ADVERTISEMENT

2023ലെ താൽക്കാലിക പരീക്ഷാ കലണ്ടർ പിഎസ്‌സി പ്രസിദ്ധീകരിച്ചു. 2022 ഡിസംബർ 31 വരെ വിജ്ഞാപനം പ്രസിദ്ധീകരിച്ച 760 കാറ്റഗറികളിലെ 1015 പരീക്ഷകളുടെ താൽക്കാലിക ടൈം ടേബിളാണു പ്രസിദ്ധീകരിച്ചത്. മേയ് മുതൽ ഡിസംബർ വരെ 6 സ്ലോട്ടുകളായി തിരിച്ചാണു പരീക്ഷകൾ നടത്തുക.

 

പരീക്ഷാരീതി, മാധ്യമം, പ്രിലിമിനറി/മെയിൻ, കോമൺ പ്രിലിമിനറിയിൽ ഉൾപ്പെടുത്തുന്നവ എന്നിവ തരംതിരിച്ച് പിന്നീടു പ്രസിദ്ധീകരിക്കും. കൃത്യമായ പരീക്ഷാതീയതി അതതു മാസത്തെ പരീക്ഷാ കലണ്ടറിൽ ഉൾപ്പെടുത്തും.

ഇനി പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനങ്ങളുടെ അടിസ്ഥാനത്തിലുള്ള പരീക്ഷകളും, കമ്മിഷൻ തീരുമാനത്തിനു വിധേയമായി ഈ വർഷംതന്നെ നടത്തും. 10th, പ്ലസ് ടു, ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി പരീക്ഷകൾ വർഷാവസാനമുണ്ടാകും..

 

മേയ്–ജൂലൈ:112, ജൂൺ–ഒാഗസ്റ്റ്: 303, ജൂലൈ–സെപ്റ്റംബര്‍:176, ഒാഗസ്റ്റ്–ഒക്ടോബര്‍: 223, സെപ്റ്റംബര്‍–നവംബര്‍:116, ഒക്ടോബര്‍–ഡിസംബര്‍ :85 എന്നിങ്ങനെയാണ് ഓരോ സ്ലോട്ടിലെയും പരീക്ഷകളുടെ എണ്ണം.

 

സിപിഒയ്ക്കു മെയിൻസ് മാത്രം; യൂണി. LGS, അസിസ്റ്റന്റ്, എസ്ഐ പരീക്ഷ പ്രത്യേകമായി 2 ഘട്ടം

 

സിവിൽ പൊലീസ് ഓഫിസർ, വനിതാ സിവിൽ പൊലീസ് ഓഫിസർ തസ്തികകളിൽ ഇത്തവണ പ്രാഥമിക പരീക്ഷ ഇല്ല. മെയിൻ പരീക്ഷ ജൂൺ, ജൂലൈ മാസങ്ങളിലായി നടത്തും.

 

സർവകലാശാല ലാസ്റ്റ് ഗ്രേഡ്, സർവകലാശാല അസിസ്റ്റന്റ്, എസ്ഐ പരീക്ഷകൾ കോമൺ പ്രിലിമിനറിയിൽ ഉൾപ്പെടുത്താതെ പ്രത്യേകമായി നടത്തും.

സർവകലാശാല അസിസ്റ്റന്റ്, എസ്ഐ, ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷനിൽ ഫീൽഡ് ഓഫിസർ പൊതു പ്രാഥമികപരീക്ഷ ഏപ്രിലിലും മേയിലുമായി നടത്തും. രണ്ടോ മൂന്നോ ഘട്ടമായിട്ടാവും ഈ പരീക്ഷകൾ നടത്തുക. ആദ്യ ഘട്ടം ഏപ്രിൽ 29നാണ്. പ്രാഥമിക പരീക്ഷ ജയിച്ച് അർഹതാ ലിസ്റ്റിൽ ഉൾപ്പെടുന്നവർക്കു പ്രത്യേകം മെയിൻ പരീക്ഷ നടത്തും. സർവകലാശാല അസിസ്റ്റന്റ്, ഫീൽഡ് ഓഫിസർ മെയിൻ പരീക്ഷ ജൂലൈയിലും എസ്ഐ മെയിൻ ഓഗസ്റ്റിലുമാണ്. ഇതിൽ മാറ്റം വന്നേക്കാം.

 

സർവകലാശാല ലാസ്റ്റ് ഗ്രേഡ് തസ്തികയിലും രണ്ടു ഘട്ട പരീക്ഷയാണ്. പ്രാഥമിക പരീക്ഷ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും മെയിൻ പരീക്ഷ ഒക്ടോബറിലും നടത്തും. 4,32,681 പേരാണ് ഈ തസ്തികയിൽ അപേക്ഷ നൽകിയത്.

 

ഇനി എല്ലാ തസ്തികയ്ക്കും പരീക്ഷ

അപേക്ഷകർ കുറവുള്ള തസ്തികകളിൽ ഇന്റർവ്യൂ മാത്രം നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന രീതി പിഎസ്‌സി നിർത്തുന്നു. ഇനി എല്ലാ തസ്തികകളിലേക്കും പരീക്ഷ നിർബന്ധമാക്കും. അസാധാരണ സാഹചര്യങ്ങളിൽ ഇളവ് അനുവദിക്കും.

ഒഎംആർ/ഓൺലൈൻ/വിവരണാത്മക പരീക്ഷകളിൽ ഏതു വേണമെന്നു പിന്നീടു തീരുമാനിക്കും. അപേക്ഷകർ കുറവുള്ള തസ്തികകളിൽ ഓൺലൈൻ പരീക്ഷ നടത്താനാണു സാധ്യത.

 

രണ്ട് പരീക്ഷ എഴുതിയില്ലെങ്കിൽ പ്രൊഫൈൽ ബ്ലോക്ക് വരാം

കൺഫർമേഷൻ നൽകിയ ശേഷം 2 പരീക്ഷകളെങ്കിലും എഴുതാത്തവരുടെ പ്രൊഫൈൽ ബ്ലോക്ക് ചെയ്യാൻ പിഎസ്‌സി ആലോചനയുണ്ട്. ഇത് എന്നു മുതൽ നടപ്പാക്കുമെന്നു പിന്നീടു തീരുമാനിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com