ADVERTISEMENT

കുടുംബവുമൊന്നിച്ചോ കൂട്ടുകാരുമൊന്നിച്ചോ ആയിരുന്നു പണ്ട് പലരുടെയും യാത്രകൾ. ഒരു കൂട്ടില്ലാതെ എന്ത് യാത്രകൾ എന്നായിരുന്നു അക്കാലത്തു ഭൂരിപക്ഷവും ചിന്തിച്ചിരുന്നത്. എന്നാൽ അങ്ങനെ ചിന്തിച്ച പലരുമിന്നു മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ഒറ്റയ്ക്ക് യാത്ര പോകുന്നത് ഇപ്പോൾ പലർക്കും ഹരമാണ്.

ഒറ്റയ്ക്കുള്ള യാത്രയുടെ സുഖം ഒരിക്കലനുഭവിച്ചു കഴിഞ്ഞാൽ പിന്നെ യാത്രകളെല്ലാം തനിച്ചു ചെയ്യാനായിരിക്കും താല്പര്യം കൂടുതൽ. ഹിമാലയ മലനിരകളും ലേ യും ലഡാക്കുമൊക്കെ കാണാൻ തനിച്ചു പോകുന്നവർ, നമ്മുടെ നാട്ടിലെ ചില മനോഹര സ്ഥലങ്ങളെ മറന്നുപോകുന്നുണ്ട്. തനിച്ചു കാണാനിറങ്ങിയാൽ ജീവിതത്തിലൊരിക്കലും വിസ്മരിക്കാൻ കഴിയാത്ത അനുഭവങ്ങൾ സമ്മാനിക്കാൻ കഴിയുന്ന അത്തരത്തിലുള്ള കുറച്ചിടങ്ങളെ പരിചയപ്പെടാം. നിങ്ങൾക്കുള്ളിലെ ഏകാന്തപഥികനെ/ പഥികയെ വിസ്മയിപ്പിക്കാൻ നമ്മുടെ നാട്ടിലെ ഈ മനോഹര ഭൂമികകൾക്കു കഴിയുമെന്നതു തീർച്ചയാണ്.

കർലാട് 

ഏതു കടുത്ത വേനലിലും ഒരു ചെറുകുളിരു പകർന്നു സഞ്ചാരികളെ സ്വീകരിയ്ക്കുന്നയിടമാണ് വയനാട്. വയനാട്ടിലേക്ക് തനിച്ചു യാത്ര പോകുക എന്നതിൽ വലിയ പുതുമയൊന്നുമില്ലെങ്കിലും വയനാട്ടിലെ കർലാട് എന്ന സ്ഥലം ധാരാളം പുതുമകളുമായാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ഈയടുത്ത നാളുകളിലാണ് കർലാട് കാണാൻ സഞ്ചാരികൾ കൂട്ടത്തോടെ എത്തിത്തുടങ്ങിയത്.

എടയ്ക്കൽ ഗുഹയും കുറുവ ദ്വീപും മുത്തങ്ങയും ചുരക്കാഴ്ചകളുമൊന്നുമല്ലാതെ വയനാടിനെയിപ്പോൾ കൂടുതൽ മനോഹാരിയാക്കുകയാണ് കർലാട്. തടാകത്തിനു ചുറ്റുമുള്ള കോട്ടേജുകളിലെ താമസവും സിപ് ലൈൻ പോലുള്ള സാഹസിക വിനോദങ്ങളും ബോട്ടിങ്ങുമൊക്കെ ഈ സ്ഥലത്തെ സഞ്ചാരികളോട് കൂടുതൽ അടുപ്പിക്കുന്നു. ഒറ്റയ്ക്കുള്ള യാത്രയിൽ വയനാടിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം തന്നെ തടാകക്കരയിലെ താമസവും വിനോദങ്ങളുമൊക്കെ യാത്രികർക്കു പുത്തനുണർവ് സമ്മാനിക്കുക തന്നെ ചെയ്യും.

palakkayam-thattu5

പാലക്കയം തട്ട്

കണ്ണൂരിലെത്തുന്ന വിനോദസഞ്ചാരികളിൽ കൂടുതൽ പേരും ഇപ്പോൾ കാണുവാൻ ആഗ്രഹിക്കുന്ന ഒരിടമാണ് പാലക്കയം തട്ട്. പി. കുഞ്ഞിരാമൻ നായരുടെ കവിതകളിൽ വായിച്ചറിഞ്ഞ പ്രകൃതി, സഞ്ചാരികൾക്കു നേരിട്ടാസ്വദിക്കാൻ സാധിക്കുമെന്നതാണ് ഈ സുന്ദരഭൂമിയുടെ പ്രത്യേകത.

കുടക് മലനിരകളും ഹരിതാഭ ചൂടി നിൽക്കുന്ന താഴ്വരകളും വളപട്ടണം പുഴയും പറശ്ശിനി കടവ് ക്ഷേത്രവും കണ്ണൂരിന്റെ സ്വന്തം വിമാനത്താവളവുമൊക്കെ പാലക്കയം തട്ടിനു മുകളിൽ നിന്നുള്ള കാഴ്ച്ചയിൽ ദൃശ്യമാകും. സമുദ്രനിരപ്പിൽ നിന്നും 3500 അടി മുകളിൽ സ്ഥിതി ചെയ്യുന്നത് കൊണ്ടുതന്നെ സുഖകരമായ കാലാവസ്ഥയാണ് എടുത്തു പറയത്തക്ക സവിശേഷത. മൂടൽമഞ്ഞും മഴയും കാറ്റുമൊക്കെ കൊണ്ട് എത്രനേരം പ്രകൃതിയുടെ ഈ മടിത്തട്ടിലിരുന്നാലും മടുക്കുകയില്ല. അപൂർവയിനം ഔഷധ സസ്യങ്ങളെയും പക്ഷികളെയും ജീവജാലങ്ങളെയുമൊക്ക ഇവിടെ കാണുവാൻ സാധിക്കും.

പാണ്ടിപ്പത്ത്

തിരുവനന്തപുരത്താണ് പാണ്ടിപ്പത്ത് എന്ന അല്പം വ്യത്യസ്തമായ സ്ഥലം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങൾ പരിചയമുണ്ടെന്നു പറയുന്നവർക്ക് പോലും അപരിചിതമായിരിക്കും പാണ്ടിപ്പത്ത്. പേപ്പാറ വന്യജീവി സങ്കേതത്തിനു സമീപത്തു സ്ഥിതി ചെയ്യുന്ന ഈ സ്ഥലം കാട്ടുപോത്തുകളുടെ ആവാസകേന്ദ്രം ആണ്. എങ്കിലും ഇവിടെ മനുഷ്യവാസമുണ്ട്.

ധാരാളം ജനങ്ങൾ പാണ്ടിപത്തിനു സമീപദേശങ്ങളിൽ താമസമുണ്ട്. തിരുവനന്തപുരത്തു നിന്നും ഏകദേശം 60 കിലോമീറ്റർ ദൂരം യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാൻ കഴിയുന്നതാണ്. സാഹസിക വിനോദങ്ങളാണ് പാണ്ടിപ്പത്തിനെ സഞ്ചാരികളുടെ പ്രിയപ്പെട്ടയിടമാക്കുന്നത്. ഹൈക്കിങ്, ട്രെക്കിങ്ങ് പോലുള്ള  വിനോദങ്ങളിൽ താല്പര്യമുള്ളവർക്കും ഓരോ യാത്രയും ഏറെ വ്യത്യസ്തമായ അനുഭവങ്ങൾ സമ്മാനിക്കണമെന്നു ആഗ്രഹിക്കുന്നവർക്കും മടിക്കാതെ തെരഞ്ഞെടുക്കാവുന്ന ഒരിടമാണ് പാണ്ടിപ്പത്ത്. പൊന്മുടി, മീൻമുട്ടി, ബോണാകാട് എന്നിവയൊക്കെയിതിനു സമീപത്തു തന്നെയാണ് സ്ഥിതി ചെയ്യുന്നത്. 

ആനചാടിക്കുത്ത് വെള്ളച്ചാട്ടം 

പേരുസൂചിപ്പിക്കുന്നതുപോലെ തന്നെ ഒരു കഥയുണ്ട് ഇടുക്കിയിലെ ഈ മനോഹര വെള്ളച്ചാട്ടത്തിനു പറയാൻ. വളരെക്കാലങ്ങൾക്കു മുൻപ് രണ്ടു ആനകൾ തമ്മിൽ കുത്തുണ്ടാകുകയും അതിലൊരാന ഇവിടെ വെള്ളത്തിൽ വീണു ചരിയുകയും ചെയ്തുവത്രേ. അങ്ങനെ ആനകൾ കുത്തുണ്ടാക്കി ചാടിയ ഇടമാണ് ആനചാടിക്കുത്ത് അഥവാ ആനയടി വെള്ളച്ചാട്ടം എന്നറിയപ്പെടുന്നത്.

തൊടുപുഴയ്ക്കു സമീപമാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മഴക്കാലത്താണ് ഈ വെള്ളച്ചാട്ടം അതിന്റെ യഥാർത്ഥ ഭാവം കൈക്കൊള്ളുന്നത്. തദ്ദേശീയവാസികൾക്കിടയിൽ മാത്രം പ്രശസ്തമായ ഈ നീരൊഴുക്ക് കാണാൻ ഇന്ന് പുറത്തുനിന്നും നിരവധി പേർ എത്തുന്നുണ്ട്. തൊടുപുഴയിലെ തൊമ്മന്കുത്തിൽ നിന്നും ഒരു കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാൽ ഇവിടെയെത്തി ചേരാവുന്നതാണ്.

കേരളാംകുണ്ട് വെള്ളച്ചാട്ടം

മലപ്പുറം ജില്ലയിൽ, സൈലന്റ്‌വാലി ദേശീയോദ്യാനത്തോട് ചേര്ന്നാണ് വേനല്ച്ചൂടിന് കുളിരു പകർന്നുകൊണ്ട് കേരളാംകുണ്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വേനലിലും ഈ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത നഷ്ടപ്പെടുന്നില്ല എന്നുള്ളതുകൊണ്ട് തന്നെ ധാരാളം സഞ്ചാരികളാണ് കേരളാംകുണ്ടിലെത്തുന്നത്.

മനോഹരമായ കാടും അതിനു നടുവിലൂടെ വെള്ളികൊലുസണിഞ്ഞെന്ന പോലെ തെന്നിത്തെറിച്ചൊഴുകുന്ന നദിയും ഈ വെള്ളച്ചാട്ടത്തിനെ ആദ്യകാഴ്ചയിൽ തന്നെ പ്രിയപ്പെട്ടതാക്കി മാറ്റുന്നു. ഉയരത്തിൽ നിന്നും പതിക്കുന്ന വെള്ളച്ചാട്ടത്തിനു കുറുകെ നിർമിച്ചിരിക്കുന്ന ഇരുമ്പു പാലവും ഇവിടുത്തെ പ്രധാന കാഴ്ചയാണ്. 

ഗവി 

Gavi,-Kerala

കേരളത്തിൽ ഏറ്റവും കൂടുതലാളുകൾ തിരയുന്ന വിനോദസഞ്ചാര കേന്ദ്രമേതെന്നു നോക്കിയാൽ  അതിൽ ആദ്യം തന്നെ സ്ഥാനം പിടിക്കുന്ന ഒരിടമായിരിക്കും പത്തനംതിട്ട ജില്ലയിലെ ഗവി. ഓർഡിനറി എന്ന മലയാള സിനിമയിലെ കാഴ്ചകളാണ് സഞ്ചാരികളെ ഗവിയിലേക്കൊഴുകാൻ പ്രേരിപ്പിച്ചത്. ഗവിയിലെ കാഴ്ചകൾക്കുപരിയായി അവിടെത്തിച്ചേരാനുള്ള യാത്രയാണ് ആസ്വാദ്യകരം. സാഹസിക യാത്രകളോടു താല്പര്യമുള്ളവർക്കു കൊടുംകാട്ടിലൂടെയുള്ള യാത്ര ഏറെയിഷ്ടപ്പെടും.

കിലോമീറ്ററുകൾ വനത്തിലൂടെ യാത്ര ചെയ്യുക എന്നതു ഏറെ ഹരം പകരുന്ന കാര്യമാണ്. കൂടാതെ, ആനക്കൂട്ടങ്ങളെയും കാട്ടുപോത്തുകളെയും ആ യാത്രയിൽ കാണുവാൻ സാധിക്കുന്നതാണ്. അപൂർവയിനമായ നീലഗിരി താർ  എന്ന വരയാടുകളുടെയും  സിംഹവാലൻ കുരങ്ങുകളുടെയും ദർശനവും  ഭാഗ്യമുണ്ടെങ്കിൽ ഈ യാത്രയിൽ ലഭിക്കും. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3400 അടി മുകളിൽ സ്ഥിതി ചെയ്യുന്ന പ്രദേശമായതുകൊണ്ടുതന്നെ കടുത്തവേനലിൽ പോലും ഇവിടെ 10 ഡിഗ്രി ചൂടെ അനുഭവപ്പെടാറുള്ളു. സുന്ദരമായ പുൽമേടുകളും മൊട്ടക്കുന്നുകളുമാണ് ഗവിയിലെ മറ്റൊരു ആകർഷണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com