ADVERTISEMENT

അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയുടെ പ്രായപരിധി 3 വർഷം ഉയർത്തിയ റെയിൽവേ റിക്രൂട്മെന്റ് ബോർഡ് നടപടി സ്വാഗതാർഹമാണ്. കോവിഡ് പ്രതിസന്ധിമൂലം അവസരം നഷ്ടപ്പെട്ടതു കണക്കിലെടുത്താണ് തൊഴിലന്വേഷകർക്ക് ആശ്വാസമാകുന്ന ഈ തീരുമാനം ആർആർബി എടുത്തത്. എന്നാൽ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിയമനം നടത്തുന്ന പിഎസ്‌സികളിൽ മുന്നിലുള്ള കേരള പിഎസ്‌സി സമാന ആവശ്യം കേട്ട ഭാവമില്ല.

അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലെ 5696 ഒഴിവിലേക്കു ജനുവരിയിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചപ്പോൾ അപേക്ഷിക്കാനുള്ള പ്രായപരിധി 18–30 ആയിരുന്നു. കോവിഡിനെ തുടർന്നുള്ള അവസരനഷ്ടവും വിജ്ഞാപനം വൈകിയതും കണക്കിലെടുത്ത് തിരുത്തൽ വിജ്ഞാപനത്തിലൂടെ പ്രായപരിധി 18–33 വയസ്സാക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് സർക്കാർ സർവീസിലെ നിയമനം തടസ്സപ്പെട്ടതിനെ തുടർന്ന് മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളും ഉയർന്ന പ്രായപരിധിയിൽ അർഹമായ ഇളവ് അനുവദിച്ചിരുന്നു.

കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നായിരുന്നു കേരളം. ലോക്ഡൗണിനെ തുടർന്ന് മാസങ്ങളോളം സർക്കാർ ഓഫിസുകൾ അടഞ്ഞുകിടന്നു. പിഎസ്‌സിയുടെ പ്രവർത്തനങ്ങളും തടസപ്പെട്ടു. പ്രധാന തസ്തികകളായ എൽഡിസി, ലാസ്റ്റ് ഗ്രേഡ് ഉൾപ്പെടെ വിവിധ വിജ്ഞാപനങ്ങളുടെ പരീക്ഷാ നടത്തിപ്പ്, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം എന്നിവയെല്ലാം വൈകി. മൂന്നു വർഷത്തിലൊരിക്കലായിരുന്നു എൽഡിസി, ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കാറുണ്ടായിരുന്നത്. ഇവ ഒരു വർഷം വൈകിയപ്പോൾ ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാൻ അവസരം നഷ്ടപ്പെട്ടു.

എൽഡിസി, ലാസ്റ്റ് ഗ്രേഡ്, എസ്ഐ, സിപിഒ, തദ്ദേശ സ്ഥാപന സെക്രട്ടറി, എൽപിഎസ്ടി, യുപിഎസ്ടി, സെക്രട്ടേറിയറ്റ് ഓഫിസ് അറ്റൻഡന്റ് തുടങ്ങി പ്രധാനപ്പെട്ട ധാരാളം തസ്തികകളിലേക്കു കഴിഞ്ഞ വർഷം വിജ്ഞാപനം വന്നു. 744 വിജ്ഞാപനങ്ങളാണു കഴിഞ്ഞ വർഷം പിഎസ്‌സി പ്രസിദ്ധീകരിച്ചത്. പ്രായപരിധി കടന്നവരെയും പരിഗണിക്കണമെന്നു കാണിച്ച് സർക്കാരിനും പിഎസ്‌സിക്കും ഉദ്യോഗാർഥികൾ നിവേദനങ്ങൾ നൽകിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന നവകേരള സദസ്സിലും പരാതി ഉന്നയിച്ചു. ഒന്നിനും ഫലമുണ്ടായില്ല.

കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഒന്നോ രണ്ടോ വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവനുവദിച്ചിരുന്നെങ്കിൽ കഴിഞ്ഞ വർഷം പ്രായപരിധി അവസാനിച്ച പതിനായിരക്കണക്കിന് ഉദ്യോഗാർഥികൾക്കു പ്രയോജനം ലഭിച്ചേനേ. സർക്കാർ അനുകൂല തീരുമാനമെടുത്താൻ തിരുത്തൽ വിജ്ഞാപനത്തിലൂടെ ഇപ്പോഴും പ്രശ്നപരിഹാരത്തിന് അവസരമുണ്ട്. 

English Summary:

RRB PSC Editorial Thozhilveedhi News Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com