ADVERTISEMENT

സംസ്ഥാനത്തെ പൊലീസ് സേനയിൽ കൂടുതൽ പേരെ നിയമിക്കാനായി പുതിയ കണക്കെടുപ്പു നടത്താനുള്ള ഡിജിപിയുടെ നിർദേശം സ്വാഗതാർഹമാണ്. പൊതുസമൂഹത്തിനും ഈ തസ്തികയുടെ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും കൂടുതൽ പ്രതീക്ഷ നൽകുന്നതാണ് ഈ തീരുമാനം.

പൊലീസ് സ്റ്റേഷനുകളിലെ അംഗബലം വ്യക്തമാക്കിയും കൂടുതൽ പേരെ സ്റ്റേഷനുകളിൽ നിയോഗിക്കണമെന്ന് അഭ്യർഥിച്ചും 2017ൽ ആഭ്യന്തര വകുപ്പിന് ഡിജിപി കത്തു നൽകിയിരുന്നു. 18,229 പേരുടെ അധിക അംഗബലം ആവശ്യപ്പെട്ടായിരുന്നു കത്ത്. ഇതിൽ തുടർനടപടിയുണ്ടാകാതെ വന്നപ്പോൾ അന്വേഷണം നടത്തി. കത്തു കാണാനില്ലെന്നാണ് ആഭ്യന്തര സെക്രട്ടറി ഡിജിപിയെ അറിയിച്ചത്. ഈ സാഹചര്യത്തിലാണ്, അടിയന്തരമായി പുതിയ കണക്കെടുപ്പിനു ഡിജിപി നിർദേശം നൽകിയത്.

ഡിജിപിയുടെ നിർദേശം വലിയ പ്രതീക്ഷയോടെ കാണുന്നത് സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. ഈ ലിസ്റ്റിൽനിന്നു നിയമനം പ്രതീക്ഷിക്കുന്ന പതിനായിരത്തിലേറെപ്പേരുണ്ട്. ഏഴു ബറ്റാലിയനിലായുള്ള സിപിഒ റാങ്ക് ലിസ്റ്റിൽനിന്ന് ഇതുവരെ നടന്നത് 3776 നിയമന ശുപാർശയാണ്. 13,975 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽനിന്ന് 27% പേർക്കേ നിയമന ശുപാർശ ലഭിച്ചിട്ടുള്ളൂ. മുൻ റാങ്ക് ലിസ്റ്റുകളിൽനിന്ന് 5610 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു. 2024 ഏപ്രിൽ 12 വരെയാണ് നിലവിലുള്ള ലിസ്റ്റുകളുടെ കാലാവധി. അംഗബലം വർധിപ്പിക്കാനുള്ള ശുപാർശ ഫലം കണ്ടാൽ ഈ ലിസ്റ്റിലെ കൂടുതൽ പേർക്കു നിയമനത്തിനു വഴിയൊരുങ്ങും.

സംസ്ഥാന പൊലീസ് സേനയിൽ 35 വർഷംമുൻപുള്ള അംഗബലമാണ് ഇപ്പോഴുമുള്ളത്. ജനസംഖ്യാ വർധനയ്ക്ക് ആനുപാതികമായി സേനയുടെ അംഗബലം വർധിപ്പിക്കാൻ സർക്കാരുകൾ ശ്രദ്ധിച്ചില്ല. പൊലീസിന്റെ ഉത്തരവാദിത്തം വർധിച്ചതനുസരിച്ചു തസ്തിക സൃഷ്ടിച്ചിട്ടുമില്ല. പലർക്കും തുടർച്ചയായി 18 മണിക്കൂർവരെ ജോലി ചെയ്യേണ്ടിവരുന്നു. ഇത് സേനയുടെ ആത്മവീര്യം തകർക്കാൻ ഇടയാക്കും. തുടർച്ചയായ ജോലിയുടെ സമ്മർദം താങ്ങാനാവാതെയുളള ആത്മഹത്യകളും ഉണ്ടാകുന്നുണ്ട്.

ഈ സാഹചര്യങ്ങളിൽ, പൊലീസ് സേനയുടെ അംഗബലം വർധിപ്പിക്കണമെന്ന ആവശ്യത്തിന് പ്രാധാന്യം ഏറെയാണ്. ജനസംഖ്യാ വർധനയുടെ അനുപാതത്തിനനുസരിച്ച് പുരുഷ–വനിതാ പൊലീസിന്റെ എണ്ണം കാലോചിതമായി പരിഷ്കരിക്കണം. സാമ്പത്തികപ്രതിസന്ധിയേക്കാൾ സംസ്ഥാനത്തിന്റെ താൽപര്യത്തിനാണ് ഇക്കാര്യത്തിൽ പ്രാധാന്യം നൽകേണ്ടത്. 

English Summary:

Kerala Police Thozhilveedhi Editorial News Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com