യകാരൻമാർ, വിശേഷണങ്ങൾ, ആത്മകഥകൾ, കൃതികൾ, കഥാപാത്രങ്ങൾ, തൂലികാനാമങ്ങൾ, പ്രശസ്ത വരികൾ, ചിത്രകാരൻാർ, കേരളത്തിലെ കലകൾ, സാംസ്കാരിക സ്ഥാപനങ്ങൾ, കേരള കായികരംഗം എന്നിവയൊക്കെ പിന്തുടരുക.

പിരിച്ചെഴുതുക, എതിർലിംഗം, ഒറ്റപ്പദം, ശൈലികൾ, വിപരീതപദം, അർഥം, തർജമ എന്നിവ മലയാളത്തിലും പ്രധാനപ്പെട്ടവയാണ്. ഇവിടെ മുൻകാല ചോദ്യങ്ങളുടെ ആവർത്തനം കൂടുതലാണ്.

 

സ്പെഷൽ ടോപ്പിക്

സ്പെഷൽ ടോപ്പിക്കിന് 20 മാർക്കുണ്ടെന്ന് ഓർമയുണ്ടല്ലോ. പൊലീസുമായി ബന്ധപ്പെട്ട സെക്‌ഷനുകളും മറ്റും ഓർത്തുവയ്ക്കാൻ പ്രയാസമുണ്ടാകും. അതിന്, അതതു സെക്‌ഷനുകളുമായി ബന്ധപ്പെട്ട ഏതെങ്കിലും സംഭവങ്ങളെ കോർത്തിണക്കുക. സ്പെഷൽ ടോപ്പിക് റിവിഷൻ ഇടയ്ക്കിടെ നടത്തണം. ഓരോ ടോപ്പിക്കുമായി ബന്ധപ്പെട്ട് ചെറിയ നോട്ട് ഉണ്ടാക്കിത്തന്നെ പഠിച്ചുപോവുക.

 

മാതൃകാപരീക്ഷ

പഠനം സജീവമാക്കുമ്പോഴും, വിജയിക്കുമോയെന്ന നെഗറ്റീവ് ചിന്ത പലരുടെയും പ്രശ്നമാണ്. ആത്മവിശ്വാസം നേടാൻ ഏറ്റവും നല്ലത് ഒഎംആർ മാതൃകാപരീക്ഷകൾ പരമാവധി എഴുതി ശീലിക്കുകയാണ്. ആഴ്ചയിൽ രണ്ടെണ്ണമെങ്കിലും എഴുതണം. ഒട്ടും അറിയാത്ത ചോദ്യങ്ങളുടെ ഉത്തരം കറക്കിക്കുത്തുന്ന ശീലം ഒഴിവാക്കുക.

 

മുൻകാല ചോദ്യങ്ങൾ

മുൻകാല ചോദ്യ പേപ്പറുകൾ ശേഖരിച്ചും പഠനം സജീവമാക്കുക. 10 വർഷത്തെയെങ്കിലും ചോദ്യ പേപ്പറുകൾ വായിച്ച് കണക്ടിങ് ഫാക്ട്സ് പഠിച്ചെടുക്കുക. 2021, 22, 23 വർഷങ്ങളിലെ പിഎസ്‌സിയുടെ 10th, 12th, ഡിഗ്രി ലെവൽ പരീക്ഷകളുടെ പ്രിലിംസ്, മെയിൻസ് ചോദ്യ പേപ്പർ എന്തായാലും പിന്തുടരണം. സ്റ്റേറ്റ്മെന്റ് ചോദ്യങ്ങളുടെ വഴി പഠിക്കാനും എവിടെ തെറ്റുമെന്നു മനസ്സിലാക്കാനും ഇത് ഉപകരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com