ADVERTISEMENT

കിണ്ണകൊരൈയിലേക്കുള്ള ഏറ്റവും സൗകര്യപ്രദമായ പാത പാലക്കാടും മണ്ണാർക്കാടും കടന്ന്, അട്ടപ്പാടിയിൽ നിന്ന് മുള്ളി ചെക്ക്പോസ്റ്റ് വഴിയുള്ളതാണ്. അതിരാവിലെ യാത്ര ആരംഭിക്കണം. വെളിച്ചം പരന്നുതുടങ്ങുമ്പോൾ പാലക്കാടിന് നല്ല കാപ്പിയുടെ മണമായിരിക്കും. ആ കാപ്പി മണത്തിനു പിന്നാലെ കായത്തിന്റെ വാസന പൊങ്ങുന്ന സാമ്പാറിൽ കടുക് താളിക്കുന്ന ശബ്ദവും, ദോശയുടെയും ഇഡ്ഡ്ലിയുടെയും മണവും മാറി മാറി വരും.

റോഡിലപ്പോൾ  ചെറിയ മുട്ടിപ്പാനികളും ചേറ്റുകത്തികളുമായി കരിമ്പനകളിൽ നിന്നും ഊറിയ, മരനീരും കൊണ്ട് നടന്നുപോകുന്ന ഇരുമ്പിന്റെ കരുത്തുള്ള മനുഷ്യരെ കാണാം. പിന്നെ വെള്ളക്കാളകളെയും കറുത്ത പോത്തുകളെയും പൂട്ടിയുള്ള  കാളവണ്ടികൾ, കട കട കട ശബ്ദവുമായി ഓടി ഓടി പോകും. അട്ടപ്പാടിയുടെ സൗന്ദര്യത്തിൽ നിന്നുള്ള യാത്ര, മുള്ളി ചെക്ക് പോസ്റ്റ് വരെ നീളണം. അവിടെ നിന്നും കുറച്ചു മാറിയാൽ തമിഴ്നാടിന്റെ ചെക്പോസ്റ്റ്. മൺപാതകൾ പിന്നിട്ടുകൊണ്ടുള്ള യാത്ര അല്പം പേടിക്കണം. കരിവീരൻമാർ ഏതു നിമിഷവും വാഹനത്തിനു മുമ്പിലേക്ക് വരാൻ സാധ്യതയുണ്ട്.   

കാഴ്ച അന്യമായിരുന്ന ഒരുവന്, പെട്ടെന്നൊരു ദിനം നിറങ്ങൾ കാണുവാൻ കഴിയുക, കറുപ്പല്ലാതെ...വെള്ളയും പച്ചയും ചുവപ്പുമെല്ലാം വിസ്മയം പൂണ്ട കണ്ണുകളോടെ അവൻ കാണുക....പറഞ്ഞറിയിക്കാൻ കഴിയാത്ത വല്ലാത്തൊരു വികാരതീവ്രതയുമുണ്ടാകും ആ നിമിഷങ്ങൾക്ക്. വാക്കുകൾ കിട്ടാതെ... ആ കാഴ്ചകളിൽ, നിറഞ്ഞു നിൽക്കുന്നതുപോലൊരു അനുഭൂതിയുണ്ടാകും. അത്രതന്നെ സുഖകരമായ നിമിഷങ്ങൾ നൽകാൻ കഴിയും കിണ്ണകൊരൈ എന്ന തമിഴ്‌നാടൻ ഗ്രാമത്തിനും അവിടുത്തെ കാഴ്ചകൾക്കും. 

