ADVERTISEMENT

ഡൽഹിയിൽ നിന്നു ശ്രീനഗർ വരെ സമയലാഭത്തിനായി വിമാനയാത്ര സ്വീകരിക്കുമ്പോൾ ഒരു സ‍ഞ്ചാരിക്ക് നഷ്ടമാകുന്നത് ഹൃദയം നിറ‍ഞ്ഞു തുളുമ്പുന്ന പ്രകൃതി സൗന്ദര്യത്തിന്റെ ഒരു വൻ കടലാണ്. അതുകൊണ്ട് തന്നെയാണ് റോഡ് മാർഗം ശ്രീനഗറിലേക്കു പോകാൻ തീരുമാനിച്ചതും. കാശ്മീരിേലക്കുള്ള ഈ യാത്ര ഞങ്ങൾ രണ്ടു കുടുംബങ്ങൾ ഏറെക്കാലമായി കാത്തിരിക്കുകയായിരുന്നു. രാവിലെ കൃത്യസമയത്ത് മുൻകൂട്ടി ബുക്ക് ചെയ്ത പ്രകാരം യാത്രയ്ക്കുള്ള വാഹനം റെഡിയായി ഡൽഹിയിലെ കൊടും ട്രാഫിക്കിൽ നിന്നോടി രക്ഷപ്പെടാനായി സൂര്യരശ്മി ഭൂമിയെ തൊടും മുൻപേ യാത്ര ആരംഭിച്ചു. പുലരുന്ന ഇന്ദ്രപ്രസ്ഥം. നേർത്ത മഞ്ഞു മൂടിയ രാജവീഥികൾ...ഡൽഹി മയക്കം വിട്ട് ഉണരുന്നതേയുള്ളൂ.

വഴിക്കാഴ്ചകൾ കണ്ടുകണ്ടങ്ങനെ

kashmir-trip

സോനിപ്പത്തും കഴിഞ്ഞു ഹരിയാനയിലെ കർണ്ണാൽ അടുത്തപ്പോൾ പണ്ടു ഭക്ഷണം കഴിച്ച ധാബ ഓർമ വന്നു. അമരീഖ് സുഖ്ദേവ് ധാബ പണ്ടത്തെ കുഞ്ഞൻ ധാബയിൽ നിന്ന് അതിവേഗം വളർന്ന് ഒരു എസി റസ്റ്ററന്റാണ് ഇന്നത്. 

ഉഗ്രൻ തിരക്ക്. നോർത്തിന്ത്യൻ വെജിറ്റേറിയൻ വിഭവങ്ങൾ കഴിക്കുമ്പോഴാണ് നമ്മുടെ സസ്യാഹാര വിഭവങ്ങളുടെ പരിമിതി പിടികിട്ടുന്നത്. ദാൽമഖനിയും പനീർ പറാത്തയും ബിണ്ടി ബൈൻഗൻ മസാലയും രസമുകുളങ്ങളിൽ ഇക്കിളിയിട്ടു. അമരീഖ് സുഖ്ദേവിലെ പനീർ പറാത്തയ്ക്കു മുകളിൽ വെണ്ണയുടെ ഒരു ഉരുള കാണും. ഒപ്പം വിനാഗിരിയിലിട്ട കുഞ്ഞൻ പിങ്ക് സവാളയും ബീറ്റ്റൂട്ടും ചേർന്ന സാലഡും.

kashmir-trip4

വാഹനം വിശാലമായ ഗ്രാന്റ് ട്രങ്ക് റോഡിലേക്ക്. ഡൽഹിയിൽ നിന്നു ഏതാണ്ട് 150 കിലോമീറ്റര്‍ കഴിയുമ്പോൾ കുരുക്ഷേത്രയുടെ കവാടം. ഇത് ഭഗവദ്ഗീതയുടെ നാടാണ്. ഇവിടുത്തെ ബ്രഹ്മസരോവര്‍ ഒന്നു കാണേണ്ടതു തന്നെയാണ്. അപ്സരസ്സുകൾ ജലകേളിയാടുന്ന സ്നാനഘട്ടങ്ങൾ. കുരുക്ഷേത്ര പിന്നിട്ട് പഞ്ചാബിലേക്ക് വരണ്ട മുഖമുള്ള ലുധിയാനയും ജലന്ധറും പഠാൻകോട്ട് കഴിഞ്ഞു. 600 കിലോമീറ്ററോളം സഞ്ചരിച്ച് അതിർത്തിയായ ലഖൻപൂരും കടന്ന് ജമ്മുവിലെത്തുമ്പോൾ വീണ്ടും രാത്രി. ഓയോ റൂമിന്റെ യാതൊരു സ്റ്റാൻഡേർഡും സൂക്ഷിക്കാത്ത മുറി. അതിരാവിലെ ഉണർന്നു. ഇനി യാത്ര നേരെ ശ്രീനഗറിലേക്ക്...

കശ്മീരിന്റെ മഞ്ഞുകാല തലസ്ഥാനമായ ജമ്മു ഒരു കുഞ്ഞൻ നഗരമാണ്, താവി നദിയുടെ തീരത്തെ ക്ഷേത്രങ്ങളുടെ പട്ടണം. ത്രികൂടാമലനിരകളുടെ വൈഷ്ണോദേവിയാണ് ഏറ്റവും പ്രശസ്തം. ജമ്മുവിലെ കട്രയിൽ സ്ഥിതി ചെയ്യുന്ന ഈ മല കയറി പ്രതിവർഷം കോടിക്കണക്കിന് ആളുകളാണ് ദേവീദർശനത്തിനായി വരുന്നത്. ഉത്തരേന്ത്യക്കാരുടെ മുഴുവൻ അമ്മയാണ് വൈഷ്ണോദേവി. ശ്രീനഗറിലേക്കുള്ള യാത്രയിൽ എന്നെ പ്രകൃതിയുമായി നിതാന്ത പ്രണയത്തിലാഴ്ത്തിയ ധാരാളം കാഴ്ചകൾ ഉണ്ടായിരുന്നു. പർവതരാജാക്കന്മാരുടെ നാട്. ചെങ്കുത്തായ മലഞ്ചെരിവുകൾ. കുതിച്ചൊഴുകുന്ന ഹിമാലയൻ നദികൾ.

സ്വർഗവാതിൽ തുറക്കപ്പെടുമ്പോൾ....

kashmir-trip2

കട്ര, ഉധംപൂർ തുടങ്ങി മനോഹരസ്ഥലങ്ങൾ പലതു കഴിഞ്ഞ് ഞങ്ങൾ ചെനാനിയിലെത്തി. കശ്മീരിലേക്കുള്ള യാത്രയിലെ ഏറെ ശ്രദ്ധയാകർഷിച്ച കാഴ്ചകളിലൊന്നാണ് ചെനാനി–നസ്രി തുരങ്കപാത. ജമ്മുവിനെയും ശ്രീനഗറിനെയും ബന്ധിപ്പിക്കുന്ന ദേശീയപാത 44ൽ 2017 ഏപ്രിലിൽ പണി പൂർത്തിയായ ഒരു എൻജിനീയറിങ് വിസ്മയം. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഇരട്ടവരി ടണൽപ്പാത. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ തുരങ്കം. ട്രാൻസ്‍വേർസ് വെന്റിലേഷൻ സിസ്റ്റമുള്ള ലോകത്തെ ആറാമത്തെ തുരങ്കപാത തുടങ്ങിയ നേട്ടങ്ങളെല്ലാം ഇതിനു സ്വന്തം. ഹിമാലയത്തിന്റെ ശിവാലിക് മലനിരകളെ തുളച്ചു നിർമിച്ച അദ്ഭുത നിർമിതി. 286 കിലോമീറ്റർ നീളമുള്ള ജമ്മു–ശ്രീനഗർ നാലുവരി ഹൈവേ പദ്ധതിയുടെ ഭാഗമാണ് ഈ തുരങ്കം.

kashmir-trip5

പ്രവചനാതീതമായ സ്വഭാവമുള്ള ഹിമാലയൻ ഭൂവിഭാഗത്തിൽ ഈ രണ്ടു തലസ്ഥാനനഗരികൾ തമ്മിലുള്ള ഒരു പകൽ ദൂരത്തിലെ ഏറ്റവും ദുഷ്കരമായ 41 കിലോമീറ്റർ ദൂരം വെറും 10.9 കിലോമീറ്ററായി കുറച്ചും ദുര്‍ഘടമായ പാതയിലൂടെയുള്ള 12 മണിക്കൂർ യാത്രാസമയത്തിൽ നിന്നു രണ്ടു മണിക്കൂർ കുറച്ചും എല്ലാ കാലാവസ്ഥയെയും അതിജീവിക്കുന്ന രീതിയിൽ നിർമിച്ച ഈ ടണൽ ഇന്ത്യയുടെ എക്കാലത്തെയും അഭിമാന നിർമിതിയാണ്. ജമ്മു–ശ്രീനഗർ പഴയ മലമ്പാതയിൽ കൂടിയുള്ള യാത്ര വളരെ ദുഷ്കരമായിരുന്നു. ഈ പാതയിൽ പട്നി ടോപ് ഏരിയ എത്തുമ്പോൾ യാത്ര അതീവ ദുർഘടമായി മാറുന്നു. മണിക്കൂറുകളോളം തടയപ്പെടുന്ന ഗതാഗതം. മലയിടിച്ചിലും ഹിമപാതവുമുള്ള വഴി. ഈ ബുദ്ധിമുട്ടിനു നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ കണ്ടുപിടിച്ച ആശയമാണീ ടണൽ വേ. ടണലിലൂടെ കടന്നു പോകുമ്പോൾ ശരിക്കും എൻജിനീയറിങ് മാർവൽ എന്ന് ആരും പറഞ്ഞു പോകും. 

ജമ്മുവിൽ നിന്നും ശ്രീനഗറിലേക്കുള്ള മനോഹരമായ നാഷനൽ ഹൈവേ 1A പഞ്ചാബിലെ ജലന്ധർ  മുതൽ പാക് ബോർഡർ ആയ ഉറി വരെ അങ്ങനെ കിടക്കുകയാണ്. ജമ്മുവിൽ നിന്നും ഉധംപൂർ വരെ നാലുവരിപ്പാതയാണ്. താഴ്‍വരയായ ജമ്മുവിൽ നിന്നു ശ്രീനഗറിലേക്കുള്ള പാത മുഴുവൻ ട്രക്കുകളാണ്. അതീവ കരുതൽ വേണ്ടുന്ന വഴി.

നദികളുടെ, താഴ്‍വരകളുടെ ഭൂമിയിൽ

റംബാനിലെത്തുമ്പോൾ അരികിൽ ദൃശ്യമാകുന്ന കലങ്ങി മറിഞ്ഞൊഴുകുന്ന ചെനാബ് നദി. മഴക്കാലമാണിവിടെ. എവിടെയും ഏതു സമയവും മണ്ണിടിച്ചിൽ പ്രതീക്ഷിക്കാം. അവിടെ ഒരു താഴ്‍വരയിൽ കണ്ട ദൃശ്യം മനസ്സിൽ ഭീതി നിറച്ചു. ജമ്മു കശ്മീർ ട്രാൻസ്പോർട്ട് കോർപറേഷന്റെ ഒരു ബസ് കൊക്കയുടെ ആഴങ്ങളിൽ ഒരു കളിപ്പാട്ടം പോലെ തകർന്നു കിടക്കുന്നു. അമർനാഥ് തീർഥാടകരെയും കൊണ്ടു പോയ ബസ് ആണെന്ന് പിന്നീടറിഞ്ഞു. ഇനി ബന്ദിഹാൾ, സംഗം വഴി ശ്രീനഗർ, അനന്തനാഗിൽ കൂടി പോകുമ്പോൾ വണ്ടി നിർത്തരുതെന്നു സൈന്യം ശക്തമായ താക്കീത് തന്നിരുന്നു. കാശ്മീരിന്റെ വ്യവസായ തലസ്ഥാനമാണ് അനന്ത്നാഗ്.

