sections
MORE

ഈ യാത്രകൾ ബസിൽ തന്നെ പോകണം; ജനലരികിലിരുന്നു തന്നെ കാണണം

529665770
Representative Image
SHARE

ബസിലൊരു യാത്ര പോകാമെന്നു പറഞ്ഞാൽ അപ്പോഴേ ചിലർ അസൗകര്യങ്ങളുടെ നീണ്ട ലിസ്റ്റ് തന്നെ പുറത്തേക്കെടുത്തിടും.  ബസ് സ്റ്റോപ്പിൽ നിന്നും കുറച്ചേറെ മാറ്റി നിർത്തുന്ന ബസുകളെ പോലെ സൗകര്യ കുറവുകൾ മുഴുവൻ ആ വഴിയിലെങ്ങനെ നീണ്ടുകിടക്കും. എന്നാൽ കുറച്ചുപേരുണ്ട്, അവർക്കെക്കാലവും ബസിലെ ജനലരികിലെ സീറ്റിനോട് പ്രണയമാണ്. മുഖത്തു തട്ടി പാറിപ്പറക്കുന്ന കാറ്റിനെ ഒരു കൈകൊണ്ടു എപ്പോഴും പിടിച്ചു നിർത്താൻ ചെറിയൊരു ശ്രമം നടത്തിക്കൊണ്ടു അവർ ആ കാറ്റിനോടും കാഴ്ചകളോടും സംവദിക്കും.

bustrip4

കണ്ണിലും മുഖത്തും വീഴുന്ന കുഞ്ഞു മഴത്തുള്ളികളോടു കഥകൾ പറയും. എന്നിട്ടു ആ  യാത്രകളെയെല്ലാം പലനിറത്തിലുള്ള കുപ്പിവള പൊട്ടുകളായി ഓർമകളിൽ നിറച്ചു വെയ്ക്കും. ചില യാത്രകൾക്കു സൗന്ദര്യം തോന്നണമെങ്കിൽ ബസിൽ തന്നെ പോകണം. അങ്ങനെ പോകാനിതാ...കുറച്ചു മനോഹര പാതകൾ. ബസിന്റെ ജാലകത്തിനടുത്തുള്ള സീറ്റിലിരുന്നു കാഴ്ചകൾ കണ്ടു പതുക്കെ ആ ദൂരങ്ങൾ താണ്ടാം. എത്തിച്ചേരുന്ന മനോഹരയിടത്തേക്കാൾ മോഹിപ്പിക്കുന്ന നിരവധി കാഴ്ചകൾ ആ യാത്രയിലുടനീളമുണ്ട്.

മുംബൈ - ഗോവ 

അതിസുന്ദരമായ ദൃശ്യങ്ങൾ കൊണ്ട് സമ്പന്നമാണ് 587 കിലോമീറ്റർ നീളുന്ന മുംബൈ - ഗോവ ദേശീയ പാത. പത്തു മുതൽ പന്ത്രണ്ടു മണിക്കൂർ വരെ നീളുന്ന യാത്രയിൽ കണ്ണുകളെയും മനസിനെയും കീഴടക്കുന്ന നിരവധി കാഴ്ചകളുണ്ട്. പശ്ചിമഘട്ട മലനിരകളുടെ അഭൗമമായ സൗന്ദര്യവും പച്ചയണിഞ്ഞു നിൽക്കുന്ന പ്രകൃതിയും കൂടെ വെള്ളച്ചാട്ടങ്ങളുടെ മനോഹാരിതയുമൊക്കെ ഈ പാതയെ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാക്കുന്നു.

956939814

മുംബൈയിൽ നിന്നും പൂനെ, സത്താറ വഴിയാണ് ഗോവയിലെത്തുന്നത്. യാത്രയിലുടനീളം സുന്ദരമായ പ്രകൃതി കൂട്ടു വരും. മനോഹരമായ കാഴ്ചകളും കണ്ടുകൊണ്ടു നീളുന്ന യാത്ര ഏതൊരു സഞ്ചാരിയുടെയും മനസ് കുളിർപ്പിക്കത്തക്കതാണ്. മണിക്കൂറുകൾ നീളുന്ന ബസ് യാത്ര, ഒരിക്കൽ പോലും മടുപ്പിക്കുകയില്ല എന്നാണ് അനുഭവസ്ഥർ പറയുന്നത്. വളഞ്ഞുപുളഞ്ഞു പോകുന്ന പാതയിലൂടെ കാഴ്ചകളും കണ്ടുകൊണ്ടു നീങ്ങുന്ന യാത്ര സഞ്ചാരികൾക്കു ഒരിക്കലും മറക്കാൻ കഴിയാത്ത മികച്ചൊരു അനുഭവം തന്നെയായിരിയ്ക്കും.

ചെന്നൈ - പുതുച്ചേരി 

എത്രകണ്ടാലും മതിയാകാത്ത, പരന്നുകിടക്കുന്ന കടൽ പോലെ തന്നെയാണ് കടൽ സമ്മാനിക്കുന്ന കാഴ്ചകളും. യാത്ര തീരുന്നതുവരെ കടലിന്റെ കാഴ്ചകൾ കാണണമെന്നുള്ളവർക്കു മടിക്കാതെ തിരഞ്ഞെടുക്കാൻ കഴിയുന്ന ഒരു പാതയാണ് ചെന്നൈ - പുതുച്ചേരി. ചെന്നൈയിൽ നിന്നും പുതുച്ചേരി വരെയുള്ള  152 കിലോമീറ്റർ യാത്രയിൽ, ഒരു ഭാഗത്തു കടലും മറുഭാഗത്തു കാടിന്റെ പച്ചപ്പുമാണ്.  കടൽക്കാറ്റേറ്റു നീളുന്ന യാത്ര, വാക്കുകൾ കൊണ്ട് വർണിക്കുന്നതിനുമപ്പുറം സുന്ദരമാണ്. 

