ചിറ്റൂര്‍ കൊട്ടാരത്തില്‍ താമസിക്കാം; കൊച്ചിയിലെ രാജകീയ അനുഭവം!
Mail This Article
പെരിയാറിന്‍റെ തീരത്ത് നാന്നൂറില്‍പ്പരം വര്‍ഷങ്ങളുടെ ഓര്‍മത്തിളക്കവുമായി നില്‍ക്കുകയാണ് ചിറ്റൂര്‍ കൊട്ടാരം. സമൃദ്ധമായ പച്ചപ്പ് നിറഞ്ഞ അന്‍പതു സെന്‍റ് ഭൂമിയില്‍ പ്രതാപത്തോടെ നില്‍ക്കുന്ന കൊട്ടാരം സഞ്ചാരികള്‍ക്കായി വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു. ഇവിടെയെത്തുന്നവര്‍ക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല... പണ്ട് കൊച്ചി രാജാവ് നടന്ന മുറികളില്‍ അന്തിയുറങ്ങാം, വിശിഷ്ടഭോജ്യങ്ങള്‍ ആസ്വദിക്കാം. അവധിക്കാലം രാജകീയമായ ഒരു അനുഭവമാക്കി മാറ്റാം!
ഗുരുവായൂര്‍ പോലൊരു ക്ഷേത്രം വേണം
എറണാകുളത്ത് ചിറ്റൂര്‍ അമ്പലത്തിനു പിറകിലായാണ് കൊട്ടാരം. പഴയ കൊച്ചി രാജ്യത്തിന്‍റെ ആസ്ഥാനം ഗുരുവായൂരിനടുത്തുള്ള വന്നേരി ആയിരുന്നു. സാമൂതിരി വന്നേരി കയ്യേറിയപ്പോള്‍ രാജാവ് കൊച്ചിയിലേക്ക് പലായനം ചെയ്തു. തനിക്ക് കുളിച്ചു തൊഴാന്‍ ഗുരുവായൂര്‍ മാതൃകയില്‍ ഒരു ക്ഷേത്രം വേണമെന്ന അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം നിര്‍മ്മിച്ചതാണ് ചിറ്റൂര്‍ ശ്രീകൃഷ്ണക്ഷേത്രം.
തൃപ്പൂണിത്തുറയിലുള്ള കൊട്ടാരത്തില്‍ നിന്നും പെരിയാറിലൂടെ തോണിയിലാണ് രാജാവും പരിവാരങ്ങളും ക്ഷേത്രത്തില്‍ എത്തിയിരുന്നത്. ക്ഷേത്രദര്‍ശന സമയത്ത് രാജാവിന് വിശ്രമിക്കാനായി നിര്‍മിച്ച മാളികയാണ് ചിറ്റൂര്‍ കൊട്ടാരം.
ശില്‍പഭംഗി വഴിഞ്ഞൊഴുകുന്ന വാസ്തു
കൊട്ടാരത്തിലെത്തുമ്പോള്‍ത്തന്നെ മരത്തില്‍ പണിത പടിപ്പുര കാണാം. പടിപ്പുര തുറക്കുമ്പോള്‍ ഇരുവശങ്ങളിലുമായി ഇരിക്കാനുള്ള ചെറിയ തിണ്ണ കാണാം. ബഫല്ലോ ഗ്രാസ് വിരിച്ച മനോഹരമായ മുറ്റത്തിന് നടുക്കായി ചെറിയ നടവഴിയും വൃത്തിയായി ക്രമീകരിച്ച ലാമ്പുകളും കാണാം. മുറ്റത്ത്, ആകാശത്തേക്ക് തലയുയര്‍ത്തി തണല്‍ വിരിച്ചുനില്‍ക്കുന്ന ചന്ദ്രക്കാരന്‍ മാവ്. വാതിലിനു നേരെ മുന്നിലായി ഒരു തുളസിത്തറ.ഊട്ടുപുരയുടെ വശത്ത് കൂടി നടന്നുചെന്നാല്‍ കുളത്തിലെത്താം. ക്ഷേത്രദര്‍ശനമുള്ള ദിവസങ്ങളില്‍ രാജാവ് കുളിച്ചിരുന്നത് ഈ കുളത്തിലാണ്.
രണ്ടു നിലയില്‍ നിര്‍മിച്ച കൊട്ടാരത്തിന്‍റെ താഴെയുള്ള നില വെളുത്ത പെയിന്‍റടിച്ച് മനോഹരമാക്കിയിരിക്കുന്നു. മുകള്‍ഭാഗമാകട്ടെ, മരം കൊണ്ടുള്ള കൊത്തുപണികളും ഗ്ലാസ് ജനാലകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. തടിയുടെ നീളന്‍ ഉത്തരത്തിനു മുകളിലായി ഗ്രൂവര്‍ക്ക് ചെയ്തുയര്‍ത്തിയ ഭിത്തിയില്‍ നിന്നാണ് രണ്ടാം നിലയുടെ മരപ്പണികള്‍ ആരംഭിക്കുന്നത്. കൊട്ടാരത്തിന്‍റെ വാതിലും ജനാലകളും തേക്കിലും മച്ച് പ്ലാവിലുമാണ് നിര്‍മിച്ചിരിക്കുന്നത്.
