മാർച്ച് നാലിനു പിഎസ്‌സി നടത്തിയ, വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ പ്ലംബർ പരീക്ഷയിലെ ചോദ്യങ്ങൾ ഗൈഡിൽനിന്നു കോപ്പിയടിച്ചതെന്ന പരാതി പിഎസ്‌സി വിജിലൻസ് അന്വേഷിക്കും.
പരീക്ഷയിലെ 97 ചോദ്യങ്ങളും ഒരു ഗൈഡിൽനിന്നു കോപ്പിയടിച്ചതാണെന്ന് ഉദ്യോഗാർഥികൾ പരാതിപ്പെട്ടിരുന്നു. ഗൈഡിന്റെ ഒരു പേജിൽനിന്നു മൂന്നും നാലും ചോദ്യങ്ങൾവരെ ചോദ്യ പേപ്പറിൽ ഉൾപ്പെട്ടതായും പരാതി ഉയർന്നു. ചില തെറ്റുകൾ അതേപടി ആവർത്തിച്ചതായും ചൂണ്ടിക്കാണിച്ച് ഉദ്യോഗാർഥികൾ വിജിലൻസിനു പരാതി നൽകി. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും.
ഈ തസ്തികയ്ക്ക് 22,461 പേർ അപേക്ഷ നൽകിയിരുന്നു. 11,077 പേർ കൺഫർമേഷൻ നൽകി. ഇതിൽ പതിനായിരത്തോളം പേർ പരീക്ഷ എഴുതിയിട്ടുണ്ട്.