താരതമ്യേന വലിയ പട്ടണം. അമര്‍നാഥ് യാത്രയ്ക്കു മുന്‍പ് പരമശിവൻ നാഗങ്ങളെ പാർപ്പിച്ച സ്ഥലമെന്നു കഥകൾ. ഒരു ജംക്ഷൻ വഴി കടന്നു പോകുമ്പോൾ സംഘർഷം കഴിഞ്ഞതിന്റെ ലക്ഷണം കണ്ടു. കാർ നിർത്താതെ കടന്നു പോകാൻ പട്ടാളക്കാരുടെ ആജ്ഞ. അനന്ത്നാഗിൽ നിന്നും രണ്ടായിപ്പിരിയുന്ന പാത. ഒന്ന് പഹൽഗാമിലേക്കും മറ്റൊന്ന് ശ്രീനഗറിലേക്കും പോകുന്നു. എന്നും സംഘർഷഭരിതമായ സ്ഥലമായതു കൊണ്ട്  സേനയുടെ ഒരു പ്രത്യേക ശ്രദ്ധ എപ്പോഴും ഇവിടെയുണ്ട്. ശ്രീനഗറിലേക്കെത്തുമ്പോൾ സായംസന്ധ്യ ദാൽതടാകത്തിനഭിമുഖമായി നിൽക്കുന്ന ഹോട്ടൽമുറി. മനസ്സും ശരീരവും കുളിർപ്പിക്കുന്ന തണുപ്പ്. തടാകത്തിൽ നിർത്തിയിട്ട ഷിക്കാരകൾ.

തടാകത്തിന് ചുറ്റും ഒരു ഓട്ടപ്രദക്ഷിണം വച്ച് കശ്മീർ രുചികളിലേക്കു ഞങ്ങൾ ശ്രദ്ധ പുലർത്തി. കുങ്കുമപ്പൂവും ഗ്രാമ്പൂവും ഏലയ്ക്കായും കറുവപ്പട്ടയുമൊക്കെ ധാരാളം ചേർന്ന കാശ്മീരി പുലാവിൽ നിന്നു തുടക്കം. കൂടെ കശ്മീരിന്റെ തനത് വിഭവമായ മട്ടൻ റോഗൻ ജോഷ്. തൈരും ബ്രൗൺ നിറത്തിൽ വറുത്തെടുത്ത സവാളയും ആട്ടിറച്ചിയും കുങ്കുമപ്പൂവും ചേർന്ന ഉഗ്രൻ വിഭവം. കശ്മീരി വിഭവങ്ങൾക്ക് ഉപ്പു കൂടുതലാണ്. ചായയും ഇവർ ഉപ്പിട്ട് കുടിച്ചു കളയും. നൂർ ചായ് എന്നാണ് ഉപ്പിട്ട കശ്മീരി ചായയുടെ പേര്.

പ്രഭാതത്തിലെ ഉദ്യാനക്കാഴ്ചകൾ

കശ്മീരിന്റെ സംസ്ഥാന വൃക്ഷമായ ചിനാർ മരങ്ങൾ അതിരിടുന്ന പാതയോരങ്ങൾ. കൈപ്പത്തിയുടെ ആകൃതിയിലുള്ള ഇതിന്റെ ഇലകൾക്ക് ശരത്കാലത്തു നിറം മാറും. മഞ്ഞു മൂടിയ മലനിരകൾക്കു താഴെ യാത്രികരെ സ്വപ്നദര്‍ശികളാക്കി, നിറഞ്ഞു നിൽക്കുന്ന ദാൽ തടാകം.

ഓരോ 15 മിനിറ്റിലും കടന്നു പോകുന്ന ആർമി ട്രക്കുകളും അതിൽ നിന്നും സദാ ജാഗരൂകമായി നീളുന്ന തോക്കിൻ മുനകളും ഇടയ്ക്കിടെ നമ്മെ യാഥാർഥ്യത്തിലേക്കെത്തിക്കും. പതിനായിരങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ട നാട്. സമാധാനമെന്നത് സ്വപ്നം മാത്രമായ നാട്. സമുദ്ര നിരപ്പിൽ നിന്ന് 6000 അടി ഉയരെയാണ് കശ്മീർ താഴ്‍വര തെക്കുപടിഞ്ഞാറായി താഴ്‍വരയെ ജമ്മുവിൽ നിന്നു വേർതിരിച്ചു പീർ പാഞ്ചാൽ മലനിരകളും വടക്കു കിഴക്കായി ഹിമാദ്രിയും സ്ഥിതി ചെയ്യുന്നു.

ലോകപ്രശസ്തമായ കശ്മീരി മുഗൾ ഉദ്യാനങ്ങളാണ് യാത്രാ മെനുവിലെ ആദ്യ കാഴ്ച. ദാൽ തടാകക്കരയിൽ, ജലധാരകളും വള്ളിക്കുടിലുകളും തണൽ മരങ്ങളും പൂക്കളും നിറഞ്ഞ പേർഷ്യൻ ഉദ്യാനശൈലിയിലാണ് ഇവയുടെ നിർമ്മിതി. ആദ്യം ചെഷ്മഷാഹിയാണ് സന്ദർശിച്ചത്. 1632 ൽ ഷാജഹാൻ ഇറാനിയൻ ശൈലിയിൽ നിർമിച്ച ഉദ്യാനം. ചിനാർ മരങ്ങളും തമാൽമരങ്ങളും നിറഞ്ഞ, വില്ലോ മരങ്ങൾ നിരയൊപ്പിച്ചു വളർന്നു നിൽക്കുന്ന, അതിസുന്ദരമായ ഇടം.

മൂന്നു തട്ടുകളായി ഒഴുകി ദാൽ തടാകത്തിൽ ലയിക്കുന്ന അരുവിയാണിതിന്റെ മുഖ്യ ആകർഷണം. ഈ ജലത്തിന് ഔഷധഗുണമുണ്ടെന്നാണ് വിശ്വാസം. ടുലിപ് ഗാർഡൻ സീസൺ അല്ലാത്തതിനാൽ അടച്ചിട്ടിരിക്കുകയായിരുന്നു. ജഹാംഗീർ പ്രിയ പത്നി നൂർജഹാനുവേണ്ടി നിർമിച്ച ഷാലിമാർ ബാഗ്. ഏഷ്യയിലെ ഏറ്റവും വലിയ ഉദ്യാനം. പുൽത്തകിടികൾക്കും ജലധാരകൾക്കും ഇടയിൽ രാജകുടുംബങ്ങൾക്കായി പണികഴിപ്പിച്ചിട്ടുള്ള ദിവാനി ഖാസ്. ദിവാനി ആം എന്നിങ്ങനെയുള്ള സുന്ദര മണ്ഡപങ്ങൾ. ജഹാംഗീർ പത്നിക്ക് നൽകിയ പ്രണയോപഹാരമാണ് ‘സ്നേഹധാമം’എന്നര്‍ഥം വരുന്ന ഷാലിമാർ ഗാർഡന്‍. മുഗൾ കാലത്തിന്റെ ഗതകാല പ്രൗഢി വെളിവാക്കുന്ന നിഷാന്ത് ബാഗ് ഉദ്യാനം. സബർവാൻ മലനിരകൾക്കു താഴെ സോഡിയാക് സൈനുകളെ അനുസ്മരിപ്പിക്കുന്ന  12 തട്ടുകളായി കിടക്കുന്ന പൂന്തോട്ടം മുംതാസ് മഹലിന്റെ പിതാവ് അസഫ് ഖാൻ പണികഴിപ്പിച്ചതാണിത്. ദാൽ തടാക തീരത്ത് വെളുത്ത മാർബിളിൽ തീർത്ത ഹസ്രത് ബാൽ മോസ്കിലേക്കാണ് അടുത്ത യാത്ര. ഇന്ത്യയിലെ പഴക്കം ചെന്ന മുസ്ലിം പള്ളികളിലൊന്ന്. 

