ADVERTISEMENT

അഗ്നിപഥ് പദ്ധതി വഴി കരസേനയിൽ അഗ്നിവീർ ആകാൻ ഇപ്പോൾ അവസരം.

അഗ്‌നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മാൻ (10-ാം ക്ലാസ്, എട്ടാം ക്ലാസ് പാസ്), അഗ്നിവീർ ഓഫിസ് അസിസ്റ്റന്റ്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ എന്നീ വിഭാഗങ്ങളിലേക്കാണു തിരഞ്ഞെടുപ്പ്. ഓൺലൈൻ റജിസ്‌ട്രേഷൻ മാർച്ച് 21 വരെ.

അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. നാലു വർഷത്തേക്കാണു നിയമനം. കഴിഞ്ഞ വർഷം രണ്ടു ഘട്ടങ്ങളിലായി 40,000 പേർക്ക് കരസേനയിൽ അഗ്നിവീർ ആയി അവസരം ലഭിച്ചിരുന്നു.

ഓൺലൈൻ പൊതു എഴുത്തുപരീക്ഷ (സിഇഇ) ഏപ്രിൽ 22 മുതൽ. തുടർന്നു കായികക്ഷമതാപരീക്ഷയും വൈദ്യപരിശോധനയും നടത്തും. അപേക്ഷകർ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് പ്രൊഫൈൽ ഉണ്ടാക്കണം. കേരളത്തിൽ തിരുവനന്തപുരം, കോഴിക്കോട് ആർമി റിക്രൂട്മെന്റ് ഓഫിസുകൾക്കു കീഴിലാണു തിരഞ്ഞെടുപ്പ്. തീയതികളും വേദിയും പിന്നീടു പ്രഖ്യാപിക്കും.

തസ്തികയും യോഗ്യതയും:

∙അഗ്നിവീർ ജനറൽ ഡ്യൂട്ടി: 45% മാർക്കോടെ പത്താം ക്ലാസ് ജയം. ഓരോ വിഷയത്തി നും 33% മാർക്ക് വേണം. സിബിഎസ്ഇ ഉൾപ്പെടെ സിലബസ് പഠിച്ചവർക്കു സി2 ഗ്രേഡും ഓരോ വിഷയത്തിലും ഡി ഗ്രേഡും.

∙അഗ്നിവീർ ടെക്‌നിക്കൽ: 50% മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, മാത‌്സ്, ഇംഗ്ലിഷ് എന്നീ വിഷയങ്ങളടങ്ങിയ സയൻസ് പ്ലസ് ടു ജയം. ഓരോ വിഷയത്തിനും 40% മാർക്ക് വേണം. അല്ലെങ്കിൽ എൻഐഒഎസ് ഉൾപ്പെടെ സെൻട്രൽ/സ്റ്റേറ്റ് ബോർഡുകളിൽനിന്നു ഫിസിക്സ്, കെമിസ്ട്രി, മാത‌്സ്, ഇംഗ്ലിഷ് എന്നീ വിഷയങ്ങളടങ്ങിയ സയൻസ് പ്ലസ് ടു ജയവും ഒരു വർഷത്തെ ഐടിഐ കോഴ്സും (എൻഎസ്ക്യുഎഫ് ലെവൽ നാലോ അതിലധികമോ വേണം). അല്ലെങ്കിൽ 50% മാർക്കോടെ സയൻസ്, മാത‌്സ്, ഇംഗ്ലിഷ് എന്നീ വിഷയങ്ങളടങ്ങിയ പത്താം ക്ലാസ് ജയവും (ഓരോ വിഷയത്തിനും 40% മാർക്ക് വേണം) ഇനിപ്പറയുന്ന വിഷയങ്ങളിൽ ഐടിഐകളിൽനിന്നു രണ്ടു വർഷത്തെ ടെക് പരിശീലനം അല്ലെങ്കിൽ 2/3 വർഷ ഡിപ്ലോമ.

വിഷയങ്ങൾ: മെക്കാനിക് മോട്ടർ വെഹിക്കിൾ, മെക്കാനിക് ഡീസൽ, ഇലക്ട്രോണിക് മെക്കാനിക്, ടെക്നീഷ്യൻ പവർ ഇലക്ട്രോണിക് സിസ്റ്റംസ്, ഇലക്ട്രീഷ്യൻ, ഫിറ്റർ, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ (എല്ലാ തരവും), സർവേയർ, ജിയോ ഇൻഫർമാറ്റിക്സ് അസിസ്റ്റന്റ്, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക് കം ഓപ്പറേറ്റർ ഇലക്ട്രിക് കമ്യൂണിക്കേഷൻ സിസ്റ്റം, വെസൽ നാവിഗേറ്റർ, മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഓട്ടമൊബീൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി.

∙അഗ്നിവീർ ഓഫിസ് അസിസ്റ്റന്റ്/സ്‌റ്റോർ കീപ്പർ ടെക്നിക്കൽ: 60% മാർക്കോടെ പ്ലസ് ടു ജയം. ഓരോ വിഷയത്തിനും 50% മാർക്ക് വേണം.

∙അഗ്നിവീർ ട്രേഡ്സ്മാൻ (പത്താം ക്ലാസ്): പത്താം ക്ലാസ് ജയം. ഓരോ വിഷയത്തിനും 33% മാർക്ക് വേണം.

∙അഗ്നിവീർ ട്രേഡ്സ്മാൻ (എട്ടാം ക്ലാസ്): എട്ടാം ക്ലാസ് ജയം. ഓരോ വിഷയത്തിനും 33% മാർക്ക് വേണം.

∙പ്രായപരിധി: എല്ലാ വിഭാഗങ്ങളിലേക്കും 17½ –21. 2003 ഒക്ടോബർ ഒന്നിനും 2007 ഏപ്രിൽ ഒന്നിനുമിടയിൽ (രണ്ടു തീയതിയും ഉൾപ്പെടെ) ജനിച്ചവരാകണം.

∙ശാരീരികയോഗ്യത: കരസേനാ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള നിർദിഷ്‌ട മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ശാരീരികക്ഷമത ഉണ്ടായിരിക്കണം.

ആനുകൂല്യങ്ങൾ: നാലു വർഷം യഥാക്രമം 30,000, 33,000, 36,500, 40,000 രൂപയാണു ശമ്പളം. തുടക്കത്തിൽ വർഷം 4.76 ലക്ഷം രൂപ. നാലാം വർഷം ഇത് 6.92 ലക്ഷം രൂപയാകും. പുറമേ, സേനയിലെ സ്ഥിരനിയമനക്കാർക്കു സമാനമായ റിസ്ക് അലവൻസ്, യൂണിഫോം, യാത്രാ അലവൻസുകൾ തുടങ്ങിയവയും ലഭിക്കും.

∙സേവാനിധി: ശമ്പളത്തിന്റെ 30% സേവാനിധി ഫണ്ടിലേക്കാണ്. ഇതിനു തുല്യമായ തുക (5.02 ലക്ഷം രൂപ) കേന്ദ്ര സർക്കാരും അടയ്ക്കും. 4 വർഷ കാലാവധി പൂർത്തിയാക്കുന്നവർക്കു പലിശ കൂടാതെ 10.04 ലക്ഷം രൂപയുടെ സേവാനിധി (നികുതിരഹിതം) ലഭിക്കും.

∙റിക്രൂട്െമന്റ് റാലി: വിവിധ ആർമി റിക്രൂട്െമന്റ് ഓഫിസുകളാണ് (എആർഒ) റാലി സംഘടിപ്പിക്കുക. 1.6 കിലോമീറ്റർ ഓട്ടം, ബീം പുള്ളപ്, 9 അടി ഡിച്ച്, സിഗ് സാഗ് ബാലൻസ് എന്നിവയാണു കായികക്ഷമതാപരീക്ഷയ്ക്കുള്ളത്.

∙ഓൺലൈൻ റജിസ്ട്രേഷൻ: www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ റജിസ്ട്രേഷൻ നടത്താം. 250 രൂപ പരീക്ഷാ ഫീസുമുണ്ട്. ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. വിശദവിവരങ്ങൾക്ക്: www.joinindianarmy.nic.in

നഴ്സിങ് അസിസ്റ്റന്റ്

സോൾജിയർ ടെക്നിക്കൽ (നഴ്സിങ് അസിസ്റ്റന്റ്) തസ്തികയിലാണു തിരഞ്ഞെടുപ്പ്.

കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്നുള്ള പുരുഷൻമാർക്കാണ് അവസരം. ഓൺലൈൻ റജിസ്ട്രേഷൻ മാർച്ച് 22 വരെ. എഴുത്തുപരീക്ഷ ഏപ്രിൽ 22 മുതൽ. റിക്രൂട്മെന്റ് റാലി തീയതി പിന്നീട് അറിയിക്കും.

∙യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് എന്നീ വിഷയങ്ങൾ പഠിച്ച് 50% മാർക്കോടെ പ്ലസ് ടു സയൻസ് വിജയം. ഓരോ വിഷയത്തിനും 40% മാർക്ക് നേടിയവരാകണം. ബയോളജിക്കു പകരം ബോട്ടണി, സുവോളജി കോംബിനേഷൻ പഠിച്ചവരെയും പരിഗണിക്കും.

∙പ്രായം: 17 1/2-23. 2001 ഒക്ടോബർ ഒന്നിനും 2007 ഏപ്രിൽ ഒന്നിനും ഇടയിൽ (രണ്ടു തീയതിയും ഉൾപ്പെടെ) ജനിച്ചവരാകണം.

∙തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ. ശാരീരികക്ഷമതാപരീക്ഷയ്ക്ക് 1.6 കി.മീ. ഓട്ടം, പുള്ളപ്, 9 അടി കിടങ്ങ് ചാടിക്കടക്കൽ, സിഗ്-സാഗ് ബാലൻസിങ് എന്നിവയുണ്ടാകും.

കരസേനാ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള നിർദിഷ്‌ട മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ശാരീരികക്ഷമതയുണ്ടായിരിക്കണം.

∙ഓൺലൈൻ റജിസ്ട്രേഷൻ: www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ റജിസ്ട്രേഷൻ നടത്താം. 250 രൂപ പരീക്ഷാഫീസുമുണ്ട്. ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും.

റിലീജിയസ് ടീച്ചർ

ജൂനിയർ കമ്മിഷൻഡ് ഓഫിസർ തസ്തികയിലാണ് അവസരം. ഓൺലൈൻ റജിസ്ട്രേഷൻ മാർച്ച് 22 വരെ.

പരീക്ഷ ഏപ്രിൽ 22 മുതൽ മേയ് 7 വരെ. റിക്രൂട്മെന്റ് റാലി തീയതി പിന്നീട് അറിയിക്കും. പണ്ഡിറ്റ്, പണ്ഡിറ്റ് (ഗൂർഖ), ഗ്രാന്ഥി, മൗലവി, പാതിരി, ബുദ്ധ് മോങ്ക് എന്നീ വിഭാഗങ്ങളിലാണു തിരഞ്ഞെടുപ്പ്.

∙തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, റിക്രൂട്മെന്റ് റാലി, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ.

∙ഓൺലൈൻ റജിസ്ട്രേഷൻ: www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ റജിസ്ട്രേഷൻ നടത്താം. 250 രൂപ പരീക്ഷാഫീസുമുണ്ട്. ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും.

ശിപായി ഫാർമ

കരസേനയിൽ ശിപായി ഫാർമ ആകാൻ അവസരം. കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്നുള്ള പുരുഷൻമാർക്ക് അപേക്ഷിക്കാം. ഓൺലൈൻ റജിസ്ട്രേഷൻ മാർച്ച് 22 വരെ. പരീക്ഷ ഏപ്രിൽ 22 മുതൽ. റിക്രൂട്മെന്റ് റാലി തീയതി പിന്നീട് അറിയിക്കും.

∙യോഗ്യത: പ്ലസ് ടു ജയം/തത്തുല്യവും 55% മാർക്കോടെ ഫാർമസി ഡിപ്ലോമയും. സ്റ്റേറ്റ് ഫാർമസി കൗൺസിൽ അല്ലെങ്കിൽ ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ റജിസ്ട്രേഷനും വേണം. 50% മാർക്കോടെ ഫാർമസി ബിരുദവും സ്റ്റേറ്റ് ഫാർമസി കൗൺസിൽ അല്ലെങ്കിൽ ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ റജിസ്ട്രേഷനും ഉള്ളവരെയും പരിഗണിക്കും. കരസേനാ വെബ്‌സൈറ്റിലെ നിർദിഷ്‌ട മാനദണ്ഡങ്ങൾ അനുസരിച്ചു ശാരീരികക്ഷമതയുണ്ടാകണം.

∙പ്രായം: 19-25. 1999 ഒക്ടോബർ ഒന്നിനും 2005 ഏപ്രിൽ ഒന്നിനും ഇടയിൽ (രണ്ടു തീയതിയുമുൾപ്പെടെ) ജനിച്ചവരാകണം. ‌‌

∙തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ. ശാരീരികക്ഷമതാ പരീക്ഷയ്ക്ക് 1.6 കി.മീ. ഓട്ടം, ബീം (പുൾ അപ്), 9 അടി കിടങ്ങ് ചാടിക്കടക്കൽ, സിഗ്-സാഗ് ബാലൻസിങ് എന്നിവയുണ്ടാകും.

∙ഓൺലൈൻ റജിസ്ട്രേഷൻ: www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ റജിസ്ട്രേഷൻ നടത്താം. 250 രൂപ പരീക്ഷാഫീസുമുണ്ട്. ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും.

മിലിറ്ററി പൊലീസ്

അഗ്നിപഥ് പദ്ധതി വഴി കരസേനയിൽ വനിതകൾക്ക് അഗ്നിവീർ (ജനറൽ ഡ്യൂട്ടി)–വുമൺ മിലിറ്ററി പൊലീസ് ആകാം. ഓൺലൈൻ റജിസ്ട്രേഷൻ മാർച്ച് 22 വരെ. പൊതു എഴുത്തുപരീക്ഷ (സിഇഇ) ഏപ്രിൽ 22 മുതൽ.

∙യോഗ്യത: 45% മാർക്കോടെ പത്താം ക്ലാസ് ജയം. ഓരോ വിഷയത്തിനും 33% മാർക്ക് വേണം. സിബിഎസ്ഇ ഉൾപ്പെടെ സിലബസ് പഠിച്ചവർക്കു സി2 ഗ്രേഡും ഓരോ വിഷയത്തിലും ഡി ഗ്രേഡും വേണം.

∙പ്രായം: 17½ –21. 2003 ഒക്ടോബർ ഒന്നിനും 2007 ഏപ്രിൽ ഒന്നിനുമിടയിൽ (രണ്ടു തീയതിയും ഉൾപ്പെടെ) ജനിച്ചവരാകണം.

∙ശാരീരികയോഗ്യത: ഉയരം–162 സെ.മീ., തൂക്കം–ഉയരത്തിനും പ്രായത്തിനും ആനുപാതികം, നെഞ്ചുവികാസം–5 സെ.മീ.

∙റജിസ്ട്രേഷൻ: www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ റജിസ്ട്രേഷൻ നടത്താം.

∙പരീക്ഷാഫീസ്: 250 രൂപ. ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും.

English Summary:

Indian Army Agniveer Teacher Military Police Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com