ADVERTISEMENT

ഇന്ന് ലോക പൈതൃകദിനമാണ്. യാത്രകൾ പലവിധമുണ്ട്. ചിലത് ഇതുവരെ കണ്ടറിയാത്ത പ്രകൃതിയുടെ കാഴ്ചകൾ തേടിയായിരിക്കാം. ചിലത് ഉല്ലാസത്തിനായിരിക്കാം. പക്ഷേ ചിലർ യാത്ര ചെയ്യുന്നത് അവനവനിലേക്കാണ്. പോയ തലമുറ തനിക്കായവശേഷിപ്പിച്ച കാഴ്ചകൾ തേടിയാണ് ആ യാത്രകൾ. തന്റെ മണ്ണിന്റെ പൈതൃകം തേടി, ചരിത്രത്തിന്റെ പിന്നിട്ട വഴികളിലൂടെയുള്ള യാത്ര. കേരളത്തിലങ്ങോളമിങ്ങോളം സംരക്ഷിത ചരിത്രസ്മാരകങ്ങളുണ്ട്.  എന്നാൽ ഓർമയിൽനിന്നു മാഞ്ഞുപോയ സ്മാരകങ്ങളും തൂത്തെറിയപ്പെട്ട സ്മാരകങ്ങളുമുണ്ട്. ചിലതിന്റെ ശേഷിപ്പുകൾ തേടി കണ്ടെത്തുകയെന്നത് അസാധ്യവുമാണ്. അത്തരമൊരു കാഴ്ച തേടിയാണ് ഈ യാത്ര.

∙ ഈ യാത്ര, പോയ കാലത്തേക്ക്...

കോഴിക്കോട് നഗരത്തിൽനിന്നു തെക്ക് പന്ത്രണ്ടു കിലോമീറ്ററോളം അകലെയുള്ള ചെറുനഗരമാണ് ഫറോക്ക്. ചാലിയാറിന്റെ മറുകരയിൽ പരന്നുകിടക്കുന്ന നഗരം. ഇരുമ്പുപാലം കടന്ന് മുന്നോട്ടുപോവുമ്പോൾ പുഴയുടെ വശങ്ങളിൽ തലയുയർത്തി നിൽക്കുന്ന ഓട്ടുകമ്പനികളുടെ പുകക്കുഴലുകൾ കാണാം. ചെറുബസ്സുകളുടെ ചാകരയാണ് ഫറോക്ക് ബസ് സ്റ്റാൻഡിൽ. 

tippu-fort3

ദേശീയപാത വഴി രാമനാട്ടുകരയിലേക്ക് ഒരു റോഡ് നീണ്ടുകിടക്കുന്നു. സ്റ്റാൻഡിനോരത്തുകൂടി മണ്ണൂർ, കടലുണ്ടി ഭാഗത്തേക്കുള്ള റോഡും നീണ്ടുകിടക്കുന്നുണ്ട്. കടലുണ്ടി റോഡിലൂടെ കയറ്റം കയറി മുന്നോട്ടു ചെന്നാൽ‍ ഇടത്തോട്ട് വീതികുറഞ്ഞൊരു റോഡുണ്ട്. ആ റോഡ് ഒരു കുന്നിന്റെ മുകളിലേക്ക് എത്തിച്ചേരുകയാണ്. അവിടെ അടഞ്ഞുകിടക്കുന്ന ഒരു ഗേറ്റ്.

heritage-tippu-fort

നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ഭൂമിയിലാണ് എത്തിനിൽക്കുന്നത്.ഒരിക്കൽ ബ്രിട്ടീഷുകാർ തൂത്തെറിഞ്ഞ ചരിത്രമാണ്. ഇവിടെയാണ് ടിപ്പുസുൽത്താൻ നിർമിച്ച കോട്ട സ്ഥിതിചെയ്തിരുന്നത്.

