ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 റാങ്ക് ലിസ്റ്റിൽ അപ്രഖ്യാപിത നിയമനനിഷേധം. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വലിയ കുറവു വന്നത് ഈ സുപ്രധാന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു തിരിച്ചടിയായി. മെയിൻ, സപ്ലിമെന്ററി, ഭിന്നശേഷി വിഭാഗങ്ങളിലായി 7123 പേരുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വർഷം പൂർത്തിയായപ്പോൾ 332 പേർക്കു മാത്രമേ നിയമന ശുപാർശ ലഭിച്ചിട്ടുള്ളൂ. മുൻ ലിസ്റ്റിൽ 3015 നിയമന ശുപാർശ നൽകിയിരുന്നു.
താൽക്കാലിക നിയമനം തകൃതി
പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോൾ താൽക്കാലികനിയമനം നടത്താൻ പാടില്ലെന്ന വ്യവസ്ഥ അട്ടിമറിച്ച് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും അല്ലാതെയും സ്റ്റാഫ് നഴ്സുമാരുടെ താൽക്കാലികനിയമനം നടക്കുകയാണ്. ആരോഗ്യ വകുപ്പിൽ 1750 സ്റ്റാഫ് നഴ്സ് തസ്തികകൾ സൃഷ്ടിക്കുമെന്നു സർക്കാർ വാഗ്ദാനം ചെയ്തെങ്കിലും ഇതിന്റെ പകുതിപോലും വന്നിട്ടില്ല. ‘ആർദ്രം’ പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ കുറച്ചു തസ്തിക സൃഷ്ടിച്ചതല്ലാതെ ഒന്നും നടന്നില്ല. കാലഹരണപ്പെട്ട സ്റ്റാഫ് പാറ്റേൺ ആണ് ആരോഗ്യ വകുപ്പിൽ ഇപ്പോഴും.
റാങ്ക് ലിസ്റ്റിൽ 7123 പേർ
ഈ തസ്തികയ്ക്ക് 14 ജില്ലയിലുമായി നിലവിലുള്ള റാങ്ക് ലിസ്റ്റിൽ 7123 പേരുണ്ട്–മെയിൻ ലിസ്റ്റിൽ 4595, സപ്ലിമെന്ററി ലിസ്റ്റിൽ 2508, ഭിന്നശേഷി ലിസ്റ്റിൽ 20. കൂടുതൽ പേർ എറണാകുളം ജില്ലയിലാണ്–862. കുറവ് ഇടുക്കി ജില്ലയിൽ–271. തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അഞ്ഞൂറിലേറെപ്പേർ ലിസ്റ്റിലുണ്ട്.
ഇക്കൊല്ലം നിയമനം 2 ജില്ലയിൽ
ഈ ലിസ്റ്റിൽനിന്ന് 14 ജില്ലയിലുമായി നടന്നത് 5% നിയമന ശുപാർശ മാത്രം. ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിലാണ്–81. കുറവ് വയനാട് ജില്ലയിൽ–6. എറണാകുളം, തൃശൂർ ഒഴികെ ഒരു ജില്ലയിലും ഈ വർഷം ഒരാൾക്കുപോലും ശുപാർശ നൽകിയിട്ടില്ല. കണ്ണൂർ, കാസർകോട് ജില്ലകളിൽ കഴിഞ്ഞ മാർച്ചിനുശേഷം നിയമന ശുപാർശ നടന്നിട്ടില്ല. എറണാകുളം ഒഴികെ ഒരു ജില്ലയിലും അൻപതിലധികം നിയമന ശുപാർശ ഉണ്ടായിട്ടില്ല.
മുൻ ലിസ്റ്റിൽ 3015 ശുപാർശ
മുൻ റാങ്ക് ലിസ്റ്റിലെ 3015 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിയതാണ് ശുപാർശ 3000 കടക്കാൻ കാരണമായത്. കൂടുതൽ ശുപാർശ തിരുവനന്തപുരം ജില്ലയിലായിരുന്നു–412. കുറവ് ഇടുക്കി ജില്ലയിൽ–82. കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇരുനൂറിലേറെപ്പേർക്കു ശുപാർശ ലഭിച്ചു.