ADVERTISEMENT

കാടും മലകളും താണ്ടി ഉയരങ്ങളിൽ ചെന്ന്, പിന്നിട്ട വഴികളിലേക്ക് ഉൾപുളകത്തോടെ തിരിഞ്ഞു നോക്കി നിൽക്കാനും മുകളിൽ നിന്നുള്ള താഴ്‍‍വര കാഴ്ചകൾ കാണാനും ചിലർക്കെങ്കിലും ഏറെ പ്രിയമാണ്. മനോഹരമായ ഇത്തരം ട്രെക്കിങുകൾക്കു പോകാൻ താല്പര്യമുള്ള സഞ്ചാരിയാണ് നിങ്ങളെങ്കിൽ  കൽപേശ്വർ-രുദ്രനാഥ് ട്രെക്കിങ് എക്കാലത്തും ഓർമ്മിക്കത്തക്ക നിമിഷങ്ങൾ നൽകുക തന്നെ ചെയ്യും. കാനനപാത താണ്ടിയുള്ള യാത്രയിൽ സുന്ദരമായ പ്രകൃതിയും കാഴ്ചകളുമൊക്കെ സഞ്ചാരികളുടെ ഉള്ളു കുളിർപ്പിക്കുമെന്നതിൽ സംശയമില്ല. </p>

871977520

അതിമനോഹരമായ ഒരുപാട് സ്ഥലങ്ങൾ ഉള്ള നാടാണ് ഉത്തരാഖണ്ഡ്. കൽപേശ്വർ ട്രെക്കിങ് പാത സ്ഥിതി ചെയ്യുന്നതും ഈ നാട്ടിൽ തന്നെയാണ്. കാട്ടുചെടികളുടെ കൂട്ടങ്ങളും വലിയ വൃക്ഷങ്ങളും പച്ചയണിഞ്ഞ താഴ്‍‍വരകളുമൊക്കെയുള്ള ഈ അടവിയാത്ര ഏറെ രസകരമാണ്.  ദേവ്ഗ്രാമിൽ നിന്നും ആരംഭിക്കുന്ന യാത്ര അവസാനിക്കുന്നത് രുദ്രനാഥിലാണ്. യാത്രയുടെ ബേസ് ക്യാമ്പ് ഋഷികേശ് ആണ്. അഞ്ചുദിവസങ്ങൾ കൊണ്ടാണ് ഈ ട്രെക്കിങ്ങ് പൂർത്തിയാകുന്നത്. വേനൽക്കാലമാണ് യാത്രയ്ക്ക് ഏറ്റവും ഉചിതമായ സമയം. ജൂൺ പകുതിവരെ അനുകൂലമായ കാലാവസ്ഥയായിരിക്കും.

ദേവ്ഗ്രാമിൽ  നിന്നുള്ള യാത്രയുടെ  ആദ്യഘട്ടം ആരംഭിക്കുന്നത്. ബേസ് ക്യാമ്പ് ആയ ഹൃഷികേശിൽ നിന്നും ഹേലാങ് വരെ 8-9 മണിക്കൂർ യാത്ര വേണ്ടിവരും. അവിടെ എത്തിച്ചേർന്നതിനു ശേഷം, ഷെയർ ജീപ്പുകളിൽ കയറി ഉർഗാം എന്ന സ്ഥലത്തേക്ക്. അവിടെ നിന്നും രണ്ടു കിലോമീറ്ററോളം നടക്കണം.  പച്ച നിറത്തെ വാരിയണിഞ്ഞുകൊണ്ട് ഒരുങ്ങി നിൽക്കുന്ന പ്രകൃതിയാണ്  ഇരുവശങ്ങളിലും. കല്ലുപാകിയ ഒരു മൺപാതയിലൂടെയാണ് യാത്ര ആരംഭിക്കുന്നത്. പോകുന്ന വഴിനീളെ കൃഷിയിടങ്ങളും കർഷകരുടെ ചെറു വീടുകളും കാണാം. ഹേലാങിൽ എത്തുമ്പോൾ ഏറ്റവും മനോഹരമായ ദൃശ്യം സഞ്ചാരികൾക്കു മുന്നിലേക്ക് ആഗതമാകും. അത്  അളകനന്ദ-കല്പഗംഗ നദികളുടെ സംഗമമാണ്. ആദ്യദിവസത്തെ യാത്ര അവിടെ അവസാനിക്കും.