ബെംഗളൂരു - ഊട്ടി

ബെംഗളൂരുവിലെ നഗരത്തിരക്കുകൾ താണ്ടി, ബസ് മുന്നോട്ടു നീങ്ങുന്നതും ഊട്ടിയുടെ സൗന്ദര്യത്തിലേക്കും തണുപ്പിലേക്കും ഓടിക്കയറുന്നതും അനുഭവിച്ചു തന്നെയറിയേണ്ടതാണ്. അത്രമേൽ ഹൃദ്യമാണ് ആ യാത്ര. നഗരത്തിലെ ബഹളങ്ങളിൽ നിന്നും ബസ് കുറച്ചു ദൂരം പിന്നിട്ടുകഴിയുമ്പോൾ തന്നെ സുന്ദരമായ കാഴ്ചകൾ ആരംഭിക്കുകയായി. പിന്നീട് മുന്നോട്ടു പോകുന്തോറും യാത്രയുടെ മനോഹാരിത കൂടിക്കൂടി വരും. സുഖകരമായ തണുപ്പിന്റെ കൈകൾ വന്നുപൊതിയും, ശാന്തവും സുന്ദരവുമായ പ്രകൃതി കൺമുമ്പിൽ തെളിഞ്ഞു വരും.

ബസിലെ ജനലിനപ്പുറത്തെ കാഴ്ചകളിലേക്കു ഓടിയെത്താൻ ഏതൊരു സഞ്ചാരിയും അപ്പോൾ മോഹിക്കും. 337 കിലോമീറ്റർ നീണ്ട യാത്രയുടെ ആലസ്യം മുഴുവൻ ഊട്ടിയിലെ കാഴ്ചകളിലേക്കിറങ്ങുമ്പോൾ പൊയ്‌പ്പോകും. ബെംഗളൂരു - രാംനഗർ - കൊല്ലിഗൽ വഴി മേട്ടുപ്പാളയം, ഊട്ടി. ഊട്ടിയിലേയ്ക്കുള്ള യാത്രയിൽ ബെംഗളൂരുവിൽ നിന്നും ഈ പാതയാണ് തിരെഞ്ഞെടുക്കേണ്ടത്.

471601995
ലേയിലേക്കുള്ള ബസ് റൂട്ട്

ഡൽഹി - ലേ

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ബസ് റൂട്ടുകളിൽ പ്രഥമ സ്ഥാനമുണ്ട് ഡൽഹിയിൽ നിന്നും ലേയിലേയ്ക്കു നീളുന്ന പാതയ്ക്ക്. പാതയ്ക്കിരുവശവുമുള്ള കാഴ്ചകൾ ഏതൊരു സഞ്ചാരിയെയും മോഹിപ്പിക്കും. അത്രത്തോളം സുന്ദരമാണ് ഡൽഹിയിൽ നിന്നും ലേയിലേക്കുള്ള യാത്ര.

യാത്ര മുന്നോട്ടു നീങ്ങുമ്പോഴാണ് കണ്ണുകൾക്ക് മുമ്പിൽ ഹിമാലയത്തിന്റെ വശീകരിയ്ക്കുന്ന കാഴ്ചകൾ വന്നു നിറയുന്നത്. ഒരിക്കലും മറക്കാൻ കഴിയാത്ത യാത്ര എന്നായിരിക്കും ഡൽഹി-ലേ യാത്രയെ ഏതൊരു സഞ്ചാരിയും വിശേഷിപ്പിക്കുക. അത്രയേറെ കൗതുക കാഴ്ചകൾ ഈ യാത്രയിലുടനീളം ഓരോ യാത്രികനെയും കാത്തിരിക്കുന്നുണ്ട്. 26 മണിക്കൂറോളം നീളുന്ന യാത്രയിൽ 1004 കിലോമീറ്റർ ദൂരം താണ്ടിയാൽ ലേയിൽ എത്തിച്ചേരാം. 

കൊൽക്കത്ത - ഡാർജിലിങ് 

കൊൽക്കത്തയിൽ നിന്നും ഡാര്ജിലിങിലേക്കുള്ള പാതയിലെ ഏറ്റവും വലിയ ആകർഷണം, ആ പാത കടന്നുപോകുന്നത് സിലിഗുരിയിൽ കൂടിയാണ് എന്നതാണ്. നോർത്ത് ഈസ്റ്റിന്റെ കവാടം എന്നാണ് സിലിഗുരി അറിയപ്പെടുന്നത്. നേപ്പാൾ,  ഭൂട്ടാൻ, ബംഗ്ളാദേശ് എന്നിങ്ങനെ മൂന്നു രാജ്യങ്ങളുമായി അതിർത്തിപങ്കിടുന്ന ഒരു നാടുകൂടിയാണ് സിലിഗുരി.  നദികളും തേയിലത്തോട്ടങ്ങളും കാടും കണ്ടുള്ള 607 കിലോമീറ്റർ താണ്ടിയുള്ള യാത്ര, ഏതൊരു സഞ്ചാരിയ്ക്കും ഹൃദ്യമായ അനുഭവങ്ങൾ സമ്മാനിക്കും. കൊൽക്കത്തയിൽ നിന്നും കിഷൻഗഞ്ച്, സിലിഗുരി എന്നീ സ്ഥലങ്ങൾ താണ്ടി 15 മണിക്കൂർ കൊണ്ട് ഡാർജിലിങിൽ എത്തിച്ചേരാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA