സിപിഒ: മുട്ടിലിഴഞ്ഞും തലമുണ്ഡനം ചെയ്തും ഉദ്യോഗാർഥികൾ; ലിസ്റ്റ് തീരാറായിട്ടും നിയമനം നൽകാതെ സർക്കാർ

Mail This Article
ഒരു വർഷ കാലാവധി പൂർത്തിയാക്കി സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ലിസ്റ്റുകൾ ഏപ്രിൽ 12ന് അവസാനിക്കുന്നു. ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ 68% പേർക്കും നിയമന ശുപാർശ ലഭിച്ചിട്ടില്ല.
ഏഴു ബറ്റാലിയനിലായി 13,975 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിലെ 4,436 പേർക്കാണ് ഇതുവരെ നിയമന ശുപാർശ ലഭിച്ചു. ആകെ നിയമന ശുപാർശയിൽ 1018 എണ്ണവും എൻജെഡി ഒഴിവുകളിലാണ്. അതായത്, യഥാർഥ നിയമനം 3418 (24%) മാത്രം. മുൻ റാങ്ക് ലിസ്റ്റിലെ 5,610 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു. അതായത്, 51% പേർക്ക്.
രണ്ടു മാസമായി സമരമുഖത്ത്
സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച അനിശ്ചിതകാല സമരം രണ്ടു മാസമാകുന്നു. വായ മൂടിക്കെട്ടിയും മുട്ടിലിഴഞ്ഞും മെഴുകുതിരി കത്തിച്ചും തല മുണ്ഡനം ചെയ്തും പ്രതീകാത്മക ശവസംസ്കാരം നടത്തിയും റോഡിൽ കല്ലുപ്പിനു മീതേ മുട്ടുകുത്തിയിരുന്നും വിവിധ സമര മുറകൾ നടപ്പാക്കിയെങ്കിലും സർക്കാർ അനുഭാവം പ്രകടിപ്പിച്ചതേയില്ല. ദിവസങ്ങളോളം നിരാഹാര സമരവും തുടർന്നു.
രണ്ടു പേർ ദേഹത്തു പെട്രോൾ ഒഴിച്ചു ജീവനൊടുക്കാൻ ശ്രമം നടത്തിയത് വിവാദമായപ്പോൾ ഡിജിപി ഇടപ്പെട്ട് ഉദ്യോഗാർഥികളെ ചർച്ചയ്ക്കു വിളിച്ചിരുന്നു. ചർച്ചയിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ആവശ്യം ന്യായമാണെന്ന് അംഗീകരിച്ച പൊലീസ് ഉദ്യോഗസ്ഥർ തീരുമാനം എടുക്കേണ്ടതു സർക്കാരാണെന്നു പറഞ്ഞ് കൈയൊഴിഞ്ഞു.
നിയമനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, സംസ്ഥാന മന്ത്രിമാർ, 140 എംഎൽഎമാർ, സിപിഎം സംസ്ഥാന, ജില്ലാ നേതാക്കൾ, പ്രതിപക്ഷ നേതാക്കൾ, യുവജനസംഘടനാ നേതാക്കൾ തുടങ്ങി സംസ്ഥാനത്തെ മിക്ക രാഷ്ട്രീയ നേതാക്കൾക്കും ജനപ്രതിനിധികൾക്കും ഉദ്യോഗാർഥികൾ അപേക്ഷ നൽകി. നവകേരള സദസ്സിൽ അയ്യായിരത്തിലധികം നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തു. എന്നിട്ടും അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണു സെക്രട്ടേറിയറ്റ് പടിക്കൽ സമരം തുടങ്ങിയത്.