കാലെടുത്തുവെച്ചു കയറുന്ന നിമിഷം മുതൽ തന്നെ കിണ്ണകൊരൈയിലെ കാഴ്ചകളുടെ കൗതുകലോക ജാലകത്തിന്റെ ഒരുപാളി തുറക്കപ്പെടും.  ആദ്യനോട്ടത്തിൽ തന്നെ, മനസുകീഴടക്കും നിറഞ്ഞൊഴുകി താഴേക്കു പതിക്കുന്ന ഒരു ജലധാര. യാത്രയുടെ ക്ഷീണത്തെ പാടെയകറ്റാൻ ആ ക്ഷീരയരുവിക്ക്‌ കഴിയും. ''വടി വെട്ടാൻ പോയിട്ടേയുള്ളൂ..ഇനിയാണ് അടി'' എന്ന ചൊല്ലുപോലെ ഗദയിൽ നിന്നും ആരംഭിക്കുകയായി മുടിപ്പിന്നൽ വളവുകൾ. കൃത്യം നാല്പത്തിമൂന്നെണ്ണം കഴിയുമ്പോൾ, മഞ്ഞുപെയ്യുന്ന മാഞ്ചൂരെത്തും. ഓരോ വളവുപിന്നിടുമ്പോഴും തണുപ്പ് കൂടിക്കൂടി വരും. താഴേക്ക് നോക്കുമ്പോൾ കയറിവന്ന വഴികളെല്ലാം പുതച്ചുമൂടി ചുരുണ്ടുകൂടി കിടക്കുന്നതു കാണാം.

പെയ്യുന്ന മഞ്ഞിനെ വകഞ്ഞുമാറ്റി, മാഞ്ചൂരിൽ നിന്നും കിണ്ണകൊരൈയിലേക്ക്. എതിർവശത്തു നിന്നും വരുന്ന വാഹനങ്ങളെ ഹെഡ്‍ലൈറ്റിന്റെ വെളിച്ചമുണ്ടെങ്കിൽ മാത്രമേ കാണാൻ കഴിയുകയുള്ളു, അത്രയ്ക്കുണ്ട് മഞ്ഞ് വീഴ്ച. സ്കൂളിൽ നിന്നും കോളേജിൽ നിന്നുമൊക്കെ ഊട്ടിയിലേക്ക് വിനോദയാത്ര പോയി തിരികെ വരുമ്പോൾ,  കയ്യിലെപ്പോഴും  ബാക്കിയുണ്ടാകാറ്, വാടാത്ത ഓർമകൾക്കൊപ്പം കൊഴിയാൻ മാസങ്ങളെടുക്കുന്ന ഊട്ടിപ്പൂക്കളാണ്. റോഡിനിരുവശവും പഴയ നൊസ്റ്റു വാഹകരായി ആ പുഷ്പങ്ങൾ വിടർന്നു നിൽക്കുന്നത് കണ്ടപ്പോൾ കുറച്ചു പറിച്ചെടുക്കാതിരിക്കാൻ തോന്നിയില്ല.  എത്ര വർഷങ്ങൾ കഴിഞ്ഞാലും, എവിടെ നിന്നായാലും  പൂക്കളിറുക്കാൻ കൈ പൊങ്ങുമ്പോഴേ അച്ഛനെയാണ് ഓര്‍മ വരുക. വീട്ടിലെ ഉദ്യാനപാലകൻ അച്ഛനായിരുന്നു.

എവിടെ പോയാലും തിരികെ വരുമ്പോൾ അച്ഛന്റെ കയ്യിൽ ഏതേലും ചെടിയുടെ ഒരു വിത്തോ, കമ്പോ കാണും.  നട്ടുവളർത്തി, വലുതാക്കിയ ചെടികളിൽ പൂക്കൾ വിരിഞ്ഞു നില്കുന്നത് കാണുമ്പോൾ വലിയ സന്തോഷമാണ്. ഒരു പൂ പോലും പറിച്ചെടുക്കാൻ മനസോടെ അച്ഛൻ സമ്മതിച്ചിട്ടില്ല. എന്നാൽ  കട്ടുപറിക്കൽ എന്റെ ഹോബിയായിരുന്നു. അക്കാലത്തു മുറ്റത്തിന്റെ ഇരുവശവും നിറയെ നാടൻ റോസാപൂക്കളുണ്ടായിരുന്നു. അവ കുലകുലയായി നിൽക്കുന്നത് കാണാൻ ഒരു ഭംഗിയൊക്കെയുണ്ട്. അതിലും ഭംഗി എന്റെ തലയിൽ ഇരിക്കുന്നതാണെന്ന വിശ്വാസത്തിൽ ഞാനൊരെണ്ണം പറിക്കും. വേറൊരെണ്ണം കൂടി പറിച്ചെടുത്ത് ചതഞ്ഞു പോകാതെ ബാഗിൽ വെയ്ക്കും.</p>

