ADVERTISEMENT

സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റ് കാലാവധി അവസാന ആഴ്ചയിലേക്ക് എത്തിയിട്ടും നിയമന ശുപാർശ ഒട്ടും ആശാവഹമല്ല. 7 ബറ്റാലിയനിലായി 13,975 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽനിന്ന് 68% പേർക്കും നിയമനമായില്ല എന്നത്, രണ്ടു മാസത്തോളമായി സെക്രട്ടേറിയറ്റിനു മുന്നിൽ പ്രക്ഷോഭം നടത്തിവരുന്ന ഉദ്യോഗാർഥികളോടുള്ള വെല്ലുവിളിതന്നെയാണ്. മുൻപെങ്ങുമില്ലാത്ത രീതിയിൽ നിയമന ശുപാർശ കുത്തനെ കുറഞ്ഞത് ഈ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു മാത്രമല്ല, പുതിയ വിജ്ഞാപനപ്രകാരം അപേക്ഷ നൽകി കാത്തിരിക്കുന്നവരെയും നിരാശരാക്കുന്നു.

മുൻ റാങ്ക് ലിസ്റ്റുകളെ അപേക്ഷിച്ച് ഇത്തവണ നിയമനം തീർത്തും ശുഷ്കമാണ്. മുൻപില്ലാത്ത രീതിയിൽ പ്രലിമിനറി, മെയിൻ പരീക്ഷകൾ നടത്തിയാണ് പിഎസ്‌സി ഈ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. പരീക്ഷാസമയത്ത് ഉദ്യോഗാർഥികൾക്കുണ്ടായ ഇരട്ടി ബുദ്ധിമുട്ടിനു പരിഹാരമായി കൂടുതൽ നിയമനം നടക്കുമെന്നു പ്രചാരണം ഉണ്ടായിരുന്നെങ്കിലും അതെല്ലാം വെറുംവാക്കായി. മുൻ സിപിഒ റാങ്ക് ലിസ്റ്റിൽനിന്ന് 51% പേർക്കു നിയമന ശുപാർശ ലഭിച്ചപ്പോഴാണ് ഇത്തവണ 32 ശതമാനത്തിലേക്കു കൂപ്പുകുത്തിയത്.

ക്രമസമാധാനപാലനം, സുരക്ഷ തുടങ്ങിയ അടിസ്ഥാനസേവനങ്ങൾക്കു സംസ്ഥാന പൊലീസ് സേനയിൽ അംഗബലം വളരെ കുറവാണ്. ഇക്കാര്യം സൂചിപ്പിച്ച് പൊലീസ് തലപ്പത്തുനിന്ന് സർക്കാരിനു പലതവണ കത്തുകളും നിവേദനങ്ങളും നൽകിയെങ്കിലും ഒന്നിനും ഫലമുണ്ടായില്ല. സാമ്പത്തികപ്രതിസന്ധിയുടെയും മറ്റും പേരു പറഞ്ഞ് ഈ ശുപാർശകളെല്ലാം സർക്കാർ മടക്കി. ഭരണകർത്താക്കളുടെ ഈ നിസ്സംഗത ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ പ്രതീക്ഷകളാണു തകർത്തത്.

സിപിഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും കുടുംബാംഗങ്ങളും രണ്ടു മാസമായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരത്തിലാണ്. സഹനസമരമുറകൾ പലതു നടത്തിയിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ല. പ്രായപരിധി കഴിഞ്ഞതിനാൽ ഇവരിൽ ഭൂരിപക്ഷത്തിന്റെയും അവസാന അവസരമാണ് ഇത്തവണത്തേത്. എൻജെഡി ഉൾപ്പെടെയുള്ള ഒഴിവുകളും പുതിയതായി സൃഷ്ടിക്കാൻ കഴിയുന്നത്ര ഒഴിവുകളും പരമാവധി കണ്ടെത്തി ഈ അവസാന നിമിഷമെങ്കിലും പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യാൻ ബന്ധപ്പെട്ടവർ തയാറായാൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട കുറച്ചു പേർക്കുകൂടിയെങ്കിലും നിയമനം ലഭിക്കും. പൊരിവെയിലത്ത് നടുറോഡിൽനിന്നു ജോലിക്കായി യാചിക്കുന്ന ഈ ചെറുപ്പക്കാരുടെ വേദന സർക്കാർ കാണാതിരിക്കരുത്. 

English Summary:

Civil Police Officer Ranklist Editorial Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com