കേരളബാങ്ക് വിജ്ഞാപനം ഇനിയെന്ന്? ഹൈക്കോടതി വിധിക്കെതിരെ പിഎസ്‌സി അപ്പീലിന്
Mail This Article
കേരള ബാങ്ക് ക്ലാർക്ക്/കാഷ്യർ, ഓഫിസ് അറ്റൻഡന്റ് വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കുന്നതു തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. അപ്പീലിലെ വിധിക്കനുസരിച്ച് തുടർനടപടികൾ സ്വീകരിക്കും. ഏപ്രിൽ ഒന്നിലെ ഗസറ്റിൽ പ്രസിദ്ധീകരിക്കാനിരുന്ന വിജ്ഞാപനങ്ങൾ ഹൈക്കോടതി വിധിയെ തുടർന്നാണ് പിഎസ്‌സി മാറ്റിവച്ചത്. പകരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ക്ലിനിക്കൽ ഓഡിയോ മെട്രിഷ്യൻ ഗ്രേഡ്–2, സർവകലാശാലകളിൽ ഓവർസിയർ ഗ്രേഡ്–2 (മെക്കാനിക്കൽ), ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ എൽഡി ടെക്നിഷ്യൻ, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ മെയിൽ നഴ്സിങ് അസിസ്റ്റന്റ് എന്നീ തസ്തികകൾ ഉൾപ്പെടുത്തി. കേരള ബാങ്ക് വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കുന്നതിനുള്ള തടസ്സം നീങ്ങിയാൽ ഏപ്രിൽ അവസാനമോ മേയിലോ ക്ലാർക്ക്/കാഷ്യർ, ഓഫിസ് അറ്റൻഡന്റ് തസ്തികകളിലേക്കുള്ള വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കും.