കല്പേശ്വറിലേക്കുള്ള രണ്ടാം ദിനം ആരംഭിക്കുന്നത് ഒരു സിമന്റ് പാതയിലൂടെയാണ്. ആ നടത്തത്തിൽ നിരവധി പാടങ്ങളും കൃഷിയിടങ്ങളും പച്ച വിരിച്ചു നിൽക്കുന്ന കാഴ്ച മനസിനെ കുളിരണിയിക്കും. ആ കാഴ്ച്ചകളിലഞ്ഞു കൊണ്ട് യാത്ര തുടരുമ്പോൾ ഒരു വെള്ളച്ചാട്ടം കാണാം. കല്പഗംഗയെ കടന്നുവേണം ആ യാത്ര മുന്നോട്ടുപോകാൻ. അവിടെ ടെന്റ് കെട്ടി താമസിക്കാനുള്ള സൗകര്യങ്ങളുണ്ട്. സഞ്ചാരികൾക്കു വേണമെങ്കിൽ ഈ നദിക്കരയിൽ വിശ്രമിക്കാവുന്നതുമാണ്. കുറച്ചു ദൂരം നടന്നു കഴിയുമ്പോൾ കൽപേശ്വർ പാലം കാണാം. ആ പാലം നടന്നുതീരുന്നിടത്തും നിന്നും പടവുകൾ ആരംഭിക്കും. ആ പടവുകൾ കൽപേശ്വർ ക്ഷേത്രത്തിലേക്കുള്ളതാണ്. നിറയെ പക്ഷികളെയും പൂക്കളെയുമൊക്കെ ഈ യാത്രയിൽ സഞ്ചാരികൾക്ക് കാണുവാൻ കഴിയുന്നതാണ്.

യാത്രയിലുടനീളം മനോഹരമായ ഗ്രാമങ്ങളും ഉരുളക്കിഴങ്ങും രാജ്മ പയറും വിളഞ്ഞു നിൽക്കുന്ന ഗ്രാമീണരുടെ കൃഷിഭൂമികളും കാണാവുന്നതാണ്. നടത്തം തുടരുമ്പോൾ, ബൻസ എന്ന് പേരുള്ള ഒരു ഗ്രാമത്തിൽ എത്തിച്ചേരും. ഉർവശി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഈ ഗ്രാമത്തിലാണ്. ഇതിനു സമീപത്തിലൂടെ ഒരു അരുവി കടന്നുപോകുന്നുണ്ട്. ശുദ്ധമായ തണുത്തജലം യാത്രികരുടെ ക്ഷീണത്തെ പാടേയകറ്റും. ഇവിടെ നിന്നും പത്തു കിലോമീറ്റർ മാറിയാണ് ബൻസിനാരായൺ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. യാത്ര ഇനി തുടരേണ്ടത് ഒരു വനത്തിലൂടെയാണ്. വളഞ്ഞു പുളഞ്ഞു നീണ്ടുകിടക്കുന്ന ഒരു മണ്പാതയിലൂടെ... യാത്രയുടെ അവസാനം മഹാവിഷ്ണുവിനു വേണ്ടി സമർപ്പിക്കപ്പെട്ടിട്ടുള്ള ബൻസിനാരായൺ ക്ഷേത്രത്തിൽ എത്തിച്ചേരും. മനോഹരമായ കാട്ടുപൂക്കൾ കൊണ്ട് സമ്പന്നമാണ് അവിടം. ഇതുവരെ കാണാത്ത, മണമറിയാത്ത ആകർഷക വർണങ്ങളിലുള്ള പുഷ്പങ്ങൾ സഞ്ചാരികളുടെ മനസുകവരും. ഇവിടെ നിന്നും നോക്കിയാൽ വെള്ളപുതച്ച ഹിമാലയ മലനിരകളായ നന്ദാദേവി, ത്രിശൂൽ, നന്ദഗുണ്ടി, ദ്രോണഗിരി എന്നീ പർവ്വതങ്ങൾ  കാണുവാൻ സാധിക്കുന്നതാണ്.  

