കാട്ടുപോത്തുകളെയും ആനകളെയും കണ്ട് കാടിനുള്ളില്‍ താമസിക്കാം
Mail This Article
പച്ചപ്പിന്റെ കൊതിപ്പിക്കുന്ന കരവലയത്തിൽ കാടിന്റെ ഒരായിരം ഗന്ധങ്ങൾ ലയിപ്പിച്ച് ചേർത്ത ശുദ്ധവായു ശ്വസിച്ചുള്ള യാത്ര, പ്രകൃതിയുടെ ലാളനയിൽ , പേരറിയാത്ത കിളികളുടെ ശബ്ദം ആസ്വദിച്ച്, പുൽമേടുകളിലെ പച്ചപ്പിൽ ഒരു തിടുക്കവും ഇല്ലാതെ മേഞ്ഞു നടക്കുന്ന കാട്ടുപോത്തുകളെയും മ്ലാവുകളെയും കണ്ട്, തടാകത്തിലെ ജലം കുടിച്ച് പരസ്പരം കിന്നാരം പറഞ്ഞ് നമ്മെ വലംവച്ചു പോകുന്ന ഗജസൗന്ദര്യമാസ്വദിച്ച് നടത്തിയ യാത്ര. വിവാഹവാർഷിക ദിനത്തിൽ ഓർമയിൽ എന്നും സൂക്ഷിക്കാൻ ഒരു ദിവസം ഞങ്ങൾക്ക് സമ്മാനിച്ച ഇടപാളയം വാച്ച് ടവർ.
ഇടപാളയം വാച്ച് ടവർ - ഇതിന് നന്ദി പറയേണ്ടത് തിരുവിതാംകൂർ രാജകുടുംബത്തിനോടാണ്. കേരളത്തിലങ്ങോളമിങ്ങോളം വേനൽക്കാല വസതികളായി രാജകുടുംബം പണിത സുന്ദര കൊട്ടാരങ്ങളിൽ ഒന്നായിരുന്നു ഇടപാളയം എന്ന സ്ഥലത്തെ ലേക്ക് പാലസ്. 1927 ലാണ് 'ഇടപ്പാളയം' കൊട്ടാരം എന്നറിയപ്പെടുന്ന ഈ വേനൽക്കാല വസതി രാജകുടുംബം നിർമിച്ചത്.
മൈനറായ ശ്രീചിത്തിര തിരുനാൾ ബാലരാമവർമ റീജന്റ് സേതുലക്ഷ്മി ഭായ് തമ്പുരാട്ടിയുടെ കീഴിൽ മഹാരാജാവായി വാണരുളും കാലം, കൊട്ടാരത്തിൽ താമസിക്കാൻ വരുമ്പോൾ കാടിന്റെ സൗന്ദര്യം ആസ്വദിക്കാൻ നിർമിച്ചതാണ് ഈ വാച്ച്ടവർ എന്നു കരുതുന്നു. രണ്ടു പേർക്കു താമസിക്കാവുന്ന രീതിയിൽ , പുൽമേടുകളുടെ ഭംഗി ആസ്വദിക്കാൻ വേണ്ടി മരം കൊണ്ട് ബാൽക്കണിയോടെ പുതുക്കിപ്പണിയുകയായിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ട് പണിയുന്ന സമയത്ത് വാച്ച്ടവർ നിൽക്കുന്ന സ്ഥലത്തിനു മുൻപിൽ കൂടിയാണ് പണി സാധനങ്ങൾ കൊണ്ടുപോയതെന്നും പറയപ്പെടുന്നുണ്ട്. കാടും മലകളും പച്ചപ്പുകളും വെള്ളചാട്ടങ്ങളും ഇഷ്ടപ്പെടുന്ന ഞങ്ങൾ ഈ വിവാഹ വാർഷികവും ആഘോഷിക്കാനായി ബുക്ക് ചെയ്ത് കാത്തിരുന്നതായിരുന്നു ഇടപാളയം വാച്ച്ടവർ.
മഴയുടെ സംഗീതം കൂടുതലാകാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ പതിവിനു വിപരീതമായി ബുള്ളറ്റിന് പകരം കാറിലാണ് യാത്ര തിരിച്ചത്. രാവിലെ ആറ് മണിയോടെ ഇറങ്ങിയ ഞങ്ങൾ തൊടുപുഴയിൽനിന്ന് പ്രഭാത ഭക്ഷണവും കഴിച്ച് ചാറ്റൽ മഴയുടെ അകമ്പടിയോടെ കുളമാവ് ഡാം കടന്ന്, കോടമഞ്ഞിന്റെ വലയത്തിലമർന്ന്, ഇടുക്കി ഡാമിനോട് സ്വകാര്യം പറഞ്ഞ്, കട്ടപ്പനയിലെ ഏലത്തിന്റെയും പുളിയാൻ മലയിലെ കാപ്പിയുടെയും ഗന്ധം ആസ്വദിച്ചു തേക്കടിയിലെത്തി.
തേക്കടിയിലെ ഓഫിസിൽ എത്തി റജിസ്ട്രേഷൻ ഫോർമാലിറ്റിസ് എല്ലാം തീർത്ത് ഗാർഡുമാരായ ബിജു, അജിത്ത് എന്നിവരുടെ കൂടെ കാറിൽത്തന്നെ ബോട്ടിങ് യാർഡിലേക്ക് തിരിച്ചു. കാർ അവിടെ പാർക്ക് ചെയ്തു. ബീറ്റ് ഫോറസ്റ്റ് ഓഫിസർ റമീസും കൂടി ചേർന്നതോടെ ഇടപാളയം വാച്ച് ടവറിലേക്കുള്ള യാത്ര ആരംഭിച്ചു.
1.45 ന് ഉള്ള ബോട്ടിൽ കയറി തേക്കടിയുടെ മനോഹാരിതയിൽ ലയിച്ച് തടാകത്തിന്റെ പ്രത്യേകതയായ മരക്കുറ്റികളിൽ വിശ്രമിക്കുന്ന പക്ഷികളെ കണ്ടും , മരക്കുറ്റികൾ കുറഞ്ഞ് വരുന്നതിനെ പറ്റി ചർച്ച ചെയ്തും തടാകക്കരയിലെ മ്ലാവിൻ കൂട്ടത്തെ കണ്ടാസ്വദിച്ചും ഇറങ്ങേണ്ട സ്ഥലമായ ലേക്ക് പാലസ് ഹോട്ടലിന്റെ ബോട്ട് ലാൻഡിങ് ഏരിയയിൽ എത്തി.
ചരിത്രമുറങ്ങുന്ന ലേക്ക് പാലസ്
ചരിത്രമുറങ്ങുന്ന ലേക്ക് പാലസിന്റെ ഇടതു വശത്ത് കൂടിയുള്ള ചെറിയ വഴിയിലൂടെ മുന്നോട്ട് നടന്ന് ഫോറസ്റ്റിന്റെ ഐ.ബിയിൽ എത്തി. അവിടെ വച്ചാണ് സന്ദർശകർക്ക് ലീച്ച് സോക്സ് തരുന്നത്. കാടിന് ഉള്ളിലൂടെയുള്ള വഴികളിൽ അട്ട ശല്യം ഉള്ളതിനാലാണ് ലീച്ച് സോക്സ് നൽകുന്നത്. കൈയിലിരുന്ന തോക്ക് ലോഡ് ചെയ്ത് റമീസും ഞങ്ങളും മുന്നോട്ട് നീങ്ങി. കാട്ടിലെ മരങ്ങൾക്കിടയിലൂടെയും തടാകത്തിന്റെ കരയിലൂടെയും 20 മിനിറ്റോളം നടന്നപ്പോഴക്കും മഴയുടെ കരുത്തിൽ പച്ചപ്പ് തിരിച്ച് പിടിച്ച് സുന്ദരിയായി നിൽക്കുന്ന കാടിന് നടുവിലായി ,പുൽമേടുകളെ നോക്കി നിൽക്കുന്ന വാച്ച്ടവർ ദൃശ്യമണ്ഡലത്തിലേക്കു കടന്ന് വന്നു.
കാടിന്റെ സൗന്ദര്യത്തിൽ മയങ്ങിയ യാത്ര
കാടിന്റെ സൗന്ദര്യത്തിൽ മയങ്ങി നടന്ന ഞങ്ങളെ സ്വാഗതം ചെയ്യാൻ ടവറിന്റെ മുന്നിൽ നിന്നിരുന്ന രണ്ട് മ്ലാവിനേയും സൈഡിലായി കാട്ടുപോത്തിൻ കൂട്ടത്തേയും അകലെനിന്നു കണ്ടാസ്വദിച്ചു. അടുത്ത് എത്തിയപ്പോഴേക്കും കാടിന് ഉള്ളിലേക്ക് കയറിപ്പോയ കാട്ടുപോത്തിൻ കൂട്ടത്തിനായി പരതിയ ഞങ്ങൾ അജിത്ത് കൊണ്ടുവന്ന വെൽകം ഡ്രിങ്ക്സ് കഴിച്ച് ടവറിന് ചുറ്റുമുള്ള ട്രഞ്ചിന് സൈഡിൽ കൂടി നടന്നു.
