ADVERTISEMENT

പരാജയം ചിലപ്പോൾ ഒരുപാട് ഉണ്ടായേക്കാം. അതിനെയെല്ലാം മറികടന്നു പരിശ്രമിച്ചുകൊണ്ടേയിരുന്നാൽ ഒടുവിൽ വിജയം ഉറപ്പാണ് ’– മോട്ടിവേഷനൽ ക്വോട്ട് എന്നു തോന്നിക്കുന്ന ഈ വാക്കുകൾ ‘സ്വന്തം അനുഭവമാണേ’ എന്നാണ് എം.ജി.ലക്ഷ്മിക്കു പറയാനുള്ളത്. പിഎസ്‌സി പരീക്ഷകളുടെ തലസ്ഥാനമായ തിരുവനന്തപുരത്തുനിന്നു തയാറെടുത്ത് ഒട്ടേറെ പരീക്ഷകളെഴുതി ലിസ്റ്റിൽ ഇടംനേടാനാവാതെപോയ ലക്ഷ്മി ഒടുവിൽ വിജയം നേടിയത് രാജ്യതലസ്ഥാനമായ ഡൽഹിയിലിരുന്നു നടത്തിയ തയാറെടുപ്പിലാണ്. കുഞ്ഞിന്റെ ഉത്തരവാദിത്തങ്ങൾക്കിടയിൽ കോച്ചിങ് ക്ലാസിലൊന്നും പോകാതെ ഒറ്റയ്ക്കു പഠിച്ചാണ് മുൻ എൽഡിസി പരീക്ഷയിൽ ലക്ഷ്മി പാലക്കാട് ജില്ലയിലെ ഒന്നാം റാങ്കിന്റെ ഉടമയായയത്.

പിഎസ്‌സി തയാറെടുപ്പിലെ വീഴ്ചകൾ പരിഹരിച്ചു നടത്തിയ പരിശ്രമമാണു ലക്ഷ്മിയുടെ വിജയത്തിൽ റാങ്കിനേക്കാൾ തിളങ്ങുന്നത്. പട്ടാമ്പി വല്ലപ്പുഴ പഞ്ചായത്ത് ഓഫിസിൽ ക്ലാർക്കായ തിരുവനന്തപുരം പീരപ്പൻകോട് സ്വദേശി എം.ജി.ലക്ഷ്മിയുടെ ‘എൽഡിസി വിജയരഹസ്യം’ അറിയാം.

Turning Point

റെയിൽവേയിൽ ജോലി ചെയ്യുന്ന ചേട്ടന്റെ പ്രേരണയിലാണു പിഎസ്‌സി ഒരു ലക്ഷ്യമായി തിരഞ്ഞെടുത്തത്. ചേട്ടനും ഭാര്യയും ഒട്ടേറെ പിഎസ്‌സി ലിസ്റ്റുകളിൽ വളരെ നല്ല റാങ്കുകളോടെ ഇടംനേടിയവരാണ്. അവർ പകർന്ന പ്രചോദനവും വ്യോമസേനാ ഉദ്യോഗസ്ഥനായ ഭർത്താവിന്റെ പിന്തുണയുമാണ്, ഭൗതികശാസ്ത്രത്തിൽ പിജി ബിരുദധാരിയായ ലക്ഷ്മിയെ പിഎസ്‌സി തയാറെടുപ്പിന്റെ വഴിയിലേക്കു തിരിച്ചുവിട്ടത്.

My Strategy

ഡൽഹിയിൽ ഭർത്താവിനൊപ്പം നിൽക്കുന്ന വേളയിലാണ് എൽഡിസി പരീക്ഷയ്ക്കു തയാറെടുത്തത്. കോച്ചിങ് ക്ലാസിൽ പോയിരുന്നില്ല. ടെലഗ്രാം ഉൾപ്പെടെ ഓൺലൈൻ മാധ്യമങ്ങളെ ആശ്രയിച്ചിരുന്നു.