നാലാം ദിന യാത്ര ആരംഭിക്കുന്നത് ബൻസിനാരായൺ ഗുഹയിൽ നിന്നുമാണ്. അതിമനോഹരമായ ഒരു ക്യാമ്പ് സൈറ്റ് ആണ് ഈ ഗുഹാപരിസരം. സൂര്യകിരണങ്ങളിൽ തിളങ്ങുന്ന ഹിമാലയ പർവതത്തെ കണ്ടു കൊണ്ടായിരിക്കും ആ പ്രഭാതത്തിന്റെ ആരംഭം. യാത്ര പിന്നെയും നീളുന്നത് കാട്ടിലെ മണ്പാതയിലൂടെ തന്നെയാണ്.ആ യാത്രയിലും വഴി നിറയെ കാട്ടുപൂക്കൾ കാണാവുന്നതാണ്. ഓക്ക് മരങ്ങളെ കടന്നുള്ള ആ യാത്ര അവസാനിക്കുന്നത് അളകനന്ദ മലനിരകളിലാണ്. കാൽഗോട്ട് ഗ്രാമത്തിൽ അല്പനേരം വിശ്രമിച്ചതിനു ശേഷം യാത്ര പുനരാരംഭിക്കാവുന്നതാണ്.  കാൽഗോട്ടിൽ നിന്നുള്ള യാത്ര ഡുമകിലേക്കാണ്. 

ഹിമാലയൻ ഗ്രാമങ്ങളുടെ സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന ഒരു ഗ്രാമമാണ് ഡുമക്. മനോഹരമായ നീർച്ചാലുകളിലെ ജലം ദാഹമകറ്റാൻ അത്യുത്തമമാണ്. ഒരു പ്രീപ്രൈമറി സ്കൂളിനെ കടന്നു കൊണ്ടാണ് യാത്ര മുന്നോട്ടുനീങ്ങിയത്. പനാർ വഴി ടോലിയിലേക്കാണ് ഇനി പോകേണ്ടത്. മണ്പാതയിൽ നിന്നും യാത്ര ഇനി സിമന്റ് വഴിയിലൂടെയാണ്. ആ സിമന്റ് പാത അവസാനിക്കുന്നിടത്തു നിന്നും വീണ്ടും മൺപാതയുടെ ആരംഭമാണ്. ആ പോകുന്ന പോക്കിൽ രുദ്രഗംഗ നദിയും കുറേദൂരം സഞ്ചാരികൾക്കൊപ്പം കൂടും. ടോലി, കാഴ്ചക്കാരെ വിസ്‌മയിപ്പിക്കുന്ന ഒരു ഭൂമിയാണ്. പച്ചപ്പിന്റെയും ഹരിതാഭയുടെയും കാര്യം പറയുന്ന നമുക്ക് മുമ്പിൽ ഈ നാട് ശരിക്കും അത്ഭുതമായിരിക്കും. ആടും ആട്ടിടയന്മാരും അവരുടെ ചെറിയ താമസ സ്ഥലങ്ങളുമൊക്കെ ഈ പ്രദേശത്തു കാണാൻ സാധിക്കും.

ലക്ഷ്യത്തിലേക്കു അവിടെ നിന്നും അധിക ദൂരമില്ല. പന്ത്രണ്ട് കിലോമീറ്റർ കൂടി താണ്ടിയാൽ രുദ്രനാഥിലെത്തി ചേരാം. പനാറിൽ നിന്നും രുദ്രനാഥിലേക്കുള്ള പാതയിലെ ഹിമാലയത്തിന്റെ കാഴ്ചകൾ അവർണനീയമാണ്. നാലുഭാഗത്തു നിന്നും മഞ്ഞുവന്നു മൂടും. ഇത്രയും ദിവസത്തെ ക്ഷീണം രുദ്രനാഥിലെ മഞ്ഞിന്റെ കുളിരിനോട് ചേർന്ന് നിൽക്കുമ്പോൾ അകന്നു പോകും. ഹിമാലയത്തിന്റെ സമീപകാഴ്ചകളിൽ മനസുടക്കി എത്രനേരം വേണമെങ്കിലും അവിടെ ചെലവഴിക്കാം. ട്രെക്കിങ് താല്പര്യമുള്ളവർക്ക് ഏറെ ഇഷ്ടപ്പെടും കല്പേശ്വറിൽ നിന്നും രുദ്രനാഥ് വരെയുള്ള ഈ യാത്ര.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com