ആനയും പോത്തും പോലെയുളള വലിയ മൃഗങ്ങൾ കയറി നശിപ്പിക്കാതിരിക്കാൻ ഒരു വലിയ ട്രഞ്ചിന് ഉള്ളിലാണ് വാച്ച്ടവർ. അങ്ങോട്ടും ഇങ്ങോട്ടും കടക്കുന്നതിനായി ചെറിയ മരത്തടികൾ വച്ചിട്ടുണ്ട്. ഗൈഡായി വരുന്നവർക്കും ഫോറസ്റ്റ് ഓഫിസർക്കും താമസിക്കാനും ഭക്ഷണം പാകം ചെയ്യാനും താഴെയും സന്ദർശകർക്ക് മുകളിലും ആയിട്ടാണ് താമസം. വൃത്തിയായി സൂക്ഷികുന്ന ബാത്ത് റൂം താഴെയായി ഉണ്ട്. വെള്ളത്തിനായി ചെറിയ കിണറും ട്രഞ്ചിന് ഉള്ളിൽ തന്നെ കാണാം.
ശല്യങ്ങൾ ഒന്നും തന്നെ ഇല്ലാതെ മൊബൈൽ റേഞ്ചിനപ്പുറത്ത് കാടിന്റെ സംഗീതമാസ്വദിച്ച്, അകലെ താടകക്കരയിൽ മേഞ്ഞ് നടക്കുന്ന മ്ലാവുകളെ നോക്കിയും ഏതെങ്കിലും മൃഗങ്ങൾ ഇപ്പോൾ അടുത്ത് വരാൻ സാധ്യതയുണ്ടോ എന്നരാഞ്ഞും പരസ്പരം തമാശകൾ പറഞ്ഞും റൂമിലെ ബാൽക്കണിയിൽ കണ്ണുകൾ പായിച്ചിരുന്നു.
ചായ കുടിക്കാൻ താഴേക്ക് ഇറങ്ങുമ്പോൾ അജിത്താണ് പറഞ്ഞത് അകലെ മേയുന്ന കാട്ടുപോത്തുകൾ അടുത്ത് വരുമെന്നും രാത്രിയിൽ മിക്കവാറും പോത്തുകൾ മുമ്പിൽ തന്നെയുള്ള പുൽമേടുകളിൽ കിടക്കുമെന്നും. ചായ കുടിച്ച് കുറച്ച് നേരം ട്രഞ്ചിന് വെളിയിൽ ഇറങ്ങി പുൽമേട്ടിൽ ഇരുന്ന് വർത്തമാനം പറഞ്ഞു. ട്രഞ്ചിന് അടുത്തുള്ള കാട്ടില്‍ ചുറ്റിക്കറങ്ങി തിരിച്ച് വന്ന് എല്ലാവരോടും സൊറ പറഞ്ഞിരിക്കുമ്പോഴാണ് അപ്പുറത്തുനിന്ന് ആന വരുന്നുണ്ടെന്ന് അറിഞ്ഞത്. പുറത്ത് മൃഗങ്ങൾ ഉണ്ടോ എന്ന് നോക്കാൻ പോയ അജിത്താണ് ഓടി വന്ന് പറയുന്നത്. അജിത്തിന്റെ പിന്നാലെ കുറച്ച് നടന്ന് മരങ്ങൾക്കിടയിൽ പതുങ്ങി നിന്ന്, തലയും ചെവിയും കുലുക്കി കിന്നാരം പറഞ്ഞ് നടക്കുന്ന രണ്ട് ആനകളെ കണ്ട് മനം കുളിർപ്പിച്ചു.
