sections
MORE

ലോകത്ത് എവിടെയും കാണില്ല ഇത്രയും മനോഹരമായ ട്രെയിൻ യാത്ര

513321173
SHARE

ആമസോണിലെ  മഴക്കാടുകളും സ്വിറ്റ്സർലൻഡിലെ ആൽപ്സും മലകൾക്കിടയിലൂടെ മോഹിപ്പിച്ചു കൊണ്ട് ഒഴുകുന്ന നോർവേയിലെ നദികളുമൊക്കെ ഒറ്റ യാത്രയിൽ കാണണമെങ്കിൽ 740  കിലോമീറ്റർ നമ്മുടെ നാട്ടിലൂടെ സഞ്ചരിച്ചാൽ മതി. ആ ദൂരത്തിൽ നിങ്ങളെ കാത്തിരിക്കുന്നത് മറ്റു നാടുകൾക്കു മാത്രം സ്വന്തമെന്നു കരുതി പോന്ന ചില കാഴ്ചകളാണ്...മോഹിപ്പിക്കുന്ന, അദ്ഭുതപ്പെടുത്തുന്ന, ഭീതി ജനിപ്പിക്കുന്ന ചിലത്. ലോകത്തിലെ ഏറ്റവും സുന്ദരമായ റെയിൽ പാതയായ കൊങ്കൺ, നിബിഡ വനങ്ങളും നിറഞ്ഞൊഴുകുന്ന പുഴയും പച്ചയണിഞ്ഞ  മലനിരകളും കാണാം. തുരങ്കങ്ങൾ കയറിയിറങ്ങുമ്പോൾ, ഇരുട്ടുപരന്ന്‌ വെളിച്ചം വരുമ്പോൾ, രാവുമാറി  പകലു പുലരുന്നത്  അനുഭവിച്ചറിയാം. രസിപ്പിക്കുന്ന അതിലേറെ ഹരം പകരുന്ന ഒരു യാത്ര സമ്മാനിക്കാൻ കഴിയും കൊങ്കൺ പാതയ്ക്ക്.

മൂന്നു സംസ്ഥാനങ്ങളിലൂടെയാണ് റെയിൽപാത കടന്നു പോകുന്നത്, കർണാടക, ഗോവ, മഹാരാഷ്ട്ര. ആ യാത്രയിൽ, മൂകാംബിക ദേവിയും ഗോവയിലെ കടൽത്തിരകളും മുംബൈയുടെ തിരക്കുമെല്ലാം അറിയുന്നതിനൊപ്പം പശ്ചിമ ഘട്ട മലനിരകളുടെ സൗന്ദര്യം കൺകുളിർക്കെ കാണുകയും ചെയ്യാം. വഴിനീളെ മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഈ പാത നിർമാണം എത്രമാത്രം കഠിനതരവും സാഹസമായിരുന്നു എന്നത് ഊഹിക്കുന്നതിനുമപ്പുറമാണ്.  മലയാളികൾക്ക് എക്കാലവും അഭിമാനിക്കാൻ, സ്വകാര്യ അഹങ്കാരമായി പറയാൻ കഴിയുന്ന മെട്രോമാൻ ഇ. ശ്രീധരൻ തന്നെയാണ് ഈ ദുർഘട പാതയുടെ പുറകിലും പ്രവർത്തിച്ചിരിക്കുന്നത്. മലകൾ തുരന്ന്, പാതകളും തുരങ്കങ്ങളും നിർമിച്ചും പുഴകൾക്ക് മേലെ പാലങ്ങൾ പണിതും പടുത്തുയർത്തിയ കൊങ്കൺ പാത ഇന്ത്യക്കാർക്ക് മുഴുവൻ എക്കാലവും അഭിമാനിക്കാൻ കഴിയുന്ന നേട്ടമാണ്. 

konkan-rail-beauty-trip1

1990 ലാണ്  പാതയുടെ നിർമാണം ആരംഭിക്കുന്നത്. ചെയ്യുന്ന കാര്യങ്ങളിലെല്ലാം കൃത്യതയോടെ, അതിവേഗം ബഹുദൂരം എന്നത് അക്ഷരാർത്ഥത്തിൽ പാലിക്കുന്ന ഒരാളായതുകൊണ്ടു തന്നെ ഇ.ശ്രീധരന്റെ നേതൃത്വത്തിലുള്ള നിർമാണ പ്രവർത്തങ്ങൾ ത്വരിതഗതിയിലാണ് മുന്നോട്ടു പോയത്. പാരിസ്ഥിക വാദവുമായി വന്നവരെ പറഞ്ഞു മനസ്സിലാക്കിയും സ്ഥലമേറ്റെടുക്കുന്നതിനു മുൻകൂറായി പണം നൽകിയും പണിക്കിറങ്ങിയ ഇ.ശ്രീധരനെ രാപകലില്ലാതെ, കൈയും മെയ്യും മറന്നു പണിയെടുത്ത തൊഴിലാളികളും വേണ്ടരീതിയിൽ തന്നെ സഹായിച്ചു. എട്ടുവര്ഷം കാലാവധി പറഞ്ഞ ആ റെയിൽപാത അങ്ങനെ 1997 ൽ യാഥാർത്ഥ്യമായി. ചരക്കുതീവണ്ടികൾ ആ വഴിയിലൂടെ ഓടി തുടങ്ങി. 1998 ൽ വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന സമയത്താണ്, ആദ്യയാത്രാ ട്രെയിനിന്റെ ഉൽഘാടനം നടത്തുകയും യാത്രികരെ വഹിച്ചുകൊണ്ടുള്ള ട്രെയിൻ സർവീസ്, കൊങ്കൺ പാതയിലൂടെ ആരംഭിക്കുകയും ചെയ്തത്.

 740 കിലോമീറ്ററുകൾ ഈ റെയിൽപാത നീണ്ടു നിവർന്നു കിടക്കുന്നത് മനോഹരമായ കാഴ്ചകളും നിറച്ചു കൊണ്ടാണ്. കൊങ്കൺ പാതയിലൂടെ ഒരു ട്രെയിൻ യാത്രക്കിറങ്ങിയാൽ ഒരിക്കലും അതൊരു നഷ്ടമാകാനിടയില്ല. അത്രയ്ക്കുണ്ട് വഴിനീളെയുള്ള കാഴ്ചകൾ. യാത്രയിലുടനീളം മിക്കപ്പോഴും മഴയുടെ കൂട്ടുണ്ടാകും. അങ്ങനെ കൂട്ടുകൂടി പോകുമ്പോൾ, തുരങ്കങ്ങൾ കടന്നുവരും. ഇരുട്ടു വന്നു പൊതിഞ്ഞു കഴിയുമ്പോൾ ചെറിയ പേടിയൊക്കെ തോന്നും. അങ്ങനെ 91 തുരങ്കങ്ങൾ...ഓരോ തുരങ്കത്തിലേക്ക് കയറുമ്പോഴും പിന്നെ വെളിച്ചത്തിനു വേണ്ടിയുള്ള കാത്തിരിപ്പാണ്. ആ കാത്തിരിപ്പുകൾക്കിടയിൽ, ഒരു തുരങ്കത്തിൽ നിന്നും മറ്റൊന്നിലേക്കുള്ള യാത്രയ്ക്കിടയിൽ ഓരോ പാലങ്ങളുമുണ്ട്. ചെറുതും വലുതുമായ ഇത്തരം പാലങ്ങൾ 1858 എണ്ണം വരുമെന്നാണ് കണക്ക്. ഈ യാത്രയിലാണ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തുരങ്കപാത സ്ഥിതി ചെയ്യുന്നത്. കർബുദ് തുരങ്കപാതയ്ക്ക്  6.5 കിലോമീറ്ററാണ് നീളം.

konkan-rail-beauty-trip2

സമീപസ്ഥമായി നിരവധി ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന ഒരു റെയിൽപാത കൂടിയാണിത്. ഗോകര്ണവും ഉടുപ്പിയും മുരുഡേശ്വറും അതിൽ ചിലതു മാത്രം. ജോഗ് വെള്ളച്ചാട്ടവും അംബോളി വെള്ളച്ചാട്ടവും പാൽപുഴകൾ പത്തൊഞ്ഞൊഴുകി ഇരമ്പിയാർത്തു പതിക്കുന്നത്തിന്റെ മാസ്മരിക സൗന്ദര്യം സഞ്ചാരികൾക്ക് കാണിച്ചുകൊടുക്കും. പൗരാണിക കോട്ടകളുടെ പ്രൗഢ ഗംഭീരമായ കാഴ്ചകൾ സമ്മാനിക്കുന്നവയാണ് റായ്‌ഗഡ്, രത്നദുർഗ്, വിജയദുർഗ് കോട്ടകൾ. ഗോവയിലെ ബീച്ചുകളിൽ കടൽ കാറ്റേറ്റ് കൊണ്ട് വിശ്രമിക്കാനും കുടജാദ്രിയും മൂകാംബികയും കണ്ട് സായൂജ്യമടയാനും ഈ യാത്ര കൊണ്ട് സാധിക്കും.

അവധിക്കാലം ആഘോഷിക്കാൻ കുറെയധികം ദിനങ്ങൾ കയ്യിലുണ്ടെങ്കിൽ, കൊങ്കൺ യാത്ര ആസ്വദിക്കണം. പുഴകളുടെയും മലകളുടെയും നിത്യഹരിത വനങ്ങളുടെയും കാഴ്ചകൾ കണ്ട് മനം നിറയ്ക്കുന്നതിനൊപ്പം സന്ദർശിക്കാനാഗ്രഹിക്കുന്നയിടങ്ങളിൽ ഇറങ്ങുകയുമാകാം. ഒറ്റയാത്രയിൽ ഒരുപാട് കാഴ്ചകൾ കാണാൻ കഴിയുന്ന ഈ  യാത്ര ഓരോ യാത്രികനും വേറിട്ട അനുഭവങ്ങൾ സമ്മാനിക്കുമെന്ന കാര്യത്തിൽ യാതൊരു ആശങ്കയും വേണ്ട.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA