ADVERTISEMENT

ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ റാങ്ക് ലിസ്റ്റ് അവസാനിക്കാൻ ഒരു മാസം മാത്രം ശേഷിക്കുമ്പോഴും നിയമനം ഏറെ പരിതാപകരമാണ്. സുപ്രധാന തസ്തികയായിട്ടുകൂടി 19% നിയമന ശുപാർശ മാത്രമാണ് ഇതുവരെ നടന്നത്. ഈ തസ്തികയുടെ റാങ്ക് ലിസ്റ്റുകളിൽ ഏറ്റവും കുറവ് നിയമനം നടന്നത് ഇത്തവണയാണ്.

2021 മാർച്ച് 17നാണ് അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. മെയിൻ ലിസ്റ്റിൽ 1896, സപ്ലിമെന്ററി ലിസ്റ്റിൽ 1256, ഭിന്നശേഷി ലിസ്റ്റിൽ 26 എന്നിങ്ങനെ 3178 പേർ അടങ്ങിയതാണു ലിസ്റ്റ്. ലിസ്റ്റിന്റെ കാലാവധി 3 വർഷത്തോടടുക്കുമ്പോഴും നടന്നത് 604 നിയമന ശുപാർശ മാത്രം. ഇതിൽതന്നെ 304 എണ്ണം എൻജെഡി ഒഴിവാണ്. അതായത്, യഥാർഥ നിയമനം 300 മാത്രം. മുൻ റാങ്ക് ലിസ്റ്റിൽനിന്ന് മൂവായിരത്തിലധികം പേർക്കു നിയമന ശുപാർശ ലഭിച്ച സ്ഥാനത്താണ് ഇത്തവണ കടുത്ത നിയമനനിഷേധം.

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്ന രോഗികളുടെ എണ്ണം അനുദിനം വർധിക്കുമ്പോഴും ഇതിന് ആനുപാതികമായി ഡോക്ടർമാരുടെ തസ്തിക സൃഷ്ടിക്കാത്തതാണ് നിയമനം സ്തംഭിച്ചതിന്റെ പ്രധാന കാരണം. സർക്കാർ മെഡിക്കൽ കോളജുകളിൽമാത്രം ആയിരത്തോളം ഡോക്ടർമാരുടെ കുറവുണ്ടെന്നാണു വിവരം. ജില്ല, താലൂക്ക് ആശുപത്രികളിലും സിഎച്ച്സികളിലുമായി 400 ഒഴിവ് വേറെയുണ്ട്. ഒന്നാം പിണറായി സർക്കാർ 1,200 ഡോക്ടർമാരുടെ തസ്തിക അനുവദിക്കുമെന്നു വ്യക്തമാക്കിയിരുന്നെങ്കിലും നടപ്പായില്ല.

നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിയമനം നടക്കാത്തപ്പോഴും ഈ തസ്തികയുടെ പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള തയാറെടുപ്പിലാണു പിഎസ്‌സി. കഴിഞ്ഞ വർഷം മാർച്ച് 15നു പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ച് ഓഗസ്റ്റ് 24നു പരീക്ഷയും നടത്തി. നിലവിലുള്ള റാങ്ക് ലിസ്റ്റ് അവസാനിച്ചശേഷം പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കത്തക്ക രീതിയിൽ തിരഞ്ഞെടുപ്പ് നടപടികൾ പുരോഗമിക്കുകയാണ്.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം കൃത്യമാകുന്നതിനൊപ്പം നിയമനവും സജീവമാകേണ്ടതുണ്ട്. റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുംമുൻപ് ഈ തസ്തികയിലെ പരമാവധി ഒഴിവ് റിപ്പോർട്ട് ചെയ്ത് നിയമനം നടത്താൻ ആരോഗ്യ വകുപ്പ് തയാറാകണം. 

English Summary:

Medical Officer Recruitment Editorial News Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com