ADVERTISEMENT

പിഎസ്‌സിയു‌ടെ ഷോർട്/സാധ്യതാ ലിസ്റ്റുകളിൽ ഉദ്യോഗാർഥികളെ കണക്കിലധികം കുറയ്ക്കുന്ന രീതി വ്യാപകമാവുകയാണ്. അനുബന്ധമായി റാങ്ക് ലിസ്റ്റിലും വലിയതോതിൽ ഉദ്യോഗാർഥികൾ കുറയുന്നു.

ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡ്, ഫാമിങ് കോർപറേഷൻ തുടങ്ങിയ കമ്പനി/ കോർപറേഷൻ/ബോർഡുകളിൽ അസിസ്റ്റന്റ് തസ്തികയുടെ സാധ്യതാ ലിസ്റ്റാണ് പുതിയ ഉദാഹരണം. മെയിൻ, സപ്ലിമെന്ററി ലിസ്റ്റുകളിലായി 3526 പേരെയാണു സാധ്യതാ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 4176 പേരുടെ കുറവ്.

അടുത്തിടെ പ്രസിദ്ധീകരിച്ച ഫയർ വുമൺ, വനിതാ സിവിൽ എക്സൈസ് ഓഫിസർ ലിസ്റ്റുകളിലും ഉദ്യോഗാർഥികൾ തീരെ കുറവായിരുന്നു. ഫയർ വുമൺ തസ്തികയിൽ റിപ്പോർട്ട് ചെയ്ത 100 ഒഴിവുപോലും നികത്താൻ കഴിഞ്ഞില്ല. റിപ്പോർട്ട് ചെയ്ത ഒഴിവു നികത്താൻ ആളില്ലാതെ കൊല്ലം, പത്തനംതിട്ട ജില്ലകളിൽ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കേണ്ടിവന്നു. വനിതാ സിവിൽ എക്സൈസ് ഓഫിസർ ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് എൻഡ്യുറൻസ് ടെസ്റ്റ്, കായികക്ഷമതാ പരീക്ഷ എന്നിവ ബാക്കിയുണ്ട്. ഇതിനുശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ, റിപ്പോർട്ട് ചെയ്ത ഒഴിവ് നികത്താവുന്നത്ര ഉദ്യോഗാർഥികൾ ഉണ്ടാവുമോയെന്നു സംശയം.

വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ ഷോർട് ലിസ്റ്റുകളും മുൻ ലിസ്റ്റുകളെ അപേക്ഷിച്ച് തീരെ ശുഷ്കമാണ്. എൻഡ്യുറൻസ് ടെസ്റ്റ്, കായികക്ഷമതാ പരീക്ഷ എന്നിവകൂടി കഴിഞ്ഞ് വരുന്ന റാങ്ക് ലിസ്റ്റിൽ, ഒഴിവു നികത്താൻ പാകത്തിൽ ഉദ്യോഗാർഥികൾ ഉൾപ്പെടുമോ എന്നതിൽ സംശയമുണ്ട്.

പൊതുപരീക്ഷയുടെ അടിസ്ഥാനത്തിലുള്ള ലിസ്റ്റുകളാണ് അടുത്തിടെ പ്രസിദ്ധീകരിക്കുന്നതിൽ അധികവും. ഇവയിലെല്ലാം മുൻനിര റാങ്കുകാർഏറെക്കുറെ ഒരേ ഉദ്യോഗാർഥികൾതന്നെയാവും. ഇവർ ഉയർന്ന ജോലി സ്വീകരിച്ച് മറ്റുള്ളവ വേണ്ടെന്നുവയ്ക്കും. വേണ്ടെന്നുവയ്ക്കുന്ന ലിസ്റ്റുകളിൽ ധാരാളം എൻജെഡി ഒഴിവിന് ഇത് ഇടയാക്കും. ഫയർ വുമൺ തസ്തികയിലെപ്പോലെ, റിപ്പോർട്ട് ചെയ്ത ഒഴിവു നികത്താൻ ഒന്നിലധികം തിരഞ്ഞെടുപ്പ് നടത്തേണ്ടിവരുന്ന സാഹചര്യവും ശുഭകരമല്ല.

ഈ സാഹചര്യങ്ങൾ മുന്നിൽക്കണ്ട് ലിസ്റ്റുകൾ തയാറാക്കാത്തതിനാൽ ആയിരങ്ങളുടെ സ്വപ്നമാണു പൊലീയുന്നത്. റിപ്പോർട്ട് ചെയ്ത ഒഴിവ്, മുൻ ലിസ്റ്റിലെ നിയമന ശുപാർശ എന്നിവ മാത്രം വിലയിരുത്തി ഷോർട്/സാധ്യതാ ലിസ്റ്റിൽ ആളെ ഉൾപ്പെടുത്തുന്ന പരമ്പരാഗതരീതി പ്രായോഗികമാണോയെന്നു പിഎസ്‌‍സി പരിശോധിക്കേണ്ടതുണ്ട്. 

English Summary:

PSC Ranklist News Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com