ADVERTISEMENT

കുട്ടിക്കാലം മുതൽ മനസ്സിൽ സൂക്ഷിച്ചൊരു കാക്കിസ്വപ്നമുണ്ടായിരുന്നു അഖിലിന്. വർഷങ്ങളുടെ പഠനത്തിനും കായിക പരിശീലനത്തിനുമൊടുവിൽ ആ സ്വപ്നത്തിലേക്കു മാർച്ച് ചെയ്തു കയറിയതിനെക്കുറിച്ച് പറയുമ്പോൾ അഖിലിന്റെ വാക്കുകൾക്ക് ആത്മവിശ്വാസത്തിന്റെ കരുത്ത്. ഒന്നല്ല, ഒരേ സമയം രണ്ടു നേട്ടങ്ങളാണ് അഖിൽ സ്വന്തമാക്കിയത്. പിഎസ്‌സി നടത്തിയ പൊലീസ് സബ് ഇൻസ്പെക്ടർ പരീക്ഷയിൽ റാങ്ക് ലിസ്റ്റിൽ രണ്ടാംസ്ഥാനവും (മാർക്ക് അടിസ്ഥാനത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം), ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ ലിസ്റ്റിൽ ഒന്നാം സ്ഥാനവും. റാങ്ക് നേട്ടത്തിലേക്കു നയിച്ച തയാറെടുപ്പുകളെക്കുറിച്ച് വയനാട് മാനന്തവാടി സ്വദേശി അഖിൽ ജോൺ പറയുന്നു.

 

∙ പിഎസ്‌സി എഴുതാൻ പ്രചോദനം പൊലീസ് ആവുകയെന്ന സ്വപ്നമായിരുന്നോ?

പൊലീസ് ആകണമെന്നായിരുന്നു കുട്ടിക്കാലം മുതലുള്ള സ്വപ്നം. അങ്കിൾ വി.സി.ലൂക്കോസ് വിജിലൻസ് സബ് ഇൻസ്പെക്ടറായിരുന്നു. അങ്കിളിനെ കണ്ടാണ് കുട്ടിയായിരുന്നപ്പോഴേ അങ്ങനെയൊരു ആഗ്രഹം മനസ്സിൽ വന്നത്. പിജി പഠനം കഴിഞ്ഞ് പിഎസ്‌സി എഴുതാൻ തീരുമാനിച്ചപ്പോഴും പൊലീസ് ജോലിക്കാണ് പ്രാധാന്യം കൊടുത്തത്.

2018ൽ ആദ്യമായി പിഎസ്‌സി കോച്ചിങ് സെന്ററിൽ ചേർന്നു. ഒരു വർഷം കഴിഞ്ഞ് നിർത്തി. അതിനിടയിൽ എംആർഎഫിൽ ക്വാളിറ്റി അഷ്വറൻസ് സൂപ്പർവൈസറായി ജോലി കിട്ടി ഹൈദരാബാദിലേക്കു പോയി. അവിടെ മൂന്നു വർഷം ജോലി ചെയ്തെങ്കിലും പിഎസ്‌സി തന്നെ മതിയെന്നു തീരുമാനിച്ചു നാട്ടിലേക്ക് മടങ്ങി.

 

∙പഠനരീതികൾ എങ്ങനെയെല്ലാമായിരുന്നു?

2021 ലാണ് പിഎസ്‌സി പഠനം ഗൗരവമാക്കിയത്. തുടക്ക സമയത്ത് രാവിലെ മുതൽ രാത്രി വൈകിയും ഉറക്കമിളച്ചു തുടർച്ചയായി പഠിച്ചു. ഒാരോ വിഷയങ്ങൾക്കും പ്രാധാന്യം കൊടുത്തു. പിന്നീട് ബുദ്ധിമുട്ട് കൂടുതൽ തോന്നിയ വിഷയങ്ങൾക്ക് കൂടുതൽ സമയം കൊടുത്തു. ഹിസ്റ്ററിയാണ് കുഴപ്പിച്ചത്. ചോദ്യങ്ങൾ എവിടുന്നെല്ലാം വരാമെന്ന് യാതൊരു െഎഡിയയും കിട്ടാത്ത വിഷയമായിരുന്നു ഹിസ്റ്ററി.

എല്ലാം സ്വന്തമായിട്ടാണ് പഠിച്ചത്. തൊഴിൽ വീഥിയും മറ്റു ഒാൺലൈൻ സംവിധാനങ്ങളും പരമാവധി പ്രയോജനപ്പെടുത്തി. തൊഴിൽ വീഥിയിലെ പരിശീലനങ്ങൾ ഏറെ സഹായമായി. കൂടാതെ മാതൃകാ പരീക്ഷകളും ചെയ്തു പരിശീലിച്ചു.

 

∙ ഏതെല്ലാം റാങ്ക്‌ലിസ്റ്റുകളിലാണ് ഉൾപ്പെട്ടിട്ടുള്ളത്?

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയിൽ 356 –ാം റാങ്ക് കിട്ടി. പൊലീസ് ഫിംഗർ പ്രിന്റ് സെർചർ ലിസ്റ്റിൽ 19 –ാം റാങ്കും സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റിൽ 159–ാം റാങ്കും നേടാൻ കഴിഞ്ഞു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ അസിസ്റ്റന്റ്, നാഷനൽ സേവിങ്സിൽ അസിസ്റ്റന്റ് ഡയറക്ടർ ഷോർട് ലിസ്റ്റുകളിലും ഉൾപ്പെട്ടിട്ടുണ്ട്.

സർവകലാശാല അസിസ്റ്റന്റ്, എസ്ഐ തുടങ്ങിയ തസ്തികകളിലെ പൊതുപ്രാഥമിക പരീക്ഷ ഉൾപ്പെടെ വിവിധ പരീക്ഷകളുടെ ലിസ്റ്റുകളിലും ഇടം നേടുമെന്ന് പ്രതീക്ഷയുണ്ട്. പൊലീസ് സബ് ഇൻസ്പെക്ടർ എഴുത്തുപരീക്ഷയിൽ 66.330 മാർക്കും ഇന്റർവ്യൂവിലെ 12 മാർക്കും ചേർത്ത് 78.330 മാർക്കാണ് ലഭിച്ചത്.

 

∙ പൊലീസ് ജോലിയ്ക്ക് പഠനം മാത്രമല്ല കായികമായും ഫിറ്റാകണമല്ലോ? എന്തൊക്കെയായിരുന്നു തയാറെടുപ്പുകൾ?

പൊലീസ് സബ് ഇൻസ്പെക്ടർ പരീക്ഷയ്ക്ക് അപേക്ഷിച്ചതു മുതൽ ശരീരം കുറച്ചു കൂടി ഫിറ്റാക്കാൻ ശ്രമം തുടങ്ങി. 78 കിലോ ആയിരുന്നു വെയ്റ്റ്, അത് ഡയറ്റിലൂടെയും വ്യായാമത്തിലൂടെയും കുറച്ചു. ദിവസേന ലോങ് ജംപ് പരിശീലിക്കും, ഫുട്ബോൾ മുടങ്ങാതെ കളിക്കും. പഠനത്തിനിടയിൽ അതിനു കൂടി സമയം ക്രമീകരിച്ചു. ലോംങ് ജംപിനിടെ പരിക്കു പറ്റി ഒരുമാസത്തോളം കാലിൽ പ്ലാസ്റ്ററിട്ടു നടക്കേണ്ടി വന്നിട്ടുണ്ട്.

 

∙ വിദ്യാഭ്യാസം, കുടുംബം?

എറണാകുളം മഹാരാജാസ് കോളജിൽനിന്നു കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടി. അച്ഛൻ മാനന്തവാടി വടക്കേൽ ഹൗസിൽ വി.എം.ജോൺ, അമ്മ മോളി. സഹോദരങ്ങൾ അമൽ ജോൺ, അതുൽ ജോൺ. ഇരുവരും വിദ്യാർഥികളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com