ADVERTISEMENT

ഇന്ത്യയുടെ തെക്കേയറ്റത്ത് പച്ചപരവതാനി വിരിച്ച പോലെ കിടക്കുന്ന കേരളത്തിൽ നിന്നു ഇന്ത്യക്ക് ചിറക് പോലെ തോന്നിപ്പിക്കുന്ന വടക്ക് കിഴക്കൻ സംസ്ഥാനമായ അസം, മേഘാലയയിലേക്ക് മൂന്നുസുഹൃത്തുക്കൾ നടത്തിയ യാത്രാക്കുറിപ്പ്.

തലശ്ശേരിയിൽനിന്നു ബെംഗളൂരു വരെ  ബസിലും അവിടെ നിന്ന്  കൊൽക്കത്തയിലേക്കും ഗുവാഹത്തിയിലേക്കും വിമാനത്തിലായിരുന്നു യാത്ര. ഗുവാഹത്തിയിൽനിന്നും അസാം, മേഘാലയ കാഴ്ചകളിലേക്കുള്ള ഞങ്ങളുടെ സാരഥി ഷിലോങ്ങ് മുകുന്ദൻ എന്ന ടാക്സി ഡ്രൈവറായിരുന്നു. ഗുവാഹത്തിയിൽ നിന്നും NH-6ൽ കൂടി മനോഹരമായ ഗ്രാമീണഭംഗി ആസ്വദിച്ചയാരുന്നു യാത്ര. ഇത് അവസാനിപ്പിച്ചത് ഷിലോങ്ങ് നഗരത്തിൽ ആണ്.  ഇവിടെയാണ് ഞങ്ങൾ റൂം ബുക്ക് ചെയ്തത്.  ഷിലോങ്ങിലെ സ്ട്രീറ്റ് ഫുഡ് നോൺ വെജ് വിഭവങ്ങളുടെ കൊതിയൂറും രുചികൾ ആസ്വദിച്ച് റൂമിലെത്തി. അടുത്ത ദിവസം കാലത്ത് ഒരുപാട്  കാഴ്ചകളിലേക്കു പോകേണ്ടതാണ്, അന്തരീക്ഷത്തിൽ തണുപ്പ് വ്യാപിച്ചിരിക്കുന്നു. പകൽ മുഴുവൽ നീണ്ട യാത്രാക്ഷീണത്തിൽനിന്ന് ഞങ്ങൾ സുഖകരമായ ഉറക്കത്തിലേക്ക്...

meghalaya-travel

അതിരാവിലെതന്നെ മുകുന്ദൻ ചേട്ടന്റെ കാറിൽ യാത്ര ആരംഭിച്ചു. പണ്ടെങ്ങോ പാഠപുസ്തകത്തിൽ പഠിച്ച ഇന്ത്യയിൽ ഏറ്റവും അധികം മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഒന്നായ ചിറാപുഞ്ചിയിലേക്ക് ആയിരുന്നു ആദ്യ യാത്ര. വഴിമധ്യേ പണം നൽകി ഹിമാചൽ ഗോത്രവർഗ്ഗത്തിന്റെ പ്രൗഢഗംഭീരമായ വർണവസ്ത്രങ്ങളും ഉടവാളുമേന്തി ഫോട്ടോക്ക് പോസ് ചെയുമ്പോൾ നൂറ്റാണ്ടുകൾ പഴക്കമുള്ള അവരുടെ പാരമ്പര്യത്തിന്റ ഗരിമയിൽ ഞങ്ങൾക്കും അഭിമാനം തോന്നി.

വെള്ളച്ചാട്ടങ്ങൾകൊണ്ട് സമ്പന്നമായ ചിറാപുഞ്ചി മനസ്സിൽ മായാത്ത ഓർമ തന്നെ. ചിറാപുഞ്ചിയിൽനിന്നും ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗോത്ര ഗ്രാമത്തിലേക്ക് (Mawlynnong) ആയിരുന്നു അടുത്തയാത്ര. മേഘാലയൻ ട്രൈബ്സ് വില്ലേജിലെ ഗ്രാമീണ ജീവിതങ്ങളുടെ നേർക്കാഴ്ചകൾ, ട്രീ ഹൗസ്, ഖാസി ഗ്രാമത്തിന്റെ തനതുരുചി വൈവിദ്ധ്യങ്ങൾ ആവോളം ആസ്വദിച്ച് യാത്ര തുടർന്നു. റൂട്ട് ബ്രഡ്ജിലേക്കായിരുന്നു പിന്നീട്പോയത്. കാൽനടയായി കുറേദൂരം  ദുർഘടമായ ഒറ്റയടി പാതയിലൂടെ നടന്നു നീങ്ങുമ്പോൾ കാണാൻ കഴിഞ്ഞത് നദിക്കുകുറുകെ പടുകൂറ്റൻ വൃക്ഷത്തിന്റെ വേരുകൾ കൊണ്ട്  ഡബിൾഡക്കർ പാലമാക്കി മാറ്റിയ മേഘാലയൻ എൻജിനിയറിങ് വൈവിദ്ധ്യംതന്നെ.