ആ പൂ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ കുഞ്ഞുമോൾ ടീച്ചർക്കും ആറിലേക്കെത്തിയപ്പോൾ ഗ്രേസി ടീച്ചർക്കുമായിരുന്നു.  ക്ലാസ് ടീച്ചർക്ക് സ്റ്റാഫ് റൂമിൽ കൊണ്ടുപോയി ഒരു റോസാപ്പൂ കൊടുക്കുക. അതിന്റെ പുറകിൽ രണ്ടുണ്ട് കാര്യം, അന്ന് ഏതൊക്കെ ടീച്ചർമാര് വന്നിട്ടില്ല എന്നുള്ളത് നൈസായി അറിയാം, പിന്നെ എന്നും പൂ കൊടുക്കുന്ന ആളോട് ടീച്ചർക്ക് കുറച്ചുകൂടുതൽ താല്പര്യം തോന്നുമല്ലോ..,  ചോദ്യോത്തര വേളയിൽ  ആ താല്പര്യം എളുപ്പമുള്ള ചോദ്യമായി വന്നാൽ  അടിയിൽ നിന്ന് രക്ഷപ്പെടാം..എന്തായാലും സംഗതി വേണ്ടത്ര വർക്ഔട്ട്  ആയില്ല. അടി പെരുത്ത് കിട്ടിക്കൊണ്ടിരുന്നു. ക്ലാസ്സിൽ നിന്നുള്ള അടിയ്ക്കും  അച്ഛന്റെ അടിയ്ക്കും യാതൊരു ശമനവുമില്ലാതെയായപ്പോൾ  ആ പൂ പറിക്കൽ കലാപരിപാടി അങ്ങുനിന്നു. നിന്റെ തലയിൽ അതിരിക്കുന്നതിനേക്കാളും ഭംഗി ആ ചെടിയിൽ നിൽക്കുന്നതായിരുന്നു എന്നുപറഞ്ഞുള്ള അച്ഛന്റെ ദേഷ്യപ്പെടലും അടിയും പിൽക്കാലത്ത് ഒരു  മുല്ലപ്പൂ പോലും തലയിൽ ചൂടാൻ താല്പര്യമില്ലാത്ത ഒരുവളാക്കി എന്നെ മാറ്റി എന്നുപറഞ്ഞാൽ മതിയല്ലോ. എന്തായാലും ഊട്ടിപ്പൂക്കൾ കുറെ പറിച്ചെടുത്തു കയ്യിൽ പിടിച്ചു. 

യാത്ര കുറച്ചുദൂരം പിന്നിട്ടുകഴിയുമ്പോൾ ഒന്നായ വഴി രണ്ടായി പിരിയും. ഒരു വഴി കിണ്ണകൊരൈക്കുള്ളതാണ്. മറ്റേ വഴി അപ്പർ ഭവാനിയിലേക്കും. ഇരുവശത്തും വലിയ വൃക്ഷങ്ങൾ, അർക്കകിരണങ്ങളെ ഭൂമിയിലേക്കെത്താൻ അനുവദിക്കില്ല എന്ന് ദൃഢനിശ്ചയമെടുത്തിട്ടുണ്ടെന്നു തോന്നുന്നു. പാത മുഴുവൻ ഇരുള് മൂടി തന്നെ കിടക്കുകയാണ്. ലക്ഷ്യമെത്തി എന്ന് സൂചിപ്പിച്ചുകൊണ്ട് വഴിയിൽ കിണ്ണകൊരൈ എന്ന ബോർഡ് കണ്ടു. മനോഹരമായ തേയിലത്തോട്ടങ്ങൾ...കൊളുന്തു നുള്ളുന്ന തൊഴിലാളികൾ. അവരുടെ താമസ സ്ഥലങ്ങൾ. പച്ചയണിഞ്ഞ താഴ്വരകളും നല്ല തണുപ്പും.

