ADVERTISEMENT

കേരള പബ്ലിക് സർവീസ് കമ്മിഷന് എന്തിനാണ് ഇത്രയും അംഗങ്ങൾ?–നിയമനത്തിൽ പിഎസ്‌സി ഏറെ പിറകോട്ടു പോകുമ്പോൾ, തൊഴിലന്വേഷകരും പൊതുസമൂഹവും ഇങ്ങനെയൊരു ചോദ്യം ചോദിക്കുന്നതിൽ കാര്യമുണ്ട്.

യൂണിയൻ പബ്ലിക് സർവീസ് കമ്മിഷനിലും (യുപിഎസ്‌സി) മറ്റൊരു സംസ്ഥാന പിഎസ്‌സിയിലും ഇല്ലാത്തത്ര അംഗസംഖ്യ ഈ ചെറിയ സംസ്ഥാനത്ത് ആവശ്യമുണ്ടോ എന്ന ചർച്ച ചൂടുപിടിപ്പിച്ചത്, പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും വൻ ശമ്പളവർധനയെന്ന ആവശ്യം മുന്നോട്ടുവച്ചതാണ്. സർക്കാർ ജീവനക്കാർക്കു 18% ഡിഎ കുടിശ്ശികയുള്ള സംസ്ഥാനത്ത് ലക്ഷക്കണക്കിനു രൂപ ശമ്പളം നൽകി ഇത്രയും അംഗങ്ങളെ പിഎസ്‌സിയിൽ കുത്തിനിറയ്ക്കേണ്ട കാര്യമുണ്ടോയെന്ന് സർക്കാരും ചിന്തിക്കണം.

തിരുവനന്തപുരത്തെ കേന്ദ്ര ഓഫിസ്, 14 ജില്ലാ ഓഫിസ്, 3 മേഖലാ ഓഫിസ് എന്നിങ്ങനെ 18 ഓഫിസുകളാണു പിഎസ്‌സിക്കുള്ളത്. ഒരു ഓഫിസിന് ഒരാൾ എന്നു കണക്കാക്കിയാൽപോലും ചെയർമാൻ ഉൾപ്പെടെ 18 അംഗങ്ങൾ മതി. 21 അംഗങ്ങളിൽ 7 പേർ വിരമിച്ച ഒഴിവ് ഇപ്പോഴുണ്ട്. രണ്ടു ഘട്ടമായി 4 അംഗങ്ങളെ നിയമിക്കാൻ മന്ത്രിസഭ ഗവർണറോടു ശുപാർശ ചെയ്തതിൽ അംഗീകാരം കാക്കുകയാണ്. ബാക്കി 3 പേരെക്കൂടി നിയമിച്ച് അംഗസംഖ്യ 21ൽ എത്തിക്കാൻതന്നെയാണു നീക്കം.

മറ്റു സംസ്ഥാനങ്ങളിലേതിനേക്കാൾ നാലോ അഞ്ചോ ഇരട്ടി നിയമനങ്ങൾ കേരളത്തിൽ നടക്കുന്നുവെന്നാണ്, ഇത്രയും അംഗങ്ങളെ പിഎസ്‌സിയിൽ നിയമിക്കുന്നതിനുള്ള ന്യായവാദം. ഇത് അംഗീകരിച്ചാൽത്തന്നെ, അംഗങ്ങളാണോ ജീവനക്കാരാണോ നിയമനനടപടികൾ പൂർത്തിയാക്കുന്നത് എന്നു തിരിച്ചു ചോദിക്കേണ്ടിവരും. പിഎസ്‌സിയുടെ വിവിധ ഓഫിസുകളിലെ 1720 ജീവനക്കാരാണ് ആയിരത്തി അഞ്ഞൂറിലധികം തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പുനടപടി പൂർത്തിയാക്കുന്നത്. അംഗങ്ങളുടെ എണ്ണം കുറച്ച് അൽപംകൂടി ജീവനക്കാരെ നിയമിച്ചാൽ നിയമനനടപടി കുറേക്കൂടി വേഗത്തിലാക്കാം; സാമ്പത്തികബാധ്യത അത്ര വേണ്ടതാനും.

പിഎസ്‌സി ചെയർമാന്റെ മാസശമ്പളം 2.26 ലക്ഷം രൂപയും അംഗങ്ങളുടേതു 2.23 ലക്ഷം രൂപയുമാണ്. 17 വർഷമായി ശമ്പളം പരിഷ്കരിച്ചിട്ടില്ല എന്ന ന്യായത്തിലാണു വലിയ വർധന ആവശ്യപ്പെട്ടിരിക്കുന്നത്. ന്യായമായ ശമ്പളം ആവശ്യംതന്നെ. പക്ഷേ, സംസ്ഥാനം അതീവഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ ഉഴറുകയും സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ വർഷങ്ങളായി കുടിശ്ശികയായിക്കിടക്കുകയും ചെയ്യുമ്പോൾ ഈ വർധനയ്ക്ക് എന്തു ന്യായമാണുള്ളത്? പിഎസ്‌സി അംഗങ്ങളുടെ എണ്ണം കൂട്ടിയിട്ടും നിയമനം പിറകോട്ടു പോവുകയാണെന്നിരിക്കെ, അംഗങ്ങളുടെ എണ്ണത്തിൽ പിഎസ്‌സി പുനരാലോചന നടത്തേണ്ടത് അനിവാര്യമാണ്. 

English Summary:

PSC Recruitment Editorial News Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com