∙ മണ്ണിനടയിൽ ഉറങ്ങുന്ന ചരിത്രം

ഇന്ന് ഈഭാഗം കോട്ടക്കുന്നെന്നാണ്അറിയപ്പെടുന്നത്. താഴെയുള്ള പ്രദേശം കോട്ടേപ്പാടം എന്നാണ് അറിയപ്പെടുന്നത്. ഇവിടെ മണ്ണിനടിയിൽ വൃത്താകൃതിയിലുള്ള വിസ്താരമേറിയ ഒരു കോട്ടയുടെ അവശിഷ്ടങ്ങൾ ഉറങ്ങിക്കിടക്കുന്നുണ്ട്. കോട്ടയ്ക്കു ചുറ്റും കിടങ്ങുകൾ. കുതിരകളുടെ സഞ്ചാരപാതകൾ. വിളക്കുമാടങ്ങൾ. വൃത്താകൃതിയിലുള്ള കോട്ടയുടെ വിവിധവശങ്ങളിൽ നിരീക്ഷണത്തിനും പീരങ്കിവയ്ക്കാനുമായി തയാറാക്കിയ വൃത്ത ഗോപുരങ്ങളുണ്ടായിരുന്നു. ഇന്ന് അവയുടെ അവശിഷ്ടങ്ങൾ മണ്ണിനടിയിൽ എവിടെയോ ഉറങ്ങിക്കിടക്കുകയാണ്. കോട്ടയുടെ ഒരു ഭാഗം മാത്രം മണ്ണുനീക്കി പുറത്തെടുത്തിട്ടുണ്ട്.

∙ രാജീവ് തേടിയ കോട്ട

എന്താണ് ഈ മണ്ണിന്റെ കഥ? ആ കഥ തേടി ഇന്ത്യയുടെ മുൻപ്രധാനമന്ത്രി രാജീവ്ഗാന്ധി നടന്ന ഒരു കഥയുണ്ട്. അതാദ്യം പറയാം. 1989 ൽ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കേരള സന്ദർശന വേളയിൽ മലബാറിലുമെത്തി. താൻ ചരിത്രപുസ്തകങ്ങളിൽ വായിച്ച ടിപ്പുസുൽത്താൻ നിർമിച്ച കോട്ടയുടെ വിശേഷങ്ങൾ പ്രദേശത്തെ നേതാക്കൻമാരോടും ഉദ്യോഗസ്ഥരോടും ചോദിച്ചു. അവരാരും അത്തരമൊരു കോട്ടയെക്കുറിച്ച് കേട്ടിരുന്നില്ല. ‘പാലക്കാട്ടാണ് ടിപ്പുക്കോട്ട’ എന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. പക്ഷേ രാജീവ് തന്റെ വാദത്തിൽ ഉറച്ചുനിന്നു. ഒടുവിൽ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിലൊടുവിലാണ് ഫറോക്കിലെ കോട്ടക്കുന്നിൽ ഒരു കോട്ടയുണ്ടായിരുന്നുവെന്ന് കണ്ടെത്തിയത്.

∙ പടയോട്ടങ്ങളുടെ ടിപ്പു

കർണാടകത്തിലെ മൈസൂരിൽനിന്നുള്ള രാജാക്കൻമാരായിരുന്നു ഹൈദരും അദ്ദേഹത്തിന്റെ മകനായ ടിപ്പുവും. സ്വന്തം സാമ്രാജ്യം വിസ്തൃതമാക്കാനുള്ള ഹൈദരിന്റെയും ടിപ്പുവിന്റെയും പടയോട്ടങ്ങൾ കുപ്രസിദ്ധമാണ്. ബ്രിട്ടീഷുകാർ പിടിച്ചടക്കുന്നതിനുമുൻപ് അനേകം ചെറുനാട്ടുരാജ്യങ്ങളായി ചിതറികിടക്കുകയായിരു മലബാർ പ്രദേശം. അതിൽ പ്രബലരായ സാമൂതിരിമാരുടെ അധീനതയിലായിരുന്നു  അക്കാലത്ത് പറക്കുന്ന് എന്നറിയപ്പെട്ടിരുന്ന പ്രദേശം.

tippu-fort1

ഹൈദരാലി നടത്തിയ പടയോട്ടത്തിൽ പല നാട്ടുരാജ്യങ്ങളും തകർന്നടിഞ്ഞു. സാമൂതിരിമാരുടെ കയ്യിൽനിന്ന് കോഴിക്കോട് പിടിച്ചെടുക്കാൻ ഹൈദറിനു കഴിഞ്ഞു. 1782 ലെ ഹൈദരുടെ മരണശേഷം ടിപ്പു മെസൂർ രാജാവായി. പിതാവിന്റെ പാത പിന്തുടർന്ന ടിപ്പു 1788 ഏപ്രിൽ 5 ന് മലബാറിലെത്തി. മലബാർ ആക്രമിച്ചു കീഴടക്കിയ ടിപ്പു മലബാറിന്റെ ആസ്ഥാനം കോഴിക്കോട് നിന്ന് ചാലിയാർ പുഴയുടെ തെക്കേകരയിലെ പറക്കുന്നിലേേക്ക് മാറ്റാൻ തീരുമാനിച്ചു. അവിടെ ഒരു കോട്ട പണിയാനും അദ്ദേഹം തീരുമാനിച്ചു.