meghalaya-travel1

ജെയിംസ് ബോണ്ട് മൂവിയിൽ എന്നപോലെ അദ്‌ഭുതത്തോടെ ആസ്വദിക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും നീളമുള്ള പ്രകൃതിദത്ത സാൻഡ്സ്റ്റോൺ കേവ് നമ്മുക്ക് അദ്ഭുതമായിരുന്നു.  പ്രകൃതിയുടെ തനതു ശിൽപ, ചിത്രകലാ രൂപങ്ങൾ അവിടെ കാണാൻ കഴിഞ്ഞു. ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ട് രൂപപ്പെട്ട ഇത്തരം പ്രകൃതിദത്ത ഗുഹകൾ ഇവിടെ നല്ലരീതിയിൽ സംരക്ഷിക്കുന്നുണ്ട്. അസ്തമയ സൂര്യന്റെ പൊൻകിരണമേറ്റ് തിളങ്ങി നിൽക്കുന്ന പനിനീർതുള്ളി പോലെ പരിശുദ്ധമായ ഡൗക്കി റിവർ മനസിന് കുളിർമയേകുന്ന കാഴ്ച തന്നെ. കണ്ണാടിപോലെ അടിത്തട്ട്  വ്യക്തമായി കാണുന്ന ജലാശയം. പലവർണ്ണങ്ങളിൽ തിളങ്ങുന്ന  മിനുസമുള്ള കല്ലുകൾ, വർണാഭമായി നീന്തി തുടിക്കുന്ന  മൽസ്യകൂട്ടങ്ങൾ, നദിയിലേക്കു ഇറ്റിറ്റു വീഴുന്ന മഞ്ഞിൻ കണങ്ങൾ ഇവ ആസ്വദിച്ച് ഡൗക്കി റിവറിൽകൂടി തോണി യാത്രയും മുങ്ങികുളിയും മായാത്ത ഓർമകളായി തുടരുന്നു.

meghalaya-travel5

ഇവിടെ ഒരു ഭാഗത്തു ഡസൻകണക്കിന് ബിയർബോട്ടിലുകൾ ഫ്രിഡ്ജിൽ എന്നപോലെ തണുത്ത  വെള്ളത്തിൽ  തടകെട്ടി വിൽക്കുന്ന കച്ചവടക്കാർ വേറിട്ട കാഴ്ചയായി.  ദൃശ്യ ഭംഗികൊണ്ട് നിറഞ്ഞു നിൽക്കുന്ന മൊബൈൽ ഫോണും,ക്യാമറയും തലച്ചോറുംകൊണ്ട് മഞ്ഞു പെയ്യുന്നരാത്രിയിൽ തനതു മേഘാലയൻ രുചികൾ ആസ്വദിച്ചു ഹോട്ടൽ റൂമിലേക്ക്. 

meghalaya-travel2

യാത്രയുടെ അവസാന ദിനം അതിരാവിലെതന്നെ ഷിലോങ്ങ് നഗരത്തോട് യാത്രപറഞ്ഞു. മൂടൽമഞ്ഞു പരന്നുകിടക്കുന്ന റോഡിലൂടെ കാസിരംഗ ദേശീയോദ്യാനം ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. ദീർഘമായ ടാക്സി യാത്രയ്ക്കുശേഷം, യൂനസ്‌കോ വേൾഡ് ഹെറിറ്റേജ് പട്ടികയിൽ ഇടംനേടിയ കാസിരംഗയിൽ എത്തി. ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ കൂട്ടംകൂട്ടമായി സ്വതന്ത്രമായി വിഹരിക്കുന്ന മനോഹരമായ കാഴ്ച്ചകൾ, തുറന്ന ജീപ്പിൽ കമ്പിവേലികൾ ഇല്ലാതെ അവരുടെ തനത് ആവാസ വ്യവസ്ഥയിൽ മതിവരുവോളം കാണാൻ സാധിച്ചു. മണിക്കൂറുകൾനീണ്ട തുറന്ന ജീപ്പ് യാത്ര കുറ്റിക്കാടുകളിൽ അങ്ങിങ്ങായി വന്യമൃഗങ്ങൾ, പുഴക്കരയിൽ അടുക്കിവെച്ച പാറകല്ലുകൾ കണക്കെ മുതലകൾ, മുളംകമ്പുകൾ ഒടിച്ചുകൊണ്ട് വരിവരിയായി നടന്നു നീങ്ങുന്ന കാട്ടാനകൂട്ടങ്ങൾ, കാസിരംഗയിലെ കാഴ്ചകൾ അവസാനിക്കുന്നില്ല.

പക്ഷേ ഞങ്ങൾക്ക് തിരിച്ചുപോകാൻ സമയമായി. ഒരു മാലയിൽ കോർത്ത വൈവിദ്ധ്യങ്ങളായ മുത്ത് മണികൾ പോലെ വിവിധങ്ങളായ അത്ഭുതകാഴ്ചൾ വ്യക്തമായ പ്ലാനിങ്ങോടുകൂടി ഞങ്ങളെ എത്തിച്ച ഷിലോങ്ങ് മുകുന്ദൻ എന്ന സ്നേഹമുള്ള മനുഷനോട് നന്ദി പറഞ്ഞു നാട്ടിലേക്കു മടങ്ങി.

English Summary: Travel Guide to Shillong 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com