ADVERTISEMENT

വില്ലേജ് എക്സ്റ്റൻഷൻ ഒാഫിസർ: റാങ്ക് ലിസ്റ്റുകൾ തീരുന്നു; നിയമനം പകുതിയിൽ താഴെ

ഗ്രാമവികസന വകുപ്പിൽ വില്ലേജ് എക്സ്റ്റൻഷൻ ഒാഫിസർ ഗ്രേഡ്–2 റാങ്ക് ലിസ്റ്റിൽനിന്നുള്ള നിയമനം മുൻകാലങ്ങളേക്കാൾ പകുതിയായി.

മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 14 ജില്ലയിലുമായി 1788 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു. ഇത്തവണ ഇതുവരെ നടന്നത് 834 ശുപാർശ മാത്രം. വകുപ്പ് ഏകീകരണത്തെ തുടർന്ന് ഈ തസ്തിക നിർത്തലാക്കിയെങ്കിലും ഇത്തവണത്തെ റാങ്ക് ലിസ്റ്റിൽനിന്നു നിയമനം നടത്തുന്നതിനു തടസ്സമില്ലായിരുന്നു. എന്നാൽ, റാങ്ക് ലിസ്റ്റുകൾ 3 വർഷ കാലാവധിയടുക്കുമ്പോഴും നിയമനം വലിയതോതിൽ കുറഞ്ഞിരിക്കുകയാണ്.

മൂന്നു ജില്ലകളിൽ ലിസ്റ്റ് റദ്ദായി

ഈ തസ്തികയുടെ 3 ജില്ലകളിലെ റാങ്ക് ലിസ്റ്റുകൾ റദ്ദായിക്കഴിഞ്ഞു. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിലെ ലിസ്റ്റാണ് 3 വർഷ കാലാവധി പൂർത്തിയാക്കി അവസാനിച്ചത്. തിരുവനന്തപുരത്തു 104 പേർക്കും കൊല്ലത്ത് 54 പേർക്കും കണ്ണൂരിൽ 26 പേർക്കും നിയമന ശുപാർശ ലഭിച്ചു. എറണാകുളം, പാലക്കാട്, വയനാട് ഒഴികെ ബാക്കി ജില്ലകളിലെ റാങ്ക് ലിസ്റ്റും ഈ വർഷം റദ്ദാകും.

ഇതുവരെ 834 ശുപാർശ

വിവിധ ജില്ലകളിലായി 834 പേർക്കാണ് ഇതുവരെ നിയമന ശുപാർശ ലഭിച്ചത്. ഏറ്റവും കൂടുതൽ ശുപാർശ എറണാകുളം ജില്ലയിൽ–142. കുറവ് വയനാട് ജില്ലയിൽ–16. തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിൽ മാത്രമാണ് നിയമന ശുപാർശ 100 കടന്നത്. കോട്ടയം, ഇടുക്കി, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 50 പേർക്കുപോലും ശുപാർശ ലഭിച്ചിട്ടില്ല. 14 ജില്ലയിലുമായി നടന്ന നിയമന ശുപാർശയിൽ 251 എണ്ണവും എൻജെഡി ഒഴിവുകളിലാണ്. യഥാർഥ നിയമനം 583 മാത്രം.

യൂണി. കംപ്യൂട്ടർ അസിസ്റ്റന്റ്: റാങ്ക് ലിസ്റ്റ് ജൂൺ 16ന് തീരും; നിയമനമാകാതെ 1024 പേർ

സർവകലാശാലാ കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ്–2 റാങ്ക് ലിസ്റ്റ് ജൂൺ 16ന് അവസാനിക്കുന്നു. മെയിൻ, സപ്ലിമെന്ററി ലിസ്റ്റുകളിലായി 1024 പേർ നിയമനം കാത്തിരിക്കുന്ന ലിസ്റ്റാണ് 3 വർഷ കാലാവധി പൂർത്തിയാക്കി അവസാനിക്കുന്നത്.

മെയിൻ ലിസ്റ്റിൽ 834, സപ്ലിമെന്ററി ലിസ്റ്റിൽ 690, ഭിന്നശേഷി ലിസ്റ്റിൽ 47 എന്നിങ്ങനെ 1571 പേരാണു റാങ്ക് ലിസ്റ്റിലുള്ളത്. 547 പേർക്കു മാത്രമേ നിയമന ശുപാർശ ലഭിച്ചിട്ടുള്ളൂ. ഈ തസ്തികയുടെ പുതിയ വിജ്ഞാപനം 2022 നവംബർ 30നു പ്രസിദ്ധീകരിക്കുകയും. 2023 ഓഗസ്റ്റ് 12നു പരീക്ഷ നടത്തുകയും ചെയ്തു. സാധ്യതാ ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കും. നിലവിലുള്ള ലിസ്റ്റിന്റെ കാലാവധി അവസാനിച്ചശേഷം പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണു പിഎസ്‌സി തീരുമാനം.

നിലവിലുള്ള ലിസ്റ്റിലെ നിയമനനില: ഓപ്പൺ മെറിറ്റ്–465, എസ്‌സി–സപ്ലിമെന്ററി 42, എസ്ടി–സപ്ലിമെന്ററി 16, മുസ്‌ലിം–സപ്ലിമെന്ററി 9, എൽസി/എഐ–724, ഒബിസി–495, എസ്‌സിസിസി–സപ്ലിമെന്ററി 5, ധീവര–സപ്ലിമെന്ററി 3. ഭിന്നശേഷി: എച്ച്ഐ–17, എൽഡി/സിപി–11. ഈഴവ, വിശ്വകർമ, എസ്ഐയുസി നാടാർ, ഹിന്ദു നാടാർ വിഭാഗങ്ങളിൽ ഓപ്പൺ മെറിറ്റിനുള്ളിലാണ് നിയമനം.

പുതിയ സാധ്യതാ ലിസ്റ്റിൽ 1238 പേർ

സർവകലാശാലാ കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ്–2 സാധ്യതാ ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു.

മെയിൻ ലിസ്റ്റിൽ 604, സപ്ലിമെന്ററി ലിസ്റ്റിൽ 610, ഭിന്നശേഷി ലിസ്റ്റിൽ 24 എന്നിങ്ങനെ 1238 പേർ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കട്ട് ഓഫ് മാർക്ക് 63. സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

ലിസ്റ്റിൽ ആളെ കുറച്ചു

മുൻ റാങ്ക് ലിസ്റ്റിനെ അപേക്ഷിച്ച് പുതിയ ലിസ്റ്റിൽ 333 പേരുടെ കുറവുണ്ട്. മെയിൻ ലിസ്റ്റിൽ 834, സപ്ലിമെന്ററി ലിസ്റ്റിൽ 690, ഭിന്നശേഷി ലിസ്റ്റിൽ 47 എന്നിങ്ങനെ 1571 പേരെ മുൻ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഇത്തവണ മെയിൻ ലിസ്റ്റിൽ മാത്രം 230 പേർ കുറഞ്ഞു. സപ്ലിമെന്ററി ലിസ്റ്റിൽ 80, ഭിന്നശേഷി ലിസ്റ്റിൽ 23 എന്നിങ്ങനെയാണ് ഉദ്യോഗാർഥികളുടെ കുറവ്. 

English Summary:

PSC List VEO University Computer Assistant Updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com