∙ കടലും പുഴയും തീരാ തീരവും

സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന ജനത താമസിച്ചിരുന്ന ഭാഗമായിരുന്നു അത്. പല വിഭാഗത്തിൽപ്പെട്ട ജനങ്ങളുടെ സംസ്കാരച്ചടങ്ങുകൾ നടന്ന പ്രദേശമായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.

tippu-fort-trip

കുന്നിനുതൊട്ടുതാഴെയാണ് വീതിയേറിയ ചാലിയാർ. കുന്നിൽനിന്ന് പടിഞ്ഞാറോട്ടു നോക്കിയാൽ അക്കാലത്ത് ചാലിയം അഴിമുഖം കാണാം. അതിനപ്പുറത്ത് അറബിക്കടലും കാണാം. കരസേനയ്ക്കും നാവികസേനയ്ക്കും ഒരേപോലെ കണ്ണെത്താവുന്ന ഭൂമിയായ പറക്കുന്നിൽ കോട്ട പണിയാനുള്ള ടിപ്പുവിന്റെ നീക്കം കൃത്യമായിരുന്നു.

∙ വിയർപ്പൊഴുക്കിയ  രണ്ടര വർഷങ്ങൾ

1770 കളുടെ അവസാനമാണ് ടിപ്പു ഫറോക്കിൽ കോട്ട പണിയാൻ തുടങ്ങുന്നത് .മലബാറിൽ താൻ കീഴടക്കിയ പ്രദേശങ്ങൾ ഫറോക്ക കേന്ദ്രീകരിച്ച് ഭരിക്കാനായിരുന്നു ടിപ്പുവിന്റെ തീരുമാനം. 900 ത്തോളം പടയാളികൾ കോട്ട നിർമാണത്തിൽ പങ്കാളികളായി.ഒരു പ്രദേശമാകെ നീണ്ടു നിന്ന കോട്ടയുടെ നിർമാണം രണ്ടരവർഷക്കാലം നീണ്ടു നിന്നു. സൈനിക നീക്കങ്ങൾക്ക് വളരേയേറെ പ്രാധാന്യം നൽകികൊണ്ടാണ് കോട്ടയുടെ നിർമാണം പുരോഗമിച്ചത്. ശത്രു സൈന്യത്തിന്റെ ദൃഷ്ടി എത്തിപ്പെടാത്ത വിധത്തിൽ കോട്ടമതിലിനോട് ചേർന്ന് ഒരു കീഴറ നിർമിച്ചിരുന്നു.

ടിപ്പുവിന്റെയും ഹൈദരുടേയും കോട്ടകളിലെ ശിൽപ മാതൃകയിൽ പാറ തുരന്നെടുത്ത കൃത്രിമ ഗുഹയാണ് മരുന്നറ. ഗുഹയ്ക്കകത്ത് പീരങ്കി വയ്ക്കാനായി ഭാഗങ്ങളുണ്ട്.ഇതിന് മുകളിലായി വൃത്താകൃതിയിലുവ്ള കൊത്തളം അഥവാ നിരീക്ഷണ ഗോപുരം ഉണ്ടായിരുന്നുവെന്ന് ഊഹിക്കാം.

സാമാന്യത്തലധികം വലുപ്പം ഉള്ള ഒരു കിണറിൽ ഉള്ളിലായി രണ്ട് ചെറിയ കിണറുകൾ സ്ഥിതിചെയ്യുന്ന ‘ഇരട്ട കിണർ’ കോട്ടക്കുളളിൽ നിർമിച്ചതായാണ് കണക്കാക്കപ്പെടുന്നത്. കിണറിനകത്തേക്ക് ഇറങ്ങിയാൽ‍ ഒരു തുരങ്കത്തിലെത്താം. ഈ തുരങ്കം ചാലിയാറിലേക്കാണ് തുറക്കുന്നത്. ഒരിക്കൽ പര്യവേഷണസംഘത്തിനു വഞ്ചിക്കാരായ മത്സ്യത്തൊഴിലാളികൾ ഈ തുരങ്കത്തിന്റെ മുഖം കാണിച്ചുകൊടുത്തിരുന്നതായും പറയപ്പെടുന്നു.

