sections
MORE

മറക്കാനാവില്ല, കാട്ടാനകൾക്കു മുന്നിൽപ്പെട്ട ആ കാട്ടുയാത്ര: രഞ്ജിനി ജോസ്

cel-travel
രഞ്ജിനി ജോസ്
SHARE

പാട്ടിനെ ജീവനുതുല്യം സ്നേഹിക്കുന്ന ര‍‍ഞ്ജിനി ജോസിന് ആരാധകരേറെയുണ്ട്. മലയാളത്തിലും തമിഴിലുമായി  നൂറോളം ചിത്രങ്ങൾക്ക്‌ ഗാനം ആലപിച്ചിട്ടുള്ള ഇൗ സുന്ദരി അഭിനയ രംഗത്തും മികവ് തെളിയിച്ചിട്ടുണ്ട്. ഷാജി കൈലാസ്‌ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ രഞ്ജിനി വെള്ളിത്തിരയിൽ എത്തിയിരുന്നു. പാട്ട് കഴിഞ്ഞാൽ യാത്രകളാണ് രഞ്ജിനിയുടെ പ്രധാന ഹോബി. പാട്ടിനെ നെഞ്ചോടു ചേർക്കുന്ന രഞ്ജിനിക്ക് പുതിയ കാഴ്ചകളും സ്ഥലങ്ങളും ആസ്വദിക്കാനും ഇഷ്ടമാണ്. ജോലിയുടെ ഭാഗമായി ഒരുപാട് യാത്ര ചെയ്യാൻ ഭാഗ്യം കിട്ടിയ താരസുന്ദരിയാണ് രഞ്ജിനി ജോസ്. ഇഷ്ടപ്പെട്ടയാത്രകളെകുറിച്ച് താരം മനോരമ ഒാൺലൈനിൽ മനസ്സ്തുറക്കുന്നു.

ranjini-jose-travel5
രഞ്ജിനി ജോസിന്റെ യാത്ര

അച്ഛനും അമ്മയും എപ്പോഴും ജോളിയാണ്. ഒഴിവ് സമയം കിട്ടിയാൽ അമ്മയുടെയും അച്ഛന്റെയും അടുത്ത ഒാപ്ഷൻ ചെറുയാത്രകളാണ്. എന്റെ വരവോടെ എല്ലാ ഒൗട്ടിങ്ങിനും എന്നെയും കൂട്ടും. അറിവായതോടെ ഞാനും അവരോടൊപ്പം കൂടി. യാത്രകൾ ഇന്നും എനിക്ക് ഹരമാണ്. എത്ര തിരക്കിലും മനസ്സ് വല്ലാതെ ബോറടിക്കുമ്പോൾ ചെറുയാത്രകൾ ചെയ്യണം. യാത്ര നൽകുന്ന ഉന്‍മേഷം മനസ്സിന് മാത്രമല്ല ശരീരത്തിനുകൂടിയാണ്. ടെൻഷനടിച്ച ലോകത്തിൽ നിന്നും ശാന്തസുന്ദരമായ ഇടത്തിൽ‌ എത്തിച്ചേർന്ന അനുഭൂതിയാണ് ഒാരോ യാത്രയും സമ്മാനിക്കുന്നത്.

യാത്രയിലേക്ക് കടക്കാം

എന്റെ പ്രിയപ്പെട്ട യാത്രകളുടെ ലിസ്റ്റെടുത്താൽ അന്നും ഇന്നും മായാതെ ഒാർമയിൽ നിൽക്കുന്നത് കുട്ടിക്കാലത്തെ യാത്രകളാണ്. ചെന്നൈയിലാണ് ഞാൻ ജനിച്ചത്. അച്ഛനും അമ്മയോടൊപ്പെം അവധി ആഘോഷിക്കാനായി നാട്ടിലേക്കുള്ള യാത്രയാണ് ഇപ്പോഴും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നത്. തറവാട് പെരുമ്പാവൂരാണ്. ഞാൻ ഒറ്റ മകളായതുകൊണ്ട് ചാച്ചന്റെയും അമ്മച്ചിയുടെയും ഒാമന പേരകുട്ടിയാണ്.

