ADVERTISEMENT

സുന്ദരമായ കാഴ്ചകൾകൊണ്ടു സമ്പന്നമായതുകൊണ്ടു തന്നെ ലക്ഷദ്വീപ് കാണാൻ ആഗ്രഹിക്കാത്ത സഞ്ചാരികൾ വളരെ കുറവാണ്. എന്നാൽ വളരെയധികം കടമ്പകൾ കടന്നാൽ  മാത്രമേ  ദ്വീപ് സമൂഹത്തിലേക്കുള്ള പ്രവേശനാനുമതി ലഭിക്കുകയുള്ളു. യാത്രയ്ക്കുള്ള അനുവാദം ലഭിച്ചാലും പിന്നെയും ശ്രദ്ധിക്കാനുണ്ട് ഏറെ കാര്യങ്ങൾ. അങ്ങോട്ടുള്ള യാത്രയിൽ ചെയ്യരുതാത്ത നിരവധി കാര്യങ്ങളുണ്ട്.  ചില കാര്യങ്ങൾ അറിവില്ലായ്മകൊണ്ടു ചെയ്താൽ പോലും നിയമനടപടികൾക്കു വിധേയമാകേണ്ടി വരുന്ന വലിയ കുറ്റകൃത്യങ്ങളാണ്. ലക്ഷദ്വീപ് യാത്രയ്‌ക്കൊരുങ്ങുമ്പോൾ എന്തൊക്കെയാണ് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ എന്നറിഞ്ഞു വെയ്ക്കുന്നത് നിങ്ങളുടെ യാത്രയെ കൂടുതൽ മനോഹരമാക്കും.

മനോഹരമാണ് പവിഴപ്പുറ്റുകൾ, പക്ഷേ ഒന്നുതൊട്ടാൽ ജയിലുറപ്പ്

പവിഴപുറ്റുകളുടെ സൗന്ദര്യമാണ് ലക്ഷദ്വീപിലെ സുന്ദരിയാക്കുന്നത്‌. പല പല വർണങ്ങളിൽ, നയനാന്ദകരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഇവയൊന്നു തൊട്ടുനോക്കാമെന്നു കരുതിയാൽ പോലും ശിക്ഷ ലഭിക്കും.  കേന്ദ്ര ഭരണ  പ്രദേശമായ ലക്ഷദ്വീപിൽ പവിഴപുറ്റുകളുടെ സംരക്ഷണത്തിനായി കേന്ദ്ര ഗവണ്മെന്റ് പ്രത്യേക നിയമം പാസാക്കിയിട്ടുണ്ട്.

പവിഴപ്പുറ്റുകളെ നശിപ്പിക്കുകയോ അതിൽ തൊടുകയോ ചെയ്യുന്നതുപോലും ശിക്ഷാർഹമായ കുറ്റകൃത്യമായാണ് പരിഗണിക്കുന്നത്. അതുകൊണ്ടു തന്നെ, കണ്ണുതുറന്നു പവിഴപുറ്റുകളുടെ മനോഹര സൗന്ദര്യം ആസ്വദിക്കുക, ആ സൗന്ദര്യത്തിൽ അലിഞ്ഞില്ലാതാകുക എന്നതിൽ കവിഞ്ഞു ലക്ഷദ്വീപിൽ ചെന്നാൽ പവിഴപ്പുറ്റുകളിലൊന്നു തൊട്ടു നോക്കുക പോലും അരുതെന്ന കാര്യം യാത്രയിൽ എപ്പോഴും ഓർമിക്കുക.

മദ്യപിക്കുകയോ മദ്യം കയ്യിൽ കരുതുകയോ ചെയ്യരുത്

ബംഗാരം ദ്വീപിലൊഴിച്ചു ബാക്കിയെല്ലാ ദ്വീപുകളിലും മദ്യം നിരോധിച്ചിട്ടുള്ളതുകൊണ്ടു തന്നെ പുറത്തുനിന്നുള്ള സഞ്ചാരികൾ ലക്ഷദ്വീപ്  യാത്രയിൽ മദ്യപാനമെന്ന ശീലം ഒഴിവാക്കുന്നതാണ് നല്ലത്. മദ്യപാനത്തെ ഒട്ടും പ്രോത്സാഹിപ്പിക്കാത്ത ഒരു ജനതയാണ് ലക്ഷദ്വീപ് നിവാസികൾ. ദ്വീപുകളിൽ മദ്യപാനത്തിനു അനുമതിയില്ലാത്തതുകൊണ്ടു തന്നെ ലക്ഷദ്വീപ് യാത്രയിൽ കയ്യിലൊരു കുപ്പി കരുതാമെന്ന മോഹമുണ്ടെങ്കിൽ ആ മോഹമിപ്പോൾ തന്നെ അവസാനിപ്പിക്കുന്നതാണുത്തമം. മദ്യത്തിന്റെ ലഭ്യതയും ലക്ഷദ്വീപിൽ കുറവാണ്.

ലഹരിവസ്തുക്കളും നിരോധിതം

മദ്യം പോലെ തന്നെ ലഹരിവസ്തുക്കളുടെ ഉപയോഗത്തിനും ദ്വീപുകളിൽ നിരോധനമുണ്ട്. ദ്വീപുകളിൽ ലഹരിവസ്തുക്കളുടെ ഉപയോഗം ശിക്ഷാര്ഹമായതുകൊണ്ടു യാത്രയിൽ നിർബന്ധമായും മയക്കുമരുന്നുകളും മറ്റു ലഹരിവസ്തുക്കളും ഒഴിവാക്കേണ്ടതാണ്. ഇവ കയ്യിൽ കരുതുന്നതുപോലും കുറ്റകരമാണ് എന്ന കാര്യം കൂടി ഓർമയിൽ വെയ്ക്കുക.

നീന്താം, പക്ഷേ, വസ്ത്രത്തിലും വേണം അല്പം ശ്രദ്ധ

ചുറ്റിലും നീലജലം നിറഞ്ഞ സാഗരം കാണുമ്പോൾ ആ ജലത്തിലൊന്നിറങ്ങി നനയാൻ ആഗ്രഹിക്കാത്തവർ ആരാണുണ്ടാകുക? ലക്ഷദ്വീപിൽ കടൽ കാഴ്ചകളിലേക്കു ഊളിയിട്ടിറങ്ങുമ്പോൾ ചെറിയൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. സഭ്യമായ രീതിയിൽ വസ്ത്രധാരണം നടത്തി മാത്രമേ ഇവിടെ കടലിൽ നീന്തൽ അനുവദിക്കുകയുള്ളു.

അനുമതിയില്ലാതെ പ്രവേശനമില്ല 

തദ്ദേശവാസികളല്ലാത്തവർക്കു ലക്ഷദ്വീപിൽ പ്രവേശിക്കുന്നതിനു നിയമാനുസൃതമായ പെർമിറ്റ്  ആവശ്യമാണ്. അനുമതിയില്ലാതെ ദ്വീപിലേക്കു ഒരു യാത്ര പോകുന്നതിനെക്കുറിച്ചു ചിന്തിക്കുക കൂടി വേണ്ട. കേരളത്തിൽ നിന്നും ലക്ഷദ്വീപിലേക്കു പോകാനാഗ്രഹിക്കുന്നവർക്കു വെല്ലിങ്ടൺ ദ്വീപിലുള്ള ലക്ഷദ്വീപ് ഓഫീസിൽ നിന്നുമാണ്‌ അനുമതി ലഭിക്കുക. മതിയായ രേഖകളില്ലാതെ ദ്വീപിലേക്കുള്ള പ്രവേശനം അസാധ്യമാണെന്ന കാര്യം ഓർക്കുക. 

നാളികേരത്തിന്റെ നാട്

കേരം തിങ്ങും നാടെന്ന വിശേഷണം കേരളത്തിനുള്ളതാണ്, ലക്ഷദ്വീപ് കണ്ടാലും ആരും ആ മൊഴി മാറ്റിപ്പറയില്ല. ദ്വീപിലെ കാഴ്ചകളിൽ ഒരു പ്രധാന സ്ഥാനമുണ്ട് തെങ്ങുകൾക്ക്. എങ്ങോട്ടു തിരിഞ്ഞു നോക്കിയാലും തെങ്ങിൻതോപ്പുകളാണ്. അവിടെ നിന്നും തേങ്ങയെടുക്കാനോ തെങ്ങിൽ കയറി തേങ്ങയിടാനാ ശ്രമിക്കരുത്. സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ് ഇവയോരോന്നും. തേങ്ങാ എടുക്കുന്നത് മോഷണമായാണ് പരിഗണിക്കുക. ശിക്ഷയും ഉറപ്പാണ്.

അനുമതിയില്ലാത്ത ദ്വീപുകളിൽ അതിക്രമിച്ചു കടക്കാതിരിക്കുക

ജനവാസമുള്ളതും അല്ലാത്തതുമായ നിരവധി ദ്വീപുകളുടെ കൂട്ടമാണ് ലക്ഷദ്വീപ്. ഈ ദ്വീപുകളിൽ പതിനൊന്നെണ്ണത്തിൽ മാത്രമാണ് ജനവാസമുള്ളത്. ഇന്ത്യയിൽ നിന്നുള്ള യാത്രികർക്കു സന്ദർശിക്കാൻ അനുമതിയുള്ള  ദ്വീപുകൾ അഗത്തി, ബംഗാരം, കടമത്ത്, കവരത്തി, കല്‍പ്പേനി, മിനിക്കോയ് എന്നിവ മാത്രമാണ്. ഇന്ത്യയ്ക്കു പുറത്തുള്ളവർക്കു അഗത്തി, ബംഗാരം, കടമത്ത് എന്നീ മൂന്നു ദ്വീപുകൾ സന്ദർശിക്കുന്നതിനു മാത്രമാണനുമതി. പ്രവേശനത്തിനു അനുവാദമില്ലാത്ത ദ്വീപുകളിലേക്കോ, സ്ഥലങ്ങളിലേക്കോ പോകാതിരിക്കുക, കൂടെയുള്ള ഗൈഡിന്റെ നിർദ്ദേശങ്ങൾ പൂർണമായും സ്വീകരിക്കുക.

കരിക്കിനേക്കാൾ കുടിവെള്ളത്തിനു പണമധികം 

വെള്ളം വെള്ളം സർവത്ര തുള്ളി കുടിക്കാനില്ലത്രെ.. എന്ന വരികൾ ലക്ഷദ്വീപിനെ സംബന്ധിച്ചു ഏറെ അർത്ഥവത്താണ്. ചുറ്റിലും കടലെങ്കിലും ശുദ്ധജലത്തിനു കുപ്പിവെള്ളത്തെ ആശ്രയിക്കേണ്ടി വരും ദ്വീപ് നിവാസികൾക്ക്‌. ധാരാളം തെങ്ങും തേങ്ങയും കരിക്കും ലഭിക്കുന്നതുകൊണ്ടു തന്നെ ലക്ഷദ്വീപിൽ കരിക്കിനേക്കാളും പണം കൂടുതൽ നൽകണം കുടിക്കാനുള്ള വെള്ളത്തിന്.

നിയന്ത്രണങ്ങൾ ധാരാളമുണ്ടെങ്കിലും സുന്ദരമായ ഭൂമിയാണ് ലക്ഷദ്വീപ്. മേല്പറഞ്ഞ നിയന്ത്രണങ്ങളും പരിമിതികളും ഉൾക്കൊണ്ടുകൊണ്ട് ഒരു യാത്രയ്ക്കു തയ്യാറെങ്കിൽ സുഖകരവും എക്കാലവും ഓർമ്മിക്കത്തക്കതുമായ മനോഹര മുഹൂർത്തങ്ങൾ  സമ്മാനിക്കും ലക്ഷദ്വീപ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com