ആന ട്രഞ്ചിന്റെ അടുത്ത് കൂടി വന്ന് പുൽമേടിലൂടെ കാട്ടിലേക്ക് കയറുമെന്നു കേട്ടതോടെ ഞങ്ങൾ തിരിച്ച് വാച്ച് ടവറിന് താഴെ കാത്തിരുന്നു. കുലുങ്ങി - കുലുങ്ങി വരുന്ന ആനയെ നോക്കി ട്രഞ്ചിന് അരികിൽ നിൽക്കുമ്പോഴാണ് അങ്ങോട്ട് നോക്കിയേ എന്നു അജിത്ത് ചൂണ്ടിക്കാണിച്ചത് . 10 മിനിറ്റിന് മുന്‍പ് ആനയെ കാണാൻ നിന്ന മരങ്ങൾക്ക് ഇടയിൽ കൂടി കരടി നടന്ന് പോകുന്ന കാഴ്ച, സന്തോഷത്തോടോപ്പം പേടിപ്പിക്കുകയും ചെയ്തു. സന്ധ്യ മയങ്ങാൻ തുടങ്ങിയതോടെ കാട്ടുപോത്തുകൾ പുൽമേടുകളിലേക്ക് ഇറങ്ങിത്തുടങ്ങി. കരടിയെ കണ്ടതോടെ ബാൽക്കണിയിലേക്ക് കയറിയ ഞങ്ങൾ അവിടെയിരുന്ന് പുൽമേടിലെ കാഴ്ചകൾ ആസ്വദിച്ചു. ഇരുട്ടിന് കനം വച്ച് തുടങ്ങിയെങ്കിലും പ്രതീക്ഷ കൈവിടാതെ കാത്തിരുന്ന ഞങ്ങളുടെ അടുത്തേക്ക് ആനകൾ വരുന്നതും ശരീരം മരത്തിൽ ഉരയ്ക്കുന്നതും ഇരുട്ടിൽ അവ്യക്തമായി കണ്ടു.
സോളർ കംപ്ലയന്റ് ആയതിനാൽ ഞങ്ങൾ കൊണ്ട് പോയ എമർജൻസി ലാംപിന്റേയും തിരിയുടെയും വെളിച്ചത്തിൽ ചെറിയ ചാറ്റൽ മഴയുടെ അകമ്പടിയിൽ കാടിന്റെ നിശബ്ദമായ വന്യത ഞങ്ങളാഘോഷിക്കുകയായിരുന്നു. എട്ട് മണിയോടെ അത്താഴത്തിനായി താഴേക്ക് ഇറങ്ങിയ ഞങ്ങളെ കാത്തിരുന്നത് രുചികരമായ ചിക്കൻ വറുത്തതും കറിയും സാലഡും ചപ്പാത്തിയുമായിരുന്നു.
ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ തിന്നാൻ ചിലപ്പോൾ മുള്ളൻപന്നി വരാറുണ്ട് എന്ന ബിജുവിന്റെ വാക്കിൽ ടോർച്ചും പിടിച്ച് കാത്തിരുന്ന ഞങ്ങൾക്ക് മുള്ളൻപന്നികളെ കാണാൻ സാധിച്ചു. യാത്രയുടെ ക്ഷീണത്തിൽ വേഗം ഉറക്കത്തിലേക്ക് വഴുതിവീണു. ആരുടെയെങ്കിലും ശബ്ദം കേൾക്കാതെ വാതിൽ തുറക്കരുതെന്ന റമീസിന്റെ ഉപദേശം ശിരസാ വഹിച്ച് കിടന്ന ഞങ്ങൾ രാവിലെ 5.30 ന് അലാം വച്ച് എഴുന്നേറ്റ് കാത്തിരിപ്പായി.
6.15 - 630 ആയപ്പോഴേക്കും രാത്രിയിലേപ്പോഴോ കാടു കയറിയ കാട്ടുപോത്തുകൾ വീണ്ടും പുൽമേടുകളിലേക്ക് ഇറങ്ങി. പുറത്ത് കാപ്പി കുടിച്ച് നിന്ന ഞങ്ങൾക്ക് തലേ ദിവസം കരടിയെ കണ്ട അതേ സ്ഥലത്ത് വീണ്ടും കരടിയേയും കുഞ്ഞിനേയും കാണാൻ കഴിഞ്ഞത് ഇരട്ടിമധുരമായി.