അറബ് പേർഷ്യൻ മാതൃകയിൽ ഷാജഹാൻ ചക്രവർത്തി പണികഴിപ്പിച്ചതാണിത്. പള്ളിക്കു ചുറ്റുമായി ചിതറിക്കിടക്കുന്ന മാർക്കറ്റിൽ നിറയെ കൊതിപ്പിക്കുന്ന ഗന്ധം പരത്തി കാശ്മീരി വിഭവങ്ങൾ. ഇനി നേരെ ഗുൽമാർഗിലേക്ക് ബാരാമുള്ള ജില്ലയിലാണ് കശ്മീരിന്റെ സുന്ദരിയെന്നറിയപ്പെടുന്ന പൂക്കളുടെ താഴ്‍വര ഗുൽമാർഗ്. ശൈത്യകാല ടൂറിസത്തിന്റെ ഒരുഗ്രൻ ഹബ് ആണിത്. സൂര്യൻ മലഞ്ചെരുവുകളിലേക്കു താഴുന്നതും നോക്കി തണുതണുത്ത സന്ധ്യയിൽ ഇരുപ്പിരുന്നു. 

ശ്രീനഗറിലെ രണ്ടാം പുലരി

പുലർകാലത്തു ദാൽ തടാകത്തിൽക്കൂടിയുള്ള തോണീയാത്ര ഒരു സഞ്ചാരിയും നഷ്ടപ്പെടുത്താൻ പാടില്ല. ശ്രീനഗറിന്റെ രത്നമെന്ന് അറിയപ്പെടുന്ന ദാൽ തടാകം വിരിഞ്ഞു തുടങ്ങുന്ന താമരപ്പൂക്കളും നീലാമ്പലും നിറഞ്ഞ ജലപ്പരപ്പ് ഓരോ സീസണിലും ദാല്‍ തടാകത്തിന് ഓരോ മുഖങ്ങളാണ്.  ശൈത്യകാലത്തു വിന്റർ സ്പോർട്സിന്റെ ഗ്രൗണ്ട് ആയും വസന്തകാലത്തു പൂ മാർക്കറ്റ് ആയും തടാകം വേഷം മാറും. ഷിക്കാരകൾ തുഴഞ്ഞെത്തുന്ന കശ്മീരി സുന്ദരികളെപ്പറ്റി എങ്ങനെയാണ് വർണിക്കുക? ദൈവമിവിടെ മറന്നു വച്ചുപോയ അപ്സരസ്സുകൾ മാലിന്യമുക്തമായതുകൊണ്ടു ഏതു പരിസ്ഥിതി പ്രണയിയും ദാൽ തടാകം കണ്ടു കുളിരണിഞ്ഞു പോകും. ഏറ്റവും മനോഹരമായ സീസൺ മാർച്ച് മുതൽ ഒക്ടോബർ വരെയാണെന്നു തോന്നുന്നു. ഈ സുന്ദരമായ ദൃശ്യങ്ങൾക്കെല്ലാം പശ്ചാത്തലമായി തോക്കു ചൂണ്ടി സമാധാനം ഉറപ്പു വരുത്തുന്ന സേനയുടെ കർക്കശമായ മുഖം. വിജനമായ മലഞ്ചെരിവുകളിലും മരക്കൊമ്പുകളിലുമെല്ലാം നിതാന്തജാഗ്രതയോടെ അവരുണ്ട്. നാമുറങ്ങുമ്പോൾ  ഉറങ്ങാതെ കാവലിരിക്കാനായി...

ശ്രീനഗറിനോട് വിട ചൊല്ലി, അടുത്ത ലക്ഷ്യം പഹൽഗാം. ശ്രീനഗറിൽ നിന്നും 95 കിലോമീറ്റർ അകലെ കശ്മീരിലെ പ്രശ്നബാധിതമായ അനന്ത്നാഗ് ജില്ലയിലെ മനോഹരമായ ഭൂവിഭാഗം സമുദ്ര നിരപ്പിൽ നിന്ന് 7000 അടി ഉയരെ ലിഡർ നദിക്കരയിൽ ആട്ടിടയന്മാരുടെ താഴ്‍വരയെന്ന് അപരനാമമുള്ള ഭൂമിയിലെ മറ്റൊരു സ്വർഗീയ സ്ഥലം.

