ഉടലിന്റെ നേർരൂപം ചിത്രത്തിൽ പതിഞ്ഞാൽ ദേഹം അടർന്നു പോകുമത്രേ... ചോലനായ്ക്കരുടെ ജീവിതം തേടി കരുളായി വനത്തിലേക്ക്
Mail This Article
കാടിനുള്ളിലെ മൺപാതയിലൂടെ ജീപ്പ് ആടിയുലഞ്ഞാണു നീങ്ങിയത്. റോഡെന്നു പറയാനാവില്ല. കുഴികളിലൂടെ വാഹനങ്ങൾ സഞ്ചരിച്ചുണ്ടായ സ്ഥലത്തു കൂടിയാണു യാത്ര. മുൻപൊരിക്കൽ കാട്ടാനയുടെ മുന്നിൽപ്പെട്ട സംഭവം കഥ പോലെ വിവരിക്കുകയാണ് ഡ്രൈവർ. അദ്ദേഹം പുലിയേയും കണ്ടിട്ടുണ്ടത്രേ. ‘പുലിയേക്കാൾ ഭയക്കേണ്ടതു കരടിയെയാണ്’. ഡ്രൈവറുടെ മുഖത്ത് ഭയം നിഴലിട്ടു. അതു കണ്ട് ഞങ്ങളുടെ നെഞ്ചിടിപ്പിനു വേഗം കൂടി. ആ യാത്രയുടെ ലക്ഷ്യം മൃഗങ്ങളെ കാണലായിരുന്നില്ല. ഏഷ്യയിൽ അവശേഷിക്കുന്ന ഗുഹാവാസികളായ ചോലനായ്ക്കരെ കാണാനാണ് കാട്ടിൽ കയറിയത്.
ഏറെ ദിവസത്തെ ശ്രമത്തിനൊടുവിൽ കിട്ടിയ അവസരമായിരുന്നു. ചോലനായ്ക്കന്മാർ താമസിക്കുന്ന ‘അള’ കാണണം, അവരുടെ ജീവിതം ക്യാമറയിൽ പകർത്തണം– ഇതു മാത്രമായിരുന്നു ലക്ഷ്യം. നവംബർ 13ന് മലയാള മനോരമയാണ് ഗുഹാവാസികളായ ചോലനായ്ക്കരുടെ ജീവിതം ആദ്യമായി വെളിച്ചം കാണിച്ചത്. മലയാള മനോരമ ഫൊട്ടോഗ്രഫർ ടി.നാരായണന്റെ ക്യാമറയിലൂടെ നഗ്നരായി ജീവിക്കുന്ന ചോലനായ്ക്കന്മാരുടെ ഫോട്ടോ ലോകം കണ്ടു. നിലമ്പൂരിലെ കരുളായി വനമേഖലയിലെ ചോലനായ്ക്കന്മാരുടെ ക്ഷേമത്തിനായി പിന്നീട് ഒട്ടേറെ പദ്ധതികൾ ആവിഷ്കരിക്കപ്പെട്ടു. കാടിന്റെ സുരക്ഷിതത്വവും ചോലനായ്ക്കന്മാരുടെ സ്വകാര്യതയും സംരക്ഷിക്കാനായി പിൽക്കാലത്ത് ഈ വനമേഖലയിൽ പ്രവേശനം നിരോധിച്ചു. അതിനാൽത്തന്നെ, ചോലനായ്ക്കന്മാരെ കുറിച്ച് റിപ്പോർട്ട് തയാറാക്കാനായി മാഞ്ചീരി മലവാരത്തേക്കു പോകാൻ അവസരം ലഭിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതുന്നു.