യാത്ര അവസാനിപ്പിക്കാറായിട്ടില്ല. അവിടെ നിന്നും കുറച്ചു മാറി ഹെറിയസെഗൈ എന്നൊരു ഗ്രാമമുണ്ട്. നീണ്ടു കിടക്കുന്ന ആ പാത അവസാനിക്കുന്നത് ആ ഗ്രാമത്തിലാണ്. അവിടെ നിന്നും കുറച്ചുമാറിയാൽ ഒരു വ്യൂപോയിന്റ് ഉണ്ട്. കോടയും മലനിരകളും പൂക്കളും നിറഞ്ഞ മനോഹരമായ ഒരു കാഴ്ച. പണ്ട് മുളകൊണ്ട് വേലികെട്ടി അതിരു തിരിക്കുമ്പോൾ വേലിയിറമ്പിൽ കൊങ്ങിണി എന്നുപേരുള്ള ഒരു കാട്ടുചെടി നടുമായിരുന്നു. ഓറഞ്ച് നിറത്തിലുള്ള കൊച്ചുപ്പൂക്കൾ ആ ചെടികളിൽ നിറയെ  വിരിഞ്ഞുനിൽക്കുന്ന കാഴ്ചയ്ക്ക് നല്ല ചേലായിരുന്നു. അതെ ഓറഞ്ചു പൂക്കൾ, കൂട്ടത്തിൽ വെള്ളയും മഞ്ഞയും വയലറ്റുമൊക്കെയുണ്ട്, ഒരേ കുടുംബക്കാര്‍ തന്നെ. വ്യൂപോയിന്റിന് അരികുപറ്റി വളർന്നുനിൽക്കുന്ന  ആ കുഞ്ഞിപ്പൂക്കളെ കൂടാതെ, പേരറിയാത്ത പിന്നെയുമെത്രയോ ചെടികളും പൂക്കളും.

മുകളിൽ നിന്നുള്ള കാഴ്ച്ചയിൽ, താഴെ നിന്നു കണ്ടുപോന്നവയെല്ലാം സോപ്പുപെട്ടിയെക്കാളും ചെറുതായതായി തോന്നി. കോടമഞ്ഞു മാഞ്ഞുതുടങ്ങുമ്പോൾ ദൃശ്യമാകുന്ന മലനിരകൾ, നോക്കി നിൽക്കുന്ന അതേ നിമിഷത്തിൽ തന്നെ കാഴ്ചയെ മറച്ചുകൊണ്ട് പിന്നെയും പുകമറകൾ...കാണെക്കാണെ കണ്ണെടുക്കാൻ കഴിയാത്തത്രയും ദൃശ്യഭംഗി. .  ഹൃദയം പറിച്ചവിടെ വെച്ചു കൊണ്ടായിരുന്നു മടക്ക യാത്ര.

തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലാണ് കിണ്ണകൊരൈ. ഭക്ഷണത്തിനും താമസത്തിനും വലിയ സൗകര്യങ്ങളൊന്നുമില്ല. ആനയിറങ്ങാൻ സാധ്യതയുള്ളതുകൊണ്ട് മുള്ളിയിൽ നിന്നും രാത്രിയിൽ യാത്രയ്ക്ക് അനുമതിയില്ല. രാവിലെ ആറുമണിക്കാണ് മുള്ളി ചെക്പോസ്റ്റ് യാത്രക്കാർക്ക് തുറന്നു തരുന്നത്. അത് കണക്കിലെടുത്തുകൊണ്ട് കൂടി വേണം യാത്രാപദ്ധതികൾ തയ്യാറാക്കാൻ. ഏറ്റവുമടുത്തുള്ള റെയിൽവേ സ്റ്റേഷൻ  ലവ്ഡേൽ ആണ്. കിണ്ണകൊരൈയ്ക്ക് 45 കിലോമീറ്റർ അപ്പുറത്താണ് അത് സ്ഥിതിചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com