രാവിലത്തെ ചെറിയ ചാറ്റൽ മഴയിൽ ട്രെക്കിങ് ഒഴിവാക്കേണ്ടി വരുമോ എന്ന് ഭയന്നെങ്കിലും പ്രഭാത ഭക്ഷണത്തിനു ശേഷം മഴ മാറിയപ്പോൾ ലീച്ച് സോക്സും ധരിച്ച് ഞങ്ങൾ ട്രെക്കിങ്ങിന് തയാറായി. ഇനിയെന്തിനാ ട്രെക്കിങ്, കടുവയെ ഒഴിച്ച് ബാക്കിയെല്ലാം കൺമുന്നിൽ കണ്ടല്ലോ എന്ന് ചിരിയോടെ പറഞ്ഞ് ബിജുവും റമീസും ഞങ്ങൾക്ക് മുന്‍പേ നടന്നു. ചെവി വട്ടം പിടിച്ച് ഓരോ ചുവടും ശ്രദ്ധിച്ച് നടക്കുന്ന ബിജുവിന് പിന്നാലെ ഞങ്ങളും മുന്നോട്ട് നീങ്ങി. ഞങ്ങളുടെ ബാക്കിലായി തോക്കുമായി റമീസും ഉണ്ടായിരുന്നു. ഓരോ കാര്യവും വ്യക്തമായി പറഞ്ഞു നൽകി മുന്നോട്ട് നീങ്ങുമ്പോഴും കൈയിലെ കമ്പുകൊണ്ട്, ഷൂവിൽ പിടിക്കുന്ന അട്ടകളെ ഞങ്ങൾ തോണ്ടിക്കളഞ്ഞു കൊണ്ടിരുന്നു.
കനത്ത ശബ്ദത്തിൽ ഇടതൂർന്ന മരങ്ങൾക്കിടയിൽ ഇടക്ക് കേൾക്കുന്ന ആനകളുടെ ചിന്നംവിളിയും കുരങ്ങുകളുടെ ശബ്ദവും അല്പം പരിഭ്രമം സൃഷ്ടിച്ചുവെങ്കിലും കാടിനുള്ളിലൂടെ നടക്കുമ്പോൾ പ്രകൃതി തരുന്ന ഫീൽ അതിനുമപ്പുറത്തായിരുന്നു. നാലു കിലോമീറ്ററോളം പിന്നിട്ട് അഞ്ചുരുളി മേടിൽ എത്തുമ്പോഴേക്കും കരിങ്കുരങ്ങ്, ആന, മലമുഴക്കി വേഴാമ്പൽ എന്നിവയെ കണ്ടാസ്വദിക്കാൻ കഴിഞ്ഞ സന്തോഷം മനസ്സിൽ അലയടിക്കുകയായിരുന്നു.
അഞ്ചുരുളിമേടിന്റെ മുകളിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ, പ്രകൃതി ഒരുക്കിയ സൗന്ദര്യം മനസ്സിലേക്ക് പൂർണമായും ആവാഹിച്ച് ചുറ്റും കണ്ണോടിക്കുമ്പോൾ കിട്ടുന്ന സന്തോഷം ശരീരത്തിന്റെ ക്ഷീണം അലിയിച്ചു കളയും. മുല്ലപ്പെരിയാര് റിസർവോയറിന്റെ കാഴ്ച കണ്ണുകളിൽ നിറയുമ്പോഴും തേക്കടിയിലെ ബോട്ടുകൾ നിരനിരയായി പോകുന്ന കാണുമ്പോഴും, മലമുകളിലെ മഞ്ഞ് പുതച്ച കാഴ്ചകൾ സ്വർഗീയ അനുഭൂതി സമ്മാനിക്കും.
ട്രെക്കിങ് കഴിഞ്ഞ് തിരിച്ച് എത്തിയപ്പോഴേക്കും അജിത്ത് ഞങ്ങൾക്കായി നല്ല ഊണ് തയാറാക്കിയിരുന്നു. കാലിൽ കയറിയ കൂടിയ അട്ടയെ തട്ടിക്കളഞ്ഞ് കുളിച്ച് ഫ്രഷായി രുചികരമായ ഭക്ഷണവും കഴിച്ച് തിരിച്ചു പോരുമ്പോൾ കാടിന്റെ മന്ത്രിക സൗന്ദര്യത്തിൽനിന്ന് വിട്ടു പോരുന്നതിന്റെ നിരാശ മനസ്സിൽ അലയടിച്ചിരുന്നു. ഇനിയും ഇവിടേയ്ക്ക് വരുമെന്നുറപ്പിച്ച് മടക്കയാത്രയ്ക്കൊരുങ്ങി.
English Summary: Forest Stay in Edapalayam WatchTower inside Periyar Tiger Reserve