ranjini-jose-travel3
രഞ്ജിനി ജോസിന്റെ യാത്ര

ചെന്നൈയിൽ നിന്നും പെരുമ്പാവൂരിലേക്കുള്ള ട്രെയിൽ യാത്ര രസകരമായിരുന്നു. ട്രെയിനിന്റെ ജനാലക്കരികിലിരുന്നു പ്രകൃതിയുടെ ഒരോ കാഴ്ചകളും ആസ്വദിക്കും. നാട്ടിലെത്തിയാലോ ഉല്‍സവത്തിന്റെ പ്രതീതിയാണ്. ചാച്ചനും അമ്മച്ചിക്കും ഒരുപാട് കൃഷിയുണ്ട്. സിറ്റിയിലെ ജീവിതത്തിൽ നിന്നും നാട്ടിന്‍പുറത്തിന്റെ തനിമയാർന്ന സൗന്ദര്യം ഒരോ തവണയും എന്നെ അദ്ഭുതപ്പെടുത്താറുണ്ട്. അന്ന് മുതൽ പ്രകൃതിയോട് വല്ലാത്തൊരു അടുപ്പമാണ്.

ranjini-jose-travel
രഞ്ജിനി ജോസിന്റെ യാത്രയിൽ നിന്ന്

ലോകം ചുറ്റണം

സത്യത്തിൽ ഞാൻ ഭാഗ്യവതിയാണ്. കരിയറിനോടൊപ്പം തന്നെ എനിക്ക് ഒരുപാട് യാത്ര ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഞങ്ങളെ കൊണ്ടുപോകുന്ന സ്പോൺസർമാര്‍ പരിപാടി കഴിഞ്ഞാൽ കുറച്ചു ദിവസം അവിടുത്തെ പ്രധാന ടൂറിസ്റ്റ് സ്പോട്ടുകള്‍ സന്ദർശിക്കാനായി കൊണ്ടുപോകറുണ്ട്.

ranjini-jose-travel6
രഞ്ജിനി ജോസിന്റെ യാത്ര

എന്റെ ജീവിതത്തിൽ ഇതിനോടകം ഒരുപാട് സ്ഥലങ്ങൾ സന്ദർശിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. വിദേശയാത്ര ഉൾപ്പെടെ മിക്കയിടങ്ങളിലേക്കും യാത്ര പോയിട്ടുണ്ട്. പ്രോഗ്രാമിന്റെ ഭാഗമല്ലാതെ കുറച്ചു ദിവസം യാത്രയ്ക്കായി മാത്രം മാറ്റിവയ്ക്കണമെന്നു തോന്നാറുണ്ട്. സമയം കിട്ടാറില്ല എന്നതാണ് വാസ്തവം.

യാത്ര പോകുമ്പോൾ കാഴ്ചകൾ ആസ്വദിക്കുക മാത്രമല്ല എന്റെ ഇഷ്ടം. ആ സ്ഥലത്തിന്റെ സംസ്കാരവും ജീവിതരീതിയും തൊട്ടറിഞ്ഞുള്ള യാത്രയാണ് ഏറെ ഇഷ്ടം. ഞാൻ കണ്ട പലരാജ്യത്തിനും വൈവിധ്യമായ മുഖങ്ങളാണ്. സംസ്കാരമാണെങ്കിലും ഭക്ഷണമാണെങ്കിലും. അവരുടെ സംസ്കാരം അറിയുവാനും വൈവിധ്യം നിറഞ്ഞ വിഭവങ്ങളുടെ രുചിയറിയാനും ശ്രമിക്കാറുണ്ട്.

കണ്ടു തീരാത്ത നാട്

പ്രോഗ്രാമിന്റെ ഭാഗമായും അല്ലാതെയും ഒരുപാട് തവണ യൂറോപ്പ് സന്ദർശിച്ചിട്ടുണ്ട്. ഒരോ തവണയും പുതുമ നിറഞ്ഞ ഓർമകൾ സമ്മാനിക്കുന്ന യൂറോപ്പ് ഇതുവരെ കണ്ടുതീർന്നിട്ടില്ല. കടലും മണലും മാത്രമല്ല സാഹസിക ഇഷ്ടപ്പെടുന്നവർക്കായി മലകയറ്റവും യൂറോപ്പിലുണ്ട്. എണ്ണിയാൽ ഒതുങ്ങാത്തത്രയും സുന്ദരകാഴ്ചകളുടെ നിധികുംഭമാണ് യൂറോപ്പ്. യൂറോപ്പിന്റെ തെക്കുകിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന റൊമാന്റിക് ‍ഡെസ്റ്റിനേഷനായ ഗ്രീസ് ഇതുവരെ സന്ദർശിക്കാനായിട്ടില്ല. കടല്‍തീരങ്ങളും പരിശുദ്ധമായ ദ്വീപുകളും കൊണ്ട് സുന്ദരമാണ് ഗ്രീസെന്ന് ചിത്രങ്ങളിലൂടെയും വിഡിേയാകളിലൂടെയും കണ്ടിട്ടുണ്ട്. 

ഒമാനിലെ കാഴ്ചകളും എനിക്ക് ഒരുപാട് ഇഷ്ടമാണ്. പ്രകൃതി ഭംഗി ആസ്വദിക്കാവുന്ന പ്രദേശങ്ങളും ഒമാനിലുണ്ട്. ഒമാൻ വെന്തുരുകുമ്പോളും കോടയും തണുപ്പു അനുഭവിക്കാവുന്ന ഗ്രാമങ്ങളും അവിടെയുണ്ട്.  അവിടേക്കുള്ള യാത്ര എനിക്ക് ഒരുപാട് ഇഷ്ടമായി. എവിടേക്കുള്ള യാത്രയായലും മടക്കയാത്രയിൽ ആ സ്ഥലത്തിന്റെ ഒാർമക്കായി എന്തെങ്കിലും കാത്തുസൂക്ഷിക്കാറുണ്ട്.

ranjini-jose-travel7
രഞ്ജിനി ജോസിന്റെ യാത്ര

കൂടാതെ സാഹസിക വിനോദങ്ങൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്.  ഫ്ലോറിഡയിലേക്കുള്ള യാത്രയിൽ വച്ച് ജീവിതത്തിൽ ആദ്യമായി സ്കൈ ഡൈവിങ് ചെയ്യുവാനുള്ള ഭാഗ്യം ഒത്തുവന്നു. ശരിക്കും വിസ്മയിപ്പിച്ച അനുഭവമായിരുന്നു. മിക്കവരും ചോദിക്കാറുണ്ട് ഡ്രീം ഡെസ്റ്റിനേഷൻ ഏതാണെന്ന്. ന്യുയോർക്ക് എന്റെ സ്വപ്നനഗരമാണ്. പാട്ടിനോടുള്ള പ്രണയം കാരണം അവിടുത്തെ ‍ടൈം സ്ക്വയറിൽ പാടണമെന്നത് എന്റെ മോഹമാണ്. എന്റെയുള്ളിലെ സ്വപ്നങ്ങളുമായി ഏറെ സാദൃശ്യമുള്ളയിടമാണ് ന്യൂയോർക്ക്. 

കാസർഗോ‍ഡ് ടു കന്യാകുമാരി

കേരളത്തിലെ പതിനാല് ജില്ലകളിലേക്കും ഞാൻ യാത്ര പോയിട്ടുണ്ട്. കൂടുതലും പ്രോഗ്രാമിന്റെ ഭാഗമായിരുന്നു.  എങ്കിലും ഒരുപാട് ആസ്വദിക്കാനായിട്ടുണ്ട്. കാഴ്ചകൾ കൊണ്ടും നന്മകൊണ്ടും എനിക്കിഷ്ടം വടക്കൻ കേരളമാണ്.

സാധാരണയിലും സാധാരണ ജനങ്ങളുടെ നാട്. സ്നേഹം കൊണ്ടു പൊതിയുന്ന ആളുകളാണ് അവിടുത്തുകാർ. മലബാർ രുചിയിലൊരുങ്ങിയ വിഭവങ്ങളും എനിക്ക് ഒരുപാട് ഇഷ്ടമാണ്. കോഴിക്കോട് ബീച്ചും കണ്ണൂർ ബീച്ചും തിരുവന്തപുരത്തെ കാഴ്ചകളും കായലിന്റെ ഭംഗിയും കെട്ടുവള്ളത്തിലെ യാത്രയും തണുപ്പിന്റെ പുതപ്പണിഞ്ഞ മൂന്നാറും ഇടുക്കിയും കാടിന്റെ വന്യത ആസ്വദിക്കാവുന്ന വയനാടും അങ്ങനെ കേരളത്തിലെ ഒട്ടുമിക്ക  കാഴ്ചകളും എനിക്ക് പ്രിയമാണ്.

കാട്ടിലൂടെയുള്ള യാത്ര ശരിക്കും പേടിച്ചു

കാടും കാട്ടാറുമൊക്കെ ആസ്വദിക്കാൻ ഒരുപാട് ഇഷ്ടമാണ്. ഒരിക്കൽ വയനാട്ടിലെ കാട്ടിലേക്ക് യാത്രതിരിച്ചു. ഥാറിലായിരുന്നു യാത്ര. കാടിന്റെ ഉള്ളിലേക്ക് പോകുന്തോറും വന്യഭംഗി തുളുമ്പുന്ന കാട് ഒന്നുകൂടി സുന്ദരിയായപോലെ എനിക്ക് തോന്നി. ഞങ്ങളുടെ കൂടെ ഡ്രൈവറും ഒപ്പം വഴികാട്ടിയായി ആദിവാസി പയ്യനുമുണ്ടായിരുന്നു. ഇടയ്ക്ക് ശക്തിയിൽ മഴപെയ്തു. ഒപ്പം കാറ്റും. വല്ലാത്ത പേടി തോന്നി. 