കൊട്ടാരത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോള്‍ തന്നെ നിലത്ത് വിരിച്ച സവിശേഷമായ ആത്തന്‍കുടി ടൈലുകളുടെ ഭംഗി കണ്ണിലുടക്കും. വാസ്തുശാസ്ത്രത്തിന്‍റെ കണക്കുകള്‍ കടുകിട തെറ്റാതെ നിര്‍മിച്ച കൊട്ടാരത്തിന്‍റെ വാതിലുകളും ജനലുകളും തുറന്നിട്ടാല്‍, പടിപ്പുരയില്‍ നിന്നും നോക്കുമ്പോള്‍ത്തന്നെ അവയ്ക്കുള്ളിലൂടെ പെരിയാര്‍ കാണാം.
ലിവിങ് റൂമില്‍ നിന്നാല്‍ നാലു ദിക്കുകളിലേക്കും കണ്ണെത്തും. ഈട്ടിത്തടിയില്‍ തീര്‍ത്ത ഊഞ്ഞാലും ചൂരല്‍ക്കസേരകളും ഗതകാലസ്മരണകള്‍ ഉണര്‍ത്തും. ഇരുവശങ്ങളിലുമായി രണ്ടു മുറികള്‍. ഈ മുറികളിലെ ഫര്‍ണിച്ചറും നിലക്കണ്ണാടിയുമെല്ലാം പഴമയുടെ ഗന്ധം മനസ്സിലേക്ക് കോരിയിടുന്നു. വളരെ വിശാലമായ കുളിമുറിയും ഈ മുറികളില്‍ ഉണ്ട്.
മുറികളില്‍ നിന്നും പിന്‍വശത്തേക്ക് ഇറങ്ങിയാല്‍, മുന്നിലുള്ളതു പോലെത്തന്നെയുള്ള വരാന്തയുണ്ട്. ചാരുപടിയില്‍ ഇരുന്നാല്‍ മുന്നിലൂടെ ശാന്തമായി ഒഴുകുന്ന പെരിയാറിന്‍റെ മനംകുളിര്‍പ്പിക്കുന്ന കാഴ്ച കാണാം.മുന്നിലെ വരാന്തയില്‍ നിന്നാണ് മുകളിലേക്കുള്ള ഗോവണി. മുകളിലുമുണ്ട് മനോഹരമായ സ്വീകരണമുറി. ചുവര്‍ചിത്രങ്ങളും വലിയ നിലക്കണ്ണാടികളും മരം വിരിച്ച നിലവുമെല്ലാം അതീവസുന്ദരമാണ്. ആധുനിക രീതിയിലുള്ള ബാത്ത്റൂമോടു കൂടിയ ഒരു കിടപ്പുമുറിയും വശത്തായി കാണാം.
കൊട്ടാരത്തില്‍ രാജ്ഞിയും രാജാവുമായി വാഴാം
കായല്‍ക്കരയില്‍ പ്രൌഢഗംഭീരമായി തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന കൊട്ടാരം ഇന്നൊരു സ്വകാര്യ റിസോര്‍ട്ടാണ്. സിജിഎസ് എര്‍ത്തിനു കീഴിലാണ് റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. കൊച്ചിയില്‍ നിന്നും ബോട്ടിലാണ് ഇവിടേക്ക് എത്തുന്നത്.
ഹണിമൂണ്‍ ആഘോഷിക്കുന്നവര്‍ക്ക് ഏറെ അനുയോജ്യമാണ് ഇവിടം. പെരിയാറിന്‍റെ കരയിലിരുന്ന്, സായാഹ്നസൂര്യന്‍റെ സ്വര്‍ണ്ണരശ്മികള്‍ വെള്ളത്തിലലിഞ്ഞു പോകുന്നതും നോക്കി പരസ്പരം മനസ്സു തുറക്കാം. കേരളപ്പഴമയുടെ പാചകക്കൂട്ടുകളില്‍ നിര്‍മ്മിച്ച വിശിഷ്ടഭോജ്യങ്ങള്‍ വാഴയിലയില്‍ വിളമ്പി കഴിക്കാം. കായലില്‍ നിന്ന് അന്നന്ന് പിടിച്ച മീനാണ് വിവിധ വിഭവങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. സന്ദര്‍ശകര്‍ക്ക് സൗകര്യപ്രകാരം, കായല്‍ക്കരയില്‍ തന്നെ സജ്ജീകരിച്ച വരാന്തയിലോ പൂന്തോട്ടത്തിലോ ഇരുന്ന് ഭക്ഷണം കഴിക്കാം. ഏതു സമയത്തും ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കാനായി അതിഥികള്‍ക്കൊപ്പം ഒരു സ്വകാര്യ ഷെഫും ഉണ്ടാകും. കൂടാതെ, മസാജുകൾ, സ്വകാര്യ സാംസ്കാരിക ഷോകൾ, ബാക്ക് വാട്ടർ ക്രൂസുകൾ എന്നിവയും ഇവിടുത്തെ താമസത്തിൽ ഉൾപ്പെടുന്നു.
English Summary: Visit Heritage Palace Chittoor Kottaram