ADVERTISEMENT

സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ നിയമനം ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച അനിശ്ചിതകാല സമരം ഒരു മാസം പിന്നിടുമ്പോഴും കെടാതെ ആവേശം.

മെഴുകുതിരി കത്തിച്ചും തലമുണ്ഡനം ചെയ്തും ശവമഞ്ചം ചുമന്നു പ്രതീകാത്മക ശവസംസ്കാരം നടത്തിയും റോഡിൽ നിരത്തിയ കല്ലുപ്പിനു മീതേ മുട്ടുകുത്തിയിരുന്നും പലവിധ സമരങ്ങൾ നടത്തിയിട്ടും സർക്കാർ തിരിഞ്ഞുനോക്കിയില്ല. ഒടുവിൽ സെക്രട്ടേറിയറ്റ് നടയിൽ രണ്ടു പേർ ആത്മഹത്യയ്ക്കു ശ്രമിച്ചത് വിവാദമായതോടെ ‍ഡിജിപി ഇടപ്പെട്ട് ഉദ്യോഗാർഥികളെ ചർച്ചയ്ക്കു വിളിച്ചു. ഉദ്യോഗാർഥികളുടെ ആവശ്യം ന്യായമാണെന്ന് അംഗീകരിച്ച പൊലീസ് ഉദ്യോഗസ്ഥർ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നു പറഞ്ഞ് കൈയൊഴിഞ്ഞതോടെ സമരരീതി കൂടുതൽ കടുപ്പത്തിലാക്കാൻ ഉദ്യോഗാർഥികൾ തീരുമാനിക്കുകയായിരുന്നു.

മാർച്ച് 5ന് അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. 14 ജില്ലകളെയും പ്രതിനിധീകരിച്ചു രണ്ടു പേർ വീതം ആകെ 28 പേരാണു നിരാഹാരസമരത്തിൽ. രക്ഷിതാക്കളെയും അധ്യാപകരെയുമടക്കം സമരത്തിൽ അണിനിരത്തിയിട്ടുണ്ട്.

cpo-strike-gif

പൊലീസ് സ്റ്റേഷനുകളിൽ അധിക അംഗബലം ആവശ്യപ്പെട്ട് 20 പൊലീസ് ജില്ലകളിൽനിന്നു ഡിജിപിക്കു സമർപ്പിച്ച ശുപാർശ അംഗീകരിച്ച് നിയമനം നടത്തുക, റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുക തുടങ്ങിയ ആവശ്യങ്ങളാണ് ഉദ്യോഗാർഥികൾ പ്രധാനമായി ഉന്നയിക്കുന്നത്. ഒരു വർഷം മാത്രം കാലാവധിയുള്ള റാങ്ക് ലിസ്റ്റ് ഏപ്രിൽ 12നു റദ്ദാകും. ഇതിനുള്ളിൽ പരമാവധി പേർക്കു നിയമനം നൽകണമെന്നതാണ് ആവശ്യം.

രണ്ടു ഘട്ടം പിന്നിട്ടിട്ടും നടക്കാതെ നിയമനം

മുൻപ് ഒഎംആർ പരീക്ഷ, കായികക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണു സിപിഒ റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചിരുന്നത്. ഇത്തവണ പ്രിലിമിനറി, മെയിൻ പരീക്ഷകളും കായികക്ഷമത പരീക്ഷയും നടത്തിയാണ് ഉദ്യോഗാർഥികളെ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഇക്കാരണത്താൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ വൈകി. ഇതിനെതിരെ പരാതി ഉയർന്നതോടെ പുതുതായി വന്ന സിപിഒ വിജ്ഞാപനത്തിൽ രണ്ടു ഘട്ട പരീക്ഷാ സമ്പ്രദായം ഒഴിവാക്കി.

രണ്ടു ഘട്ട പരീക്ഷാരീതി നടപ്പാക്കിയപ്പോൾ ലിസ്റ്റിൽ ഉൾപ്പെടുന്ന പരാമവധി പേർക്കു നിയമനം ലഭിക്കുമെന്നായിരുന്നു പിഎസ്‌സിയുടെ വാഗ്ദാനം. അതു നടപ്പാക്കാതെ വഞ്ചിച്ചെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. നിയമനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, മന്ത്രിമാർ, 140 എംഎൽഎമാർ, ഭരണ–പ്രതിപക്ഷ നേതാക്കൾ, യുവജന സംഘടനാ നേതാക്കൾ തുടങ്ങിയവർക്കെല്ലാം ഉദ്യോഗാർഥികൾ അപേക്ഷ നൽകിയിട്ടുണ്ട്. നവകേരള സദസ്സിൽ മാത്രം അയ്യായിരത്തിലധികം നിവേദനം സമർപ്പിച്ചു. എന്നിട്ടും അനുകൂല തീരുമാനം ഉണ്ടാകാതെയാണ് സെക്രട്ടേറിയറ്റ് പടിക്കൽ സമരം തുടങ്ങിയത്.

cpo-harikrishnan-gif

"സാമ്പത്തിക പ്രതിസന്ധി കാരണം കൂടുതൽ പൊലീസ് തസ്തിക സൃഷ്ടിക്കാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, ഇതേ തസ്തികയിലേക്ക് വീണ്ടും വിജ്ഞാപനമിറക്കി ഷോർട് ലിസ്റ്റും പ്രസിദ്ധീകരിച്ചിരിക്കുകയാണു പിഎസ്‌സി. കഴിഞ്ഞ വർഷം അവസാനം വീണ്ടും ഒരു വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ഒരു റാങ്ക് ലിസ്റ്റ് നിലവിലിരിക്കെയാണ് രണ്ടു വിജ്ഞാപനങ്ങൾകൂടി വന്നത്.. നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽനിന്നു നിയമനം നടത്താൻ കഴിയില്ലെങ്കിൽ ഇനി വരാനുള്ള 2 റാങ്ക് ലിസ്റ്റുകളിൽനിന്ന് എങ്ങനെയാണു നിയമനം നടത്തുക? പ്രായപരിധി അവസാനിച്ചതിനാൽ ഇനി പരീക്ഷ എഴുതാൻ അവസരമില്ലാത്തവരാണ് നിലവിലുള്ള റാങ്ക് ലിസ്റ്റിൽ അവശേഷിക്കുന്ന ഭൂരിഭാഗം പേരും. സിപിഒ ലിസ്റ്റിന്റെ കാലാവധി നീട്ടിയും പരമാവധി ഒഴിവ് റിപ്പോർട്ട് ചെയ്തും റാങ്ക് ലിസ്റ്റിൽനിന്നു നിയമനം നടത്താൻ സർക്കാരും പൊലീസ് വകുപ്പും തയാറാകണം"

തിരുവനന്തപുരത്തു മാത്രം 2602 ഒഴിവെന്ന് റിപ്പോർട്ട്

നിയമനം നടക്കാതെ ഉദ്യോഗാർഥികൾ തെരുവിൽ പ്രക്ഷോഭം തുടരുന്നതിനിടെ, തിരുവനന്തപുരം ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ മാത്രം 2,602 പേരുടെ അധിക അംഗബലം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി ഡിജിപിക്കു ശുപാർശ നൽകി. സിറ്റിയിൽ 1225 പേരെയും റൂറലിൽ 1337 പേരെയും അധികമായി നിയോഗിക്കണ മെന്നാണ് ആവശ്യം. സിവിൽ പൊലീസ് ഓഫിസർ തസ്തികയിൽ മാത്രം 1268 തസ്തിക ആവശ്യമുണ്ട്. പൊലീസ് സ്റ്റേഷനുകളിൽ അധിക അംഗബലം ആവശ്യമുണ്ടെങ്കിൽ ശുപാർശ നൽകാൻ ഡിജിപി നിർദേശം നൽകിയിരുന്നതിനെ തുടർന്നാണു ജില്ലാ പൊലീസ് മേധാവി മറുപടി നൽകിയത്.

5038 ഒഴിവ് റിപ്പോർട്ട് ചെയ്തെന്ന് പൊലീസ് വകുപ്പ്

സിപിഒ തസ്തികയിലെ 5038 ഒഴിവ് ഇതുവരെ റിപ്പോർട്ട് ചെയ്തെന്ന് പൊലീസ് വകുപ്പ്. സ്റ്റേറ്റ് പൊലീസ് മീഡിയ സെന്ററിന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ മാർച്ച് 3നാണ് ഈ കണക്ക് ഉൾപ്പെടുത്തിയത്. ഇതിൽ എൻജെഡി ഒഴിവുകളും ഉൾപ്പെടുന്നു. 2024 ജൂൺ ഒന്നു വരെ വിരമിക്കൽമൂലം ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളും 1200 താൽക്കാലിക പരിശീലന തസ്തികകളിൽ ഉൾപ്പെടുത്തി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 3070 പേർ വിവിധ ബറ്റാലിയനിലായി പരിശീലനത്തിലാണ്. അഡ്വൈസ് ചെയ്യപ്പെട്ട 1298 പേർ നിയമനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 307 പുതിയ ഒഴിവിന്റെ അഡ്വൈസ് പിഎസ്‌സിയിൽനിന്നു ലഭിക്കാനുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.

കള്ളക്കണക്കെന്ന് റാങ്ക് ഹോൾഡേഴ്സ്

സിപിഒയുടെ 5038 ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നതു കള്ളക്കണക്കാണെന്ന് റാങ്ക് ഹോൾഡേഴ്സ്. 5038 ഒഴിവിൽ വനിതാ സിവിൽ പൊലീസ് ഓഫിസർ, പൊലീസ് ഡ്രൈവർ, ടെലികമ്യൂണിക്കേഷൻ പൊലീസ്, എസ്‌സി/എസ്ടി വിഭാഗങ്ങൾക്കുള്ള സ്പെഷൽ റിക്രൂട്മെന്റ് തസ്തികകളിൽ നടന്ന നിയമനങ്ങളും ഉൾപ്പെടുന്നുണ്ട്. സിവിൽ പൊലീസ് ഓഫിസർ എന്ന തസ്തികയുമായി ബന്ധമില്ലാത്ത ഒഴിവുകളാണിവ. 3326 ഒഴിവിൽ മാത്രമാണ് ഇതുവരെ നിയമനം നടന്നത്. ബാക്കി ഒഴിവുകൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ ശേഖരിച്ചു നൽകിയ എൻജെഡി ഒഴിവുകളാണെന്നും റാങ്ക് ഹോൾഡേഴ്സ് ചൂണ്ടിക്കാട്ടുന്നു. 

English Summary:

CPO Rankholders Strike PSC Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com