അൻപതോളം ഭിന്നശേഷി ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന കഴിഞ്ഞില്ലെന്ന പേരിൽ സിവിൽ സപ്ലൈസ് കോർപറേഷനിലെ അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് വൈകിക്കുന്നു. ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റ് റദ്ദായിട്ട് മാസങ്ങൾ കഴിഞ്ഞു. ഇപ്പോൾ താൽക്കാലിക നിയമനങ്ങളാണു നടക്കുന്നത്.
നടപടിയൊക്കെ ആയിട്ടും
2020 സെപ്റ്റംബർ 15നാണ് ഈ തസ്തികയുടെ വിജ്ഞാപനം പിഎസ്‌സി പ്രസിദ്ധീകരിച്ചത്. 2021 മാർച്ചിൽ പ്രിലിമിനറി, ഡിസംബർ 12നു മെയിൻ പരീക്ഷകൾ നടത്തി. കഴിഞ്ഞ വർഷം ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സർട്ടിഫിക്കറ്റ് പരിശോധനയും പൂർത്തിയാക്കി. ഭിന്നശേഷിക്കാരായ കുറച്ചു പേരുടെ സർട്ടിഫിക്കറ്റ് പരിശോധന ഒന്നോ രണ്ടോ ദിവസംകൊണ്ടു പൂർത്തിയാക്കാമെങ്കിലും പിഎസ്‌സി ഇതിനു തയാറാകുന്നില്ലെന്നാണ് ഉദ്യോഗാർഥികളുടെ പരാതി.
നിയമനങ്ങൾ കൂടും
ധാരാളം നിയമന ശുപാർശ നടക്കുന്ന തസ്തികയാണിത്. ഒട്ടേറെ എൻജെഡി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ ലിസ്റ്റിന്റെ താഴേത്തട്ടിലുള്ളവർക്കും നിയമനസാധ്യത കൂടുതലാണ്. ഇത്തവണ പൊതുപരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പു നടത്തുന്നതിനാൽ ഈ തസ്തികയുടെ റാങ്ക് ലിസ്റ്റിലുള്ളവർ മറ്റു ലിസ്റ്റുകളിലും ഉൾപ്പെടും. എൻജെഡി ഒഴിവുകൾ മുൻപത്തേതിനേക്കാൾ വർധിക്കുമെന്നതിനാൽ ഇത്തവണത്തെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന ഭൂരിഭാഗം പേർക്കും നിയമനം ലഭിക്കാൻ സാധ്യത കൂടുതലാണ്. മുൻ റാങ്ക് ലിസ്റ്റിലെ 2914 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു. കൂടുതൽ എറണാകുളം ജില്ലയിലും (343) കുറവ് വയനാട് ജില്ലയിലും (78). തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇരുനൂറ്റി അൻപതിലേറെപ്പേർക്കു നിയമന ശുപാർശ ലഭിച്ചു.