കോട്ട നിർമാണം പൂർത്തീകരിച്ച ശേഷം സമീപപ്രദേശത്തെ ജനങ്ങളെ താഴെ ഭാഗങ്ങളിലേക്ക് മാറ്റിത്താമസിപ്പിച്ചു. പറക്കുന്നിനെ ഫാറൂഖാബാദാക്കി പുനർനാമകരണം ചെയ്തുവെന്നാണ് ചില ചരിത്രകാരൻമാർ പറയുന്നത്.

∙ ടിപ്പു പോവുന്നു.

കോയമ്പത്തൂരിലേക്ക് പോവുമ്പോൾ ടിപ്പു കോട്ടയുടെ ചുമതല സേനാതലവൻ മർത്താബ് ഖാനെ ഏൽപ്പിച്ചു. ഈ അവസരത്തിലാണ് കേണൽ ഹർട്ടിലിയുടെ നേതൃത്തത്തിൽ ബ്രിട്ടീഷ് സൈന്യം മലബാറിലെത്തിയത്. പരാജയം മണത്തറിഞ്ഞ മൈസുർ സൈന്യം ആനപ്പുറത്ത് കയറി രക്ഷപ്പെടുകയായിരുന്നു.

∙ ഫറോക്ക് പിറക്കുന്നു

ബ്രിട്ടീഷുകാർ കോട്ടയ്ക്കു  പ്രാധാന്യം നൽകിയില്ല. ഫറൂഖാബാദിനെ അവർ സൗകര്യപൂർവം ഫറോക്ക് ആക്കിമാറ്റുകയും ചെയ്തുവെന്ന് കരുതപ്പെടുന്നു.

പിൽക്കാലത്ത് കോട്ടയും പ്രദേശവും ബ്രിട്ടീഷുകാർ മലബാറിലെ പ്രമുഖരായ കോമൺവെൽത്ത് അധികാരികൾക്ക് കൈമാറി. 1971 ൽ കോമൺവെൽത്ത് അധികൃതർ സ്വകാര്യ വ്യക്തിക്ക് കൈമാറുകയും ചെയ്തതോടുകൂടി കോട്ടയുടെ നാശം ഏറെകുറെ സംഭവിച്ചു കഴിഞ്ഞിരുന്നു. പീരങ്കി തറകളൂം വാച്ച് ടവറകളും കിടങ്ങുകളും പൊളിച്ചടുക്കിയവയിൽ പെടുന്നു. 

രാജീവ് ഗാന്ധി കോട്ടയെ കുറിച്ചന്വേഷിച്ചത് പത്രങ്ങളിലൊക്കെ വലിയ വാർത്തയായി. കോട്ടയുടെ ചരിത്ര പ്രാധാന്യം മനസ്സിലാക്കിയ പ്രദേശ വാസികൾ കോട്ടസംരക്ഷണ സമിതി രൂപീകരുക്കുകയും പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുകയും ചെയ്തു. സർക്കാറിലേക്ക് പരാതികളും നിവേദനങ്ങളും നൽകി.  1991  നവംബർ ആറിന് കോട്ട പുരാവസ്തു സ്മാരകമായി സർക്കാർ പ്രഖ്യാപിച്ചു.

എന്നാൽ സ്വകാര്യ വ്യക്തികളുടെ കൈവശമാണ് 8 ഏക്കറോളം വരുന്ന കോട്ട പ്രദേശം. ഉടമകൾ കേസ് കൊടുത്തതോടെ കോട്ട കോടതി കയറി. 

