SI പരീക്ഷയ്ക്ക് ട്രൈബ്യൂണൽ സ്റ്റേ; പിഎസ്‌സി അപ്പീൽ നൽകും
Mail This Article
സബ് ഇൻസ്പെക്ടർ പരീക്ഷ സ്റ്റേ ചെയ്ത അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെതിരെ പിഎസ്‌സി ൈഹക്കോടതിയിൽ അപ്പീൽ നൽകും. ഈ ആഴ്ചയിലെ പിഎസ്‌സി യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
ശാരീരിക അളവു സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണമെന്ന സർക്കാർ ഉത്തരവ് എസ്ഐ തിരഞ്ഞെടുപ്പിൽ ബാധകമാക്കാത്തതിനെതിരെ ഒരു ഉദ്യോഗാർഥി നൽകിയ ഹർജിയിലാണു പരീക്ഷ സ്റ്റേ ചെയ്തത്. സർക്കാർ ഉത്തരവു നടപ്പാക്കി പിഎസ്‌സിക്കു പരീക്ഷ നടത്താൻ തടസ്സമില്ലെന്നും അങ്ങനെയല്ലെങ്കിൽ പരീക്ഷ നടത്താൻ പാടില്ലെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി.
എസ്ഐ പരീക്ഷ ഏപ്രിൽ 29, മേയ് 13, 27 തീയതികളിലായി നടത്താനാണു പിഎസ്‌സി തീരുമാനിച്ചിരിക്കുന്നത്. സർവകലാശാല അസിസ്റ്റന്റ്, ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷനിൽ ഫീൽഡ് ഓഫിസർ തസ്തികകളിലേക്കും ചേർത്തു പൊതുപരീക്ഷയാണു നടത്തുന്നത്. ട്രൈബ്യൂണൽ വിധി ഹൈക്കോടതി സ്റ്റേ ചെയ്താൽ നിശ്ചിത തീയതികളിൽ പിഎസ്‌സിക്കു പരീക്ഷ നടത്താം.
സർട്ടിഫിക്കറ്റ് മാതൃക തിരുത്തണമെന്ന് പിഎസ്‌സി
നിശ്ചിത ശരീര അളവ് ആവശ്യമുള്ള തസ്തികകളിൽ അപേക്ഷിക്കുമ്പോൾ കോളജുകളിലെ കായികാധ്യാപകരിൽനിന്നു വാങ്ങിയ സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്നു കഴിഞ്ഞ നവംബർ 27നാണു സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ, സർട്ടിഫിക്കറ്റിന്റെ മാതൃകയിൽ തിരുത്തൽ ആവശ്യപ്പെട്ട് പിഎസ്‌സി സർക്കാരിനു കത്തയച്ചിരിക്കുകയാണ്.
ഫോട്ടോ ഉൾപ്പെടെ ഉദ്യോഗാർഥിയെ തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങളും ചേർത്തു സർട്ടിഫിക്കറ്റ് പരിഷ്കരിക്കണമെന്നും അല്ലെങ്കിൽ ദുരുപയോഗ സാധ്യതയുണ്ടെന്നും പിഎസ്‌സി ചൂണ്ടിക്കാട്ടുന്നു. സർക്കാരിന്റെ മറുപടിലഭിച്ച ശേഷമേ ശാരീരിക അളവു സർട്ടിഫിക്കറ്റ് നിർബന്ധമാക്കൂ.