ADVERTISEMENT

കെഎസ്ഇബി പുനഃസംഘടിപ്പിക്കുന്നതു വരെ പിഎസ്‌സി വഴിയുള്ള നിയമനങ്ങൾ നിർത്തിവയ്ക്കാനുള്ള തീരുമാനം നിയമനനിരോധനത്തിനു തുല്യമാണ്. ചെറിയൊരു കാലയളവിലേക്കാണെങ്കിൽപ്പോലും ഈ പൊതുമേഖലാ സ്ഥാപനത്തിലേക്കുള്ള നിയമനങ്ങൾ നിന്നു പോകുന്നത് തൊഴിലന്വേഷകരെ സംബന്ധിച്ച് ഇരുട്ടടിയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി കെഎസ്ഇബി നിയമനങ്ങൾ വലിയ തോതിൽ കുറഞ്ഞതും ഇതിന്റെ ഭാഗമായിട്ടായിരുന്നോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ), സബ് എൻജിനീയർ (ഇലക്ട്രിക്കൽ, സിവിൽ), മീറ്റർ റീഡർ, ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ തുടങ്ങിയവയാണു കെഎസ്ഇബിയിലേക്കു പിഎസ്‌സി വഴി നിയമനം നടക്കുന്ന പ്രധാന തസ്തികകൾ. മുൻകാലങ്ങളിൽ ഈ തസ്തികകളിലേക്കു പിഎസ്‌സി പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റുകൾ പരാതിക്കിടയാക്കിയിട്ടില്ല. എന്നാൽ അടുത്ത കാലത്തായി വളരെ പരിതാപകരമാണ് അവസ്ഥ. അസിസ്റ്റന്റ് എൻജിനീയർ, സബ് എൻജിനീയർ, ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ തസ്തികകളിൽ ഇപ്പോൾ റാങ്ക് ലിസ്റ്റ് നിലവിലില്ല. ലിസ്റ്റ് തയാറാക്കുന്നതിനുള്ള നടപടികൾ പിഎസ്‌സിയിൽ പുരോഗമിക്കുന്നതേയുള്ളൂ. മീറ്റർ റീഡർ തസ്തികയിൽ മാത്രമാണു റാങ്ക് ലിസ്റ്റ് നിലവിലുളളത്. ജൂനിയർ അസിസ്റ്റന്റ്/ കാഷ്യർ തസ്തികയിൽ കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്നാണു നിയമനം. ഈ തസ്തികയിൽ മുൻപ് ഉദ്യോഗാർഥികൾ ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ കുറച്ച് ഒഴിവുകൾ റിപ്പോർട്ട് ചെയ്തതൊഴിച്ചാൽ പിന്നീടു നിയമനങ്ങൾ കാര്യമായി നടന്നിട്ടില്ല.

അനാവശ്യ തസ്തികകൾ ഒഴിവാക്കിയും ജീവനക്കാരുടെ എണ്ണം കുറച്ചും കെഎസ്ഇബി പുനഃസംഘടിപ്പിക്കണമെന്ന ദീർഘകാല ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനാവില്ലെന്നു ചൂണ്ടിക്കാട്ടി ബോർഡ് പിഎസ്‌സിക്കു കത്ത് നൽകിയിരിക്കുന്നത്. കെഎസ്ഇബി ചെയർമാൻ നിർദേശിച്ചതനുസരിച്ചാണു കത്ത്. അനാവശ്യ തസ്തികകൾ ഒഴിവാക്കാനുള്ള കെഎസ്ഇബിയുടെ നീക്കത്തെ എതിർക്കുന്നതിൽ അർഥമില്ല. എന്നാൽ, ഇതിന്റെ പേരിൽ വിരമിക്കൽ വഴിയുള്ളത് ഉൾപ്പെടെയുള്ള ഒഴിവുകൾ നികത്താതിരിക്കുന്നതു പിഎസ്‌സി വഴിയുള്ള നിയമനത്തെ പ്രതികൂലമായി ബാധിക്കും. ഇലക്ട്രിസിറ്റി വർക്കർ/മസ്ദൂർ തസ്തികയിലേക്കു മുൻപ് കെഎസ്ഇബി വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നു. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ഏറെ അവസരങ്ങൾ നൽകിയിരുന്ന, പത്താം ക്ലാസ് വിജയിക്കാത്തവർക്കു മാത്രം അപേക്ഷിക്കാവുന്ന ഈ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പും നിർത്തിവച്ചിരിക്കയാണ്. പുനഃസംഘടനയുടെ പേരിൽ മറ്റു തസ്തികകളിൽ ഇതുപോലെ ‘നിയമന നിരോധനം’ ഉണ്ടാകാതിരിക്കാൻ കെഎസ്ഇബിയും സർക്കാരും ശ്രദ്ധിക്കണം. 

English Summary:

KSEB Recruitment Issues News Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com