അനന്ത്നാഗ് മുതൽ പഹൽഗം വരെയുള്ള യാത്ര. പിക്ചർ പോസ്റ്റ് കാർഡ് പോലെ മനോഹരമാണ് ചുവന്നു തുടുത്ത ആപ്പിൾ നിറഞ്ഞ തോട്ടങ്ങൾ. മാസ്മരിക ഭംഗിയുള്ള താഴ്‍വരകൾ, ധവള നിറമാർന്ന ജലസമൃദ്ധിയിൽ ആർത്തൊഴുകുന്ന ലിഡർ നദി. ഇവിടം അമർനാഥ് യാത്രയുടെ കവാടം എന്നുമറിയപ്പെടുന്നു. പഹൽഗാമിലേക്കുള്ള വഴിയിലാണ് സംഗം ഗ്രാമം. ക്രിക്കറ്റ് ബാറ്റ് നിർമാണത്തിനു പേരു കേട്ട സ്ഥലമാണിത്. ബാറ്റുകൾ കശ്മീരി വില്ലോ മരങ്ങളിൽ നിന്നാണുണ്ടാക്കുന്നത്. ശിവനും പാർവതിയും പഹൽഗാമിൽ വച്ചാണ് നന്ദികേശ്വരനെ ഒഴിവാക്കിയതെന്നും അതാണ് ബെൽഗാം (ബേൽ എന്നാൽ കാള) എന്ന പേരു വന്നതെന്ന് ഐതിഹ്യം. ലിഡർ നദിക്കരയിലുള്ള ഈ ഇടയഗ്രാമം കുങ്കുമപ്പൂവിന് പേരുകേട്ട ഇടമാണ് ലിഡർ. ഇത്ര സുന്ദരിയായ ഒരു നദി മുൻപെങ്ങും കണ്ടിട്ടേയില്ല. ഉരുളൻ പാറക്കല്ലുകൾ ചിതറിക്കിടക്കുന്ന നദീതടങ്ങളിൽ എത്ര നേരമിരുന്നാലും മതിയാകില്ല. 

പുലരിയിൽ മഞ്ഞു മൂടിക്കിടക്കുന്ന ഗിരിശൃംഗങ്ങൾക്കിടയിലൂടെ സൂര്യോദയം കണ്ടു വീണ്ടും കാഴ്ചകളിലേക്ക്, പഹൽഗാമിലെ ബേതാബ് വാലിയിൽക്കണ്ട ആ കാഴ്ച ഒരു നാടോടിക്കൂട്ടത്തിന്റെ താവളം മാറ്റം. വളരെ വർണശബളമായ യാത്ര.  ഒരു പട്ടി മുന്നിൽ. മണി കിലുക്കി കുതിരക്കൂട്ടം. കുതിരകളുടെ പുറത്തു നിറമുള്ള ഇരിപ്പിടങ്ങൾ, കൂട്ടം െതറ്റാതെ നടക്കുന്ന കുഞ്ഞുങ്ങൾ, പശ്ചാത്തലത്തിൽ നാടോടി സംഗീതം. പല നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ച സ്ത്രീകൾ. അവരുടെ കിലുങ്ങുന്ന ആഭരണങ്ങൾ. പക്ഷേ നിസ്സംഗമാണ് മുഖഭാവം. ഗ്രൂപ്പ് ലീഡർ ശാന്തനായി പിറകിൽ ജീവിതം അവർക്ക് പ്രയാണമാണ്. 

മടങ്ങിപ്പോകാൻ തോന്നാത്ത അത്രയും സുന്ദരിയാണ് കശ്മീർ. ഒരുപാട് സ്ഥലങ്ങൾ ഇനിയുമുണ്ട്. സോൻ മാർഗ്, കാർഗിൽ, ലേ, പട്നി ടോപ്.....എല്ലാം ഇനി അടുത്ത വരവിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com