ADVERTISEMENT

കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സർവന്റ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരി ക്കാൻ എന്തുകൊണ്ടാണു പിഎസ്‌സി ഇത്ര താമസം വരുത്തുന്നതെന്നു മനസ്സിലാ വുന്നില്ല. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലായി ആയിരത്തോളം ഒഴിവു റിപ്പോർട്ട് ചെയ്തിട്ടും റാങ്ക് ലിസ്റ്റ് വൈകുന്നതിനാൽ നിയമനം മുടങ്ങിക്കിടക്കുകയാണ്. ഇത് വ്യാപകമായ താൽക്കാലിക നിയമനങ്ങൾക്കു വഴിയൊരുക്കുന്ന സാഹചര്യത്തിൽ എത്തിക്കരുത്.

2021 ഡിസംബർ 15നാണ് കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സർവന്റ് വിജ്ഞാപനം വന്നത്. 2022 മേയ് 15, 28, ജൂൺ 11, 19, ജൂലൈ 2, 16 തീയതികളിൽ നടത്തിയ കോമൺ പ്രിലിമിനറിക്കൊപ്പമായിരുന്നു പ്രാഥമിക പരീക്ഷ. 2023 ജനുവരി 19ന് അർഹതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഈ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് 2023 മേയ് 17നു മെയിൻ പരീക്ഷ നടത്തി. സെപ്റ്റംബർ 29നു സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഒക്ടോബർ–നവംബർ മാസങ്ങളിലായി സർട്ടിഫിക്കറ്റ് പരിശോധന, സൈക്ലിങ് ടെസ്റ്റ് എന്നിവയും പൂർത്തിയായി. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ ഇനി തടസ്സമൊന്നുമില്ലെങ്കിലും നടപടിക്രമം വൈകുന്നതിന്റെ കാരണം പിടികിട്ടുന്നില്ല.

2022 ഡിസംബർ 17നു ശേഷം ഈ തസ്തികയിൽ പിഎസ്‌സി വഴി നിയമനം നടന്നിട്ടില്ല. മുൻ റാങ്ക് ലിസ്റ്റ് 2022 ഡിസംബർ 17നു അവസാനിച്ചിരുന്നു. 2023 ജനുവരി 13 വരെ കാലാവധിയുണ്ടായിട്ടും, മെയിൻ ലിസ്റ്റിലെ എല്ലാവർക്കും നിയമന ശുപാർശ നൽകിയതോടെ റാങ്ക് ലിസ്റ്റ് നേരത്തേ അവസാനിക്കുകയായിരുന്നു. 3014 പേർക്കാണ് ഈ ലിസ്റ്റിൽനിന്നു നിയമന ശുപാർശ ലഭിച്ചത്.

ബവ്റിജസ് കോർപറേഷനിലെ നിയമനം ഈ റാങ്ക് ലിസ്റ്റിൽനിന്നാണ്. റാങ്ക് ലിസ്റ്റ് വൈകുന്നതിനാൽ ബവ്കോയിൽ ഡപ്യൂട്ടേഷൻ നിയമനം തുടങ്ങി. കൂടുതൽ പേരെ നിയമിക്കാൻ നീക്കവുമുണ്ട്. മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിലും താൽക്കാലിക നിയമനങ്ങൾ നടത്തുന്നു. പിഎസ്‌സി റാങ്ക് ലിസ്റ്റിൽനിന്ന് ഉദ്യോഗാർഥികളെത്തുമ്പോൾ പിരിച്ചുവിടുമെന്ന വ്യവസ്ഥയിലാണു താൽക്കാലിക നിയമനമെങ്കിലും രാഷ്ട്രീയസ്വാധീനത്തിന്റെ ബലത്തിൽ പലരും തുടരുന്നതാണു കണ്ടുവരാറുള്ളത്.

വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽനിന്നുള്ള നിയമനങ്ങൾ വൻതോതിൽ കുറഞ്ഞ സാഹചര്യത്തിൽ ഉദ്യോഗാർഥികൾക്ക് ഏറെ പ്രതീക്ഷയുള്ള തസ്തികയാണിത്. അതു തകർക്കാതെ നിയമന ശുപാർശ എത്രയും പെട്ടെന്ന് ആരംഭിക്കണം. 

English Summary:

Company Corporation Board Recruitment Editorial Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com