‘ഊരിൽ പട്ടിണി, പക്ഷേ ഗോവയിൽ തെയ്യം കെട്ടില്ല; ആ ഒരു ലക്ഷം വേണ്ട’: തീയിൽ ചാടാത്ത ചാമുണ്ഡിയെ ആർക്കുവേണം?
Mail This Article
ലക്ഷദ്വീപിലെ ജോലി ഷിജിൻ നന്നായി ആസ്വദിച്ചിരുന്നു. പരമ്പരാഗതമായി തെയ്യക്കോലം കെട്ടുന്ന കുടുംബത്തിലായിരുന്നു ജനിച്ചത്. സാധാരണക്കാരെപ്പോലെ തരക്കേടില്ലാത്ത ജോലി, നാഗരിക സംസ്കാരത്തോടിണങ്ങി ഒരു ജീവിതം. ഇതായിരുന്നു ഷിജിന്റെ സ്വപ്നം. ഇതെല്ലാം ലക്ഷദ്വീപ് നൽകി. ഒപ്പം കുറെ നല്ല കൂട്ടുകാരെയും. എന്നാൽ കളിയാട്ടക്കാലമായപ്പോൾ ഷിജിന് ആകെയൊരു പരവശം. എങ്ങനെയങ്കിലും നാട്ടിലെത്തണം. തോറ്റംപാട്ടിന്റെ ഈണം കാതുകളിൽ മുഴങ്ങുന്നു, മനസ്സിൽ തെയ്യാട്ടങ്ങൾ താളം ചവിട്ടുന്നു. അന്നു തിരിച്ചു വണ്ടികയറിയ ഷിജിൻ ഇന്ന് നാട്ടിൽ ഏറെ തിരക്കുള്ള ഷിജിൻ പെരുവണ്ണാനാണ്. തെയ്യത്തിനായി സ്വയം സമർപ്പിച്ച ഒട്ടേറെ ജീവിതങ്ങളിൽ ഒന്നു മാത്രമാണു ഷിജിന്റേത്. വിശ്വാസങ്ങളെ മുറുകിപ്പിടിച്ചുള്ള യാത്രയാണ് തന്റെ ജീവിതം എന്നു ഷിജിൻ പറയുന്നു. പ്രതിബന്ധങ്ങൾക്കും പ്രതിസന്ധികൾക്കുമൊപ്പമുള്ള യാത്രയിൽ മുന്നോട്ടു നയിക്കുന്നത് ഈ വിശ്വാസമാണെന്ന് ഷിജിൻ ഉറച്ചു പറയുന്നു. തെയ്യക്കോലങ്ങൾ കെട്ടിയാടുന്ന യുവാക്കളെപ്പോലും വിശ്വാസം ആഴത്തിൽ സ്വാധീനിക്കുന്നത് എങ്ങനെയാണ്? അതറിയാൻ തെയ്യത്തെക്കുറിച്ചറിയണം, കോലത്തിനകത്തും പുറത്തുമുള്ള അവരുടെ ജീവിതത്തെക്കുറിച്ചറിയണം.