മൻ‌മോഹൻ സിങ്
Manmohan Singh

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി. സാമ്പത്തിക വിദഗ്‌ധൻ. ഇന്ത്യൻ സമ്പദ് വ്യവസ്‌ഥയുടെ ഉദാരവൽക്കരണത്തിന്റെ ഉപജ്‌ഞാതാവ്. റിസർവ് ബാങ്ക് ഗവർണർ (1982 85), രാജ്യാന്തര നാണ്യനിധിയുടെ ഇന്ത്യയിലെ ഡയറക്‌ടർ (1985), ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷൻ (1985 87), ധനമന്ത്രി (1991 96), രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് (1999 2004) തുടങ്ങിയ സ്‌ഥാനങ്ങൾ വഹിച്ചു. 

ജീവിതം

പഞ്ചാബിലെ ഗഹ് വില്ലേജിൽ (ഇപ്പോൾ പാക്കിസ്‌ഥാനിൽ) ഗുരുമുഖ് സിങ്ങിന്റെയും അമൃത് കൗറിന്റെയും മകനായി 1932 സെപ്‌റ്റംബർ 26നു ജനനം. പഞ്ചാബ്‌ സർവകലാശാല, കേംബ്രിജ് സർവകലാശാല, ഓക്സ്ഫഡ് സർവകലാശാല എന്നിവിടങ്ങളിലായിരുന്നു മൻമോഹന്റെ ഉന്നതവിദ്യാഭ്യാസം. സാമ്പത്തികശാസ്ത്രം ഇഷ്ടമേഖലയാക്കിയ മൻമോഹൻ സിങ്, മുൻ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ്‌ രാഷ്ട്രീയത്തിലെത്തിയത്‌.  

റിസർവ്‌ ബാങ്ക്‌ ഗവർണർ എന്നനിലയിൽ ദേശീയതലത്തിലും രാജ്യാന്തര നാണയനിധി(ഐഎംഎഫ്‌) അംഗമെന്ന നിലയിൽ രാജ്യാന്തര തലത്തിലും ശ്രദ്ധനേടി. നരസിംഹറാവു മന്ത്രിസഭയിൽ ധനമന്ത്രിയായിരിക്കെ സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക അടിത്തറതന്നെ മാറ്റിവരയ്ക്കുന്ന പരിഷ്കാരങ്ങൾ നടപ്പിലാക്കി. 

2004 മേയ് 22നു പ്രധാനമന്ത്രിയായി ആദ്യതവണ സത്യപ്രതിജ്‌ഞ ചെയ്‌തു. ഇടതുപക്ഷകക്ഷികളുടെ പിന്തുണയോടെയായിരുന്നു സർക്കാർ രൂപീകരിച്ചത്. അമേരിക്കയുമായുള്ള ആണവക്കരാറിന്റെ പേരിൽ ഇടതുപക്ഷം പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് 2008 ജൂലൈ 22ന് മൻമോഹൻ സർക്കാർ ലോക്സഭയിൽ വിശ്വാസവോട്ട് തേടി. സമാജ് വാദി പാർട്ടിയുടെ പിന്തുണയോടു കൂടി സർക്കാർ വിശ്വാസവോട്ട് അതിജീവിച്ചു. 2009ലെ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ വീണ്ടും അധികാരത്തിലെത്തിയപ്പോൾ മൻമോഹൻ തുടർച്ചയായ രണ്ടാംതവണയും പ്രധാനമന്ത്രിയായി. 2014വരെ പ്രധാനമന്ത്രിപദത്തിൽ തുടർന്നു. ഭാര്യ: ഗുർശരൺ കൗർ. മൂന്നു പെൺമക്കളുണ്ട്.