ഞങ്ങൾ മാഞ്ചീരി കോളനിയിലെത്തി. ചോലനായ്ക്കന്മാരുടെ ജീവിതചിത്രങ്ങൾ പുറത്തു വന്നതിനു ശേഷം സർക്കാർ നിർമിച്ചുനൽകിയതാണ് ഈ കോളനി. ഞങ്ങൾ എത്തിയ സമയത്ത്, അവിടെ കുടിയിരുത്തിയവരിൽ പലരും അളകളിലേക്കു തന്നെ തിരിച്ചു പോയിക്കഴിഞ്ഞിരുന്നു. ചോലനായ്ക്കന്മാരെ കണ്ടതിനു ശേഷമേ തിരികെ പോകൂ– ഞങ്ങൾ ഉറപ്പിച്ചു. സുരക്ഷിതമെന്നു തോന്നിയ ഒരിടത്ത് വാഹനം നിർത്തി. കാട്, പുഴ, കുന്നുകൾ, ചതുപ്പു നിലങ്ങൾ... ഞങ്ങൾ നടന്നു, കനത്ത ജാഗ്രതയോടെയാണ് നീങ്ങിയത്. അട്ടയും തടിയനുറുമ്പും ദേഹം വേദനിപ്പിച്ചു. കൂട്ടത്തിലൊരാളുടെ കാൽ ചെളിയിൽ പുതഞ്ഞു. ഒന്നു രണ്ടുപേർ തെന്നി വീണു. വള്ളിയിൽ തൂങ്ങിയാണ് അരുവി കടന്നത്. കുറേ ദൂരം താണ്ടിയപ്പോൾ ഒരു യുവാവിനെ കണ്ടു. ചോലനായ്ക്കനാണ്. കള്ളിമുണ്ടാണു വേഷം.തുടർയാത്രയിൽ ആ യുവാവും ഞങ്ങളോടൊപ്പം ചേർന്നു.
ഉൾക്കാട്ടിലൂടെ എത്ര കിലോമീറ്റർ നടന്നുവെന്നറിയില്ല. ഉള്ളിലേക്കു പോകുംതോറും കാടിന്റെ സൗന്ദര്യം വർധിച്ചു. ഒടുവിൽ, പുഴയുടെ തീരത്ത് പാറകളുടെ ചെരിവിൽ എത്തി. തൊപ്പിക്കുടപോലെയുള്ള പാറയുടെ താഴെ ‘അള’യിൽ കുറച്ചു പേർ – ചോലനായ്ക്കർ. അതൊരു കുടുംബമായിരുന്നു. ചുരുണ്ട തലമുടിയുള്ള വയോധികൻ, പ്രായം മറന്ന് ജോലിയിൽ മുഴുകിയ മുത്തശ്ശി, രണ്ടു ചെറുപ്പക്കാർ...അവരിലൊരാൾ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു. മുള കൂട്ടിക്കെട്ടിയ ചങ്ങാടങ്ങളിൽ കയറി കുട്ടികൾ പുഴയിലിറങ്ങി. അവർ ഞങ്ങളുടെ ക്യാമറയ്ക്കു മുന്നിൽ കുറച്ചു നേരം ഇരുന്നു.
അപ്പോഴേക്കും മുതിർന്ന ഒരാൾ വന്ന് അവരെ അളയിലേക്കു കൂട്ടിക്കൊണ്ടു പോയി. ചോലനായ്ക്കന്മാർക്ക് പുറംലോകത്തുള്ള മനുഷ്യരുമായി ഇടപഴകി ശീലമായിരിക്കുന്നു. അവരിലെ പുരുഷന്മാരിൽ ചിലർ മുണ്ടും ഷർട്ടും ധരിച്ചിട്ടുണ്ട്. സ്ത്രീകൾ അവരുടേതായ രീതിയിൽ ധരിച്ചിരുന്നു. കവളക്കിഴങ്ങ്, ബന്നിക്കിഴങ്ങ്, കാട്ടിലെ ഇലകൾ എന്നിവയായിരുന്നു പണ്ട് അവരുടെ ഭക്ഷണം. ഇപ്പോൾ, അവർ ശേഖരിക്കുന്ന കാട്ടുതേൻ, ഇഞ്ചി, പന്തം, ശതാവരി, കുന്തിരിക്കം, ചീനിക്ക എന്നിവ വനസംരക്ഷണ സിമിതിക്കു വിൽക്കുന്നു. പകരം, അരി, തേയില എന്നിവ ചോലനായ്ക്കന്മാർക്കു നൽകുന്നു. ചോലനായ്ക്കന്മാരുടെ ഏക വരുമാന മാർഗമാണ് വനവിഭവങ്ങളുടെ ശേഖരണം.