ചെറിയ മാർക്കിന്റെ വ്യത്യാസത്തിൽ പല പിഎസ്‌സി ലിസ്റ്റുകളിലും ഇടംനേടാനായില്ല. സിവിൽ പൊലീസ് ഓഫിസർ പരീക്ഷ ജയിച്ചെങ്കിലും ഫിസിക്കലിനു ഹാജരായില്ല. എൽഡിസി അപേക്ഷാസമയത്തു പരീക്ഷയും സിലബസും സംബന്ധിച്ചു വ്യക്തത വന്നിരുന്നില്ല. സാധാരണ നിലയ്ക്കുള്ളൊരു പഠനമായിരുന്നു ആദ്യം. സിലബസ് അറിഞ്ഞതോടെയാണു പഠനം ടോപ് ഗിയറിലായത്.

കൂട്ടുകാരിക്കൊപ്പം കൃത്യമായൊരു സ്റ്റഡി ടൈം ടേബിൾ തയാറാക്കി. ഏറ്റവും കൂടുതൽ മാർക്കിനുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാവുന്ന വിഷയങ്ങൾ കണ്ടെത്തി പഠനത്തിൽ മുൻഗണന നൽകി. ഏറ്റവും കൂടുതൽ മാർക്ക് നേടാനാവുന്ന കറന്റ് അഫയേഴ്സ്, ഗണിതം, മലയാളം, ഇംഗ്ലിഷ് എന്നീ വിഷയങ്ങളിലെ ‘സ്കോറിങ്’ ലിസ്റ്റിൽ ഇടംനേടാൻ അനിവാര്യമാണെന്നു മനസ്സിലാക്കിയാണു തയാറെടുത്തത്. ഈ വിഷയങ്ങൾ ദിവസേന പഠിക്കാൻ സമയം മാറ്റിവച്ചു.

"നിങ്ങളുടെ പങ്കില്ലാതെ നിങ്ങൾക്കു വിജയിക്കാനാവില്ല. നിങ്ങളുടെ പങ്കോടുകൂടി നിങ്ങൾക്കു തോൽക്കാനുമാവില്ല" -എ.പി.ജെ.അബ്‌ദുൽ കലാം

 

Key to Success

അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള എസ്‌സിഇആർടി പാഠപുസ്തകങ്ങൾ ആഴത്തിൽ പഠിച്ചതാണു റാങ്ക് നേട്ടത്തിൽ നിർണായകമായത്. സ്കൂൾ പാഠപുസ്തകങ്ങളിലെ ചോദ്യങ്ങളുടെ ‘ക്യാപ്സ്യൂൾ’ രൂപത്തിലുള്ള ടെക്സ്റ്റുകളാണു പലരും പിന്തുടരുന്നത്. എളുപ്പത്തിൽ പഠിക്കാനാവുന്ന ഈ രീതി ഒഴിവാക്കി ആഴത്തിലും സമഗ്രവുമായ പഠനം വേണമെന്ന ഓൺലൈൻ ക്ലാസിലെ അധ്യാപകന്റെ നിർദേശമനുസരിച്ച് യഥാർഥ പാഠപുസ്തകങ്ങൾ സംഘടിപ്പിച്ചാണു പഠിച്ചത്.

യുപി, ഹൈസ്കൂൾ തലങ്ങളിലെ ജ്യോഗ്രഫി, ഹിസ്റ്ററി, ഫിസിക്സ്, ബയോളജി, കെമിസ്ട്രി പുസ്തകങ്ങളിലെ ഓരോ അധ്യായവും നന്നായി പഠിച്ചു. പ്രധാന പോയിന്റുകൾ കുറിച്ചെടുത്തു റിവിഷൻ നടത്താനും ഉപയോഗിച്ചു. ‘ഒരു മണിക്കൂറിനുള്ളിൽ ചെയ്തു തീർക്കുക’ എന്ന ലക്ഷ്യംവച്ച് ദിവസവും 100 മാർക്കിന്റെ മാതൃകാപരീക്ഷ സോൾവ് ചെയ്തതും ഗുണം ചെയ്തു.

Get Ready

വെറും 6 മാസത്തെ പഠനംകൊണ്ടു പിഎസ്‌സി ജോലി നേടാമെന്നു പലരും പറയുന്നതു കേട്ടിട്ടുണ്ട്. പക്ഷേ, അതത്ര അനായാസമല്ല എന്നാണു സ്വന്തം അനുഭവം. പിഎസ്‌സി പരീക്ഷയെഴുതിത്തുടങ്ങി 6 വർഷത്തിനു ശേഷമാണ് ആദ്യ ജോലി ലഭിച്ചത്. സ്കൂൾ, കോളജ് പഠനത്തിലൂടെ കുറച്ചൊക്കെ അറിയാം, ബാക്കി കുറച്ചു കൂടി പഠിച്ചാൽ വിജയിക്കാം എന്ന തെറ്റായ ധാരണയാണ് ആദ്യകാലത്തു മനസ്സിലുണ്ടായിരുന്നത്. പല പരീക്ഷകൾ ആ രീതിയിൽ പോയി ലിസ്റ്റിൽ ഇടംനേടാനാവാതെ പോയപ്പോഴാണ് ഈ പഠനം പോരായെന്നു തിരിച്ചറിഞ്ഞത്.

എൽഡിസിക്ക് ആ തെറ്റ് ആവർത്തിക്കാതെ ശ്രമിച്ചു. അതിന്റെ ഫലമായി ആദ്യമായി ഒരു റാങ്ക് ലിസ്റ്റിൽ ഇടംനേടി. സിലബസ് നന്നായി മനസ്സിലാക്കി പഠനത്തിൽ ശ്രദ്ധിക്കുക. പഠിക്കുന്ന വിഷയങ്ങൾ ആഴത്തിൽത്തന്നെ പഠിച്ചു പോകുക. പിഎസ്‌സിയുടെ സമീപകാല ചോദ്യരീതികൾ ശ്രദ്ധിക്കുക.

Success Mantra

കൃത്യമായ ആസൂത്രണത്തോടെയുള്ള പഠനം വഴി മാത്രമേ വിജയം നേടാനാകൂ. സിലബസ് പൂർണമായി പഠിച്ചതുകൊണ്ടുമാത്രം പരീക്ഷാഹാളിൽ തിളങ്ങാനാവില്ല. മാതൃകാപരീക്ഷകൾ എഴുതിയെഴുതി പരിശീലിച്ചാലേ ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാനാകൂ. എത്രത്തോളം മോക് ടെസ്റ്റുകൾ പരിശീലിക്കുന്നുവോ അത്രത്തോളം ‘ഫ്രീ മൈൻഡ്’ ആയി പരീക്ഷാ ഹാളിലെ പരീക്ഷണം നേരിടാൻ സാധിക്കും.

പിഎസ്‌സി പഠനത്തിന്റെ കാര്യത്തിൽ മുൻവിധികൾ പാടില്ല. പ്ലസ് ടുവിനും ഡിഗ്രിക്കും സയൻസ് പഠിച്ചവർ പിഎസ്‌സിയിലെ ഗണിതം അത്ര പ്രശ്നമാവില്ലെന്ന കണക്കുകൂട്ടലിൽ പരീക്ഷയെഴുതാൻ തയാറെടുക്കുന്നതു കാണാറുണ്ട്. പരീക്ഷാഹാളിൽ പക്ഷേ, അവർക്കു തിരിച്ചടിയാകും നേരിടേണ്ടിവരുക. ഗണിതവും ഇംഗ്ലിഷുമൊക്കെ എത്ര അറിവുണ്ടായാലും ദിവസേന പഠനത്തിന്റെ ഭാഗമാക്കി ‘ഫൈൻ ട്യൂൺ’ ചെയ്താലേ പരീക്ഷാഹാളിൽ ഗുണം ചെയ്യൂ.

English Summary:

LDC Rank holder Interview Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com