പി.സി. കുട്ടിക്കൃഷ്ണൻ (ഉറൂബ്)
PC Kuttikrishnan (Uroob)

1915 ജൂൺ 8-ന് പൊന്നാനിക്കു സമീപമുള്ള പള്ളിപ്രം ഗ്രാമത്തിലെ പരുത്തുള്ളി ചാലപ്പുറത്തു വീട്ടിൽ ജനിച്ചു. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം പ്രത്യേക ലക്ഷ്യമില്ലാതെ ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളിലും അലഞ്ഞുനടന്നു. കമ്പൗണ്ടർ, അദ്ധ്യാപകൻ, ഗുമസ്തൻ, ബനിയൻ കമ്പനിയുടെ സൂപ്പർവൈസർ, കെ.ആർ. ബ്രദേഴ്‌സിലെ റീഡർ, മംഗളോദയം മാസികയുടെ പത്രാധിപസമിതി അംഗം എന്നിങ്ങനെ പല ജോലികൾ നോക്കി. 1950 മുതൽ 1975 വരെ കോഴിക്കോട് ആകാശവാണിയിൽ സ്റ്റാഫ് ആർട്ടിസ്റ്റായും പ്രൊഡ്യൂസറായും പ്രവർത്തിച്ചു. തുടർന്ന്  'കുങ്കുമം' വാരികയുടെയും അതിനുശേഷം 'മലയാള മനോരമ' ആഴ്ചപ്പതിപ്പിന്റെയും പത്രാധിപരായിരുന്നു. സുന്ദരികളും സുന്ദരന്മാരും എന്ന നോവലിന് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. നോവൽ, കഥ, കവിത, നാടകം, ബാലസാഹിത്യം, ലേഖനം എന്നീ വിഭാഗങ്ങളിൽ നാല്പതോളം കൃതികൾ. ദേശീയ അവാർഡ് നേടിയ ആദ്യ മലയാളചിത്രമായ 'നീലക്കുയിലി'ന്റെ കഥാസംഭാഷണരചയിതാവ്. 'മലയാള മനോരമ' ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരിക്കെ 1979 ജൂലൈ 10-ന് അന്തരിച്ചു.