∙ വീണ്ടും തിരച്ചിൽ, പൈതൃകം തേടി

ചരിത്ര സ്മാരകമായ ഫറോക്കിലെ ടിപ്പുക്കോട്ടയിൽ ഒരാഴ്ചയ്ക്കുമുൻപ് പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ ഉത്ഖനന നടപടികൾ വീണ്ടും തുടങ്ങിയിട്ടുണ്ട്. കോട്ടയിലെ പുരാവസ്തു അവശിഷ്ടങ്ങൾ കൂടുതൽ ജീർണത വരാതെ സംരക്ഷിച്ചു നിലനിർത്താനാണു ഉത്ഖനനം.പഴശ്ശിരാജ മ്യൂസിയം ചാർജ് ഓഫിസർ കെ.കൃഷ്ണരാജിന്റെ നേതൃത്വത്തിൽ എത്തിയ ഉദ്യോഗസ്ഥ സംഘം കോട്ട പ്രദേശത്തെ കുറ്റിക്കാടുകൾ വെട്ടി വൃത്തിയാക്കുന്ന ജോലിയാണ് പുരോഗമിക്കുന്നത്.

ഉത്ഖനനം നടത്തേണ്ട മേഖലകളിൽ മേൽമണ്ണ് നീക്കി സജ്ജമാക്കും. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ലൈസൻസ് ലഭിച്ചതോടെയാണ് സംസ്ഥാന പുരാവസ്തു വകുപ്പ് ഉത്ഖനനം നടത്തുന്നത്. കോടതി ഉത്തരവ് പ്രകാരം 2020 ഒക്ടോബറിൽ പുരാവസ്തു വകുപ്പ് നേതൃത്വത്തിൽ ഒരു മാസം നീളുന്ന പ്രാഥമിക പര്യവേക്ഷണവും ഉപരിതല സർവേയും നടത്തിയിരുന്നു. 

അന്നു ജിപിആർ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ കോട്ട പ്രദേശത്ത് പുരാവസ്തുക്കളുടെ സാന്നിധ്യമുള്ള 315 സ്ഥാനങ്ങൾ കണ്ടെത്തിയിരുന്നു. താൽക്കാലിക അടയാളങ്ങൾ സ്ഥാപിച്ച ഇവിടങ്ങളിൽ മണ്ണു നീക്കി വിശദമായ പരിശോധന നടത്തും.

ലഭ്യമായ പുരാരേഖകൾ പരിശോധിച്ച് ചരിത്ര പശ്ചാത്തലം നിലനിർത്താനും മണ്ണു മൂടിക്കിടക്കുന്ന അവശിഷ്ടങ്ങൾ കണ്ടെത്താനുമാണ് ശ്രമം.ടിപ്പുവിന്റെ പടയോട്ട കാലത്തിന്റെ ശേഷിപ്പായ ചെങ്കൽ പടികളോടു കൂടിയ ഭീമൻ കിണർ, നാണയ കമ്മട്ടം, ചെറിയ ഗുഹകൾ, കൊത്തളങ്ങൾ, കോട്ട മതിലുകൾ, കിടങ്ങ്, ചെറു കിണറുകൾ തുടങ്ങിയ പുരാവശിഷ്ടങ്ങളാണ് കോട്ടയിൽ ഇപ്പോൾ ശേഷിക്കുന്നത്.

∙ ചരിത്രം ഒഴുകുന്നു, ചാലിയാർ സാക്ഷി

ടിപ്പു മലബാറിനോടും ഇവടുത്തെ ജനതയോടും ചെയ്തത് നല്ല കാര്യങ്ങളാണെന്നു വാദിക്കുന്നവരുണ്ട്. ടിപ്പു തങ്ങളുടെ മുൻഗാമികളോട് ചെയ്ത ക്രൂരതകളെക്കുറിച്ച് ഇന്നും വിലപിക്കുന്നവരുണ്ട്. മലബാറിലെ പഴയ വീടുകളിൽ വളർത്തുന്ന മൃഗങ്ങൾക്ക് ടിപ്പുവെന്ന് പേരിടുന്നതും വ്യാപകമായിരുന്നു. 

മനുഷ്യരുടെ ചെയ്തികൾക്കപ്പുറത്തേക്ക്, ശരിതെറ്റുകൾക്കപ്പുറത്തേക്ക് അവശേഷിപ്പിക്കപ്പെടുന്ന ചിലതുണ്ട്.  ചരിത്രം എന്നു നാം വിളിക്കുന്ന ചില ചിന്തുകൾ. കാലം മായ്ക്കാത്ത മുറിവുകളല്ല അവയൊന്നുമെന്ന് തിരിച്ചറിയാൻ കഴിയുന്നവരാണ് യഥാർഥ സഞ്ചാരികൾ.

English Summary: World Heritage Day:Tippu Sulthan's Fort, Feroke

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com