കാടിന്റെ ഉള്ളിലെത്തിപ്പെട്ട  അവസ്ഥ. ചിലസ്ഥലങ്ങളിൽ മരം വീണുകിടക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ആ കാഴ്ച കണ്ടത് ശരിക്കും ഞെട്ടി മൂന്ന് കാട്ടാനകൾ ഞങ്ങളുടെ വാഹനത്തെ ലക്ഷ്യം വച്ച് വന്നു. ആദിവാസി പറ​ഞ്ഞ വഴിയിലൂടെ ഞങ്ങൾ വേഗം വാഹനം മുന്നോട്ട് നീക്കി. ശരിക്കും ജുറാസിക് പാർക്ക് സിനിമയിലെ അനുഭവമായിരുന്നു അന്ന് നേരിട്ടത്. 

മസിനഗുഡി

വന്യമൃഗ സംരക്ഷണ കേന്ദ്രം, തേയില പ്ലാന്റേഷനുകൾ, കൃഷിയിടങ്ങൾ, തണുപ്പിന്റെ പുതപ്പുമായി എത്തുന്ന മഞ്ഞുമേഘങ്ങൾ, ചുരം... മസിനഗുഡി യാത്ര ശരിക്കും അതിശയിപ്പിച്ചു. ഗൂഡല്ലൂരിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞു. മുതുമല വന്യജീവി സങ്കേതത്തിലൂടെ റോഡലൂടെയുള്ള യാത്ര രസകരവും പേടിപ്പെടുത്തുന്നതുമായിരുന്നു.

കാടിനകത്തെ റോഡിലേക്കു കടന്നാൽ പിന്നെ വാഹനങ്ങൾ നിർത്താൻ അനുവാദമില്ല. നിർത്തിയാൽ വനപാലകരുടെ പിടി വീഴും. മാനുകളും മയിലുകളും റോഡിനടുത്ത് വിഹരിക്കുന്നു. ധാരാളം കുരങ്ങുകളുമുണ്ട്. വാഹനങ്ങൾ കണ്ടിട്ടൊന്നും ഒരു കൂസലുമില്ല. 

ranjini-jose-travel2
രഞ്ജിനി ജോസ്

 കാടിനെയും മൃഗങ്ങളെയും തന്റെ പ്രാണനോളം സ്നേഹിക്കുന്ന ഒരാളെ കാണാൻ സാധിച്ചു. കാട്  തുടങ്ങുന്നയിടത്താണ് അയാളുടെ താമസം. കാട്ടനക്ക് വെള്ളം കുടിക്കാനും കിളികൾക്ക് തീറ്റകൊടുക്കാനുമുള്ള എല്ലാ സജ്ജീകരണങ്ങളും ആ വീട്ടിൽ ഒരുക്കിയിട്ടുണ്ട്. കാട് അവരുടെ ലോകമാണ് അവരെ ആരും ശല്യം ചെയ്യുന്നതും ഇയാൾക്ക് ഇഷ്ടമല്ല. രാത്രിപോലും വീട്ടിൽ വെളിച്ചം ഉപയോഗിക്കാറില്ല. അദ്ദേഹത്തെ കാണാനും വിവരങ്ങൾ അറിയാനും സാധിച്ചതിൽ എനിക്ക് ഒരുപാട് സന്തോഷം തോന്നി. ഇപ്പോഴും ഇങ്ങനെ നന്മയുള്ള ആളുകൾ ഉണ്ടല്ലോയെന്നു തോന്നി. അടുത്തിടെയാണ് അദ്ദേഹം മരണപ്പെട്ടുവെന്ന സങ്കടകരമായ വാർത്തയറിയുന്നത്. കാടിന്റെ സൗന്ദര്യം നുകർന്ന യാത്രയിൽ മറക്കാനാവില്ല വയനാടും മസിനഗുഡി യാത്രയും

ഇന്ത്യയിലും കേരളത്തിലും  വിദേശത്തും യാത്ര ചെയ്ത എനിക്ക് ഇന്നുവരെ മഞ്ഞുവീഴ്ച കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. അതൊരു നീറ്റലായി  ഉള്ളിലുണ്ട്. എന്നെങ്കിലും ഒരു ദിവസം മഞ്ഞിൽ കുളിച്ച് മഞ്ഞ് വീഴ്ച കാണാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് താരം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA