ADVERTISEMENT
kibber houses

കാഴ്ചകളുടെ അക്ഷയഖനിയാണ് ഹിമാലയം. എത്രകണ്ടാലും മതിവരാത്ത ആ മഞ്ഞുമലകളുടെ ശിഖരങ്ങളിൽ ഒന്നുതൊടാൻ ആഗ്രഹിക്കാത്ത സഞ്ചാരികൾ കുറവായിരിക്കും. വർഷത്തിലെ ഭൂരിപക്ഷം സമയത്തും മഞ്ഞിന്റെ മേലങ്കി അണിഞ്ഞു കിടക്കുന്ന ഹിമാലയസാനുക്കളുടെ താഴ്‌വരയിൽ നിരവധി ചെറു ഗ്രാമങ്ങളുണ്ട്. നമ്മുടെ നാടുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറെ വ്യത്യസ്തമായ ആചാരങ്ങളും ജീവിതരീതികളുമൊക്കെ പിന്തുടരുന്ന ഈ കൊച്ചു കൊച്ചു ഗ്രാമങ്ങളിൽ ജനവാസവും വളരെ കുറവാണ്. യാത്രാസൗകര്യം വളരെ കുറഞ്ഞ, ബാർട്ടർ സമ്പ്രദായം നിലനിൽക്കുന്ന, ഹിമാലയ താഴ്‍‍വരയിലെ ഒരു ഗ്രാമമാണ് കിബ്ബർ. കൗതുകം പകരുന്ന നിരവധി കാഴ്ചകളും ആചാരങ്ങളും നിലനിൽക്കുന്ന, ഹിമാലയ മടക്കുകളിലെ ഈ ഗ്രാമത്തിലേയ്ക്കു ഒരു യാത്ര പോയാലോ?

ഹിമാചൽ പ്രദേശിലെ സ്പിതി താഴ്‍‍വരയിലാണ് കിബ്ബർ എന്നു പേരുള്ള ഗ്രാമം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 4270 മീറ്റർ ഉയരത്തിലാണിത്. സവിശേഷതകൾ ഒരുപാടുള്ള ഈ ഗ്രാമത്തിൽ 2011 ലെ സെൻസസ് അനുസരിച്ചു 77 വീടുകൾ മാത്രമേയുള്ളു. ഈ 77 ഗൃഹങ്ങളിലായി ആകെയുള്ള ജനസംഖ്യ 366 ആണ്. അതിൽ 187 പുരുഷന്മാരും 179 സ്ത്രീകളുമുണ്ട്. ഏറെ വ്യത്യസ്തവും കാഴ്ചയ്ക്കു മനോഹരവുമാണ് ഇവിടുത്തെ വീടുകൾ. കല്ലുകൾ കൊണ്ടാണ് ഇവിടുത്തെ ഭവനനിർമ്മാണം.

ഇഷ്ടിക പോലുള്ള നിർമാണ സാമഗ്രികൾ ഒന്നുംതന്നെ ഉപയോഗിക്കാതെ, കല്ലുകൾ ഒരു പ്രത്യേക രീതിയിൽ അടുക്കി നിർമിച്ചിട്ടുള്ള ഈ വീടുകൾ പ്രകൃതിയോടു ചേർന്നു നിൽക്കുന്നവയാണ്. ഗതാഗതം പോലും ദുർഘടമായ ഇവിടെ ലഭ്യമായ വസ്തുക്കൾ കൊണ്ട് നിർമാണം പൂർത്തിയാക്കേണ്ടതു കൊണ്ടും തണുപ്പിനെ പ്രതിരോധിക്കേണ്ടതു കൊണ്ടും  പരിമിതമായ വസ്തുക്കൾ മാത്രമേ വീടുകൾ നിർമിക്കാൻ ഉപയോഗിക്കുന്നുള്ളൂ.  മിക്ക വീടുകൾക്കും ഒരേ രൂപമായതു കൊണ്ടുതന്നെ ആദ്യകാഴ്ച്ചയിൽ തന്നെ ആകർഷകമാണ്.   

കിബ്ബറെന്ന സുന്ദരമായ ഗ്രാമത്തെക്കുറിച്ചറിഞ്ഞതിനു ശേഷം അവിടേക്കു ഒരു യാത്ര പോകാൻ ഒരുങ്ങിയാൽ ചിലപ്പോൾ ആ യാത്ര അത്രമാത്രം സുഗമമായി നടന്നെന്നു വരില്ല. കാരണം വേനൽക്കാലങ്ങളിൽ മാത്രമേ കിബ്ബറിലേക്കു ബസ് സർവീസ് ഉള്ളൂ. ഏറ്റവുമടുത്തുള്ള പട്ടണമായ കാസയിൽ നിന്നും 20 കിലോമീറ്റർ ദൂരമുണ്ട് അവിടേയ്ക്ക്. ബസുകൾ ഓടാത്ത സമയങ്ങളിൽ ബൊലേറോ പോലുള്ള വാഹനങ്ങളെ യാത്രയ്ക്കായി ആശ്രയിക്കേണ്ടി വരും. യാത്ര അല്പം പ്രയാസകരമാണെങ്കിലും അടിസ്ഥാന സൗകര്യങ്ങളെല്ലാമുണ്ട് അവിടെ. ആശുപത്രി, ഹൈസ്കൂൾ, പോസ്റ്റ് ഓഫീസ്, ടെലിഗ്രാഫ് ഓഫീസ്, കമ്മ്യൂണിറ്റി ടി വി എന്നിവ അതിൽ ചിലതുമാത്രം. 

kibber village

ജൂൺ മുതൽ ഒക്ടോബര്‍ വരെയുള്ള സമയം കിബ്ബറിലേക്കുള്ള യാത്രയ്ക്കായി തെരഞ്ഞെടുക്കാം. ഈ സമയത്തു കാസയിൽ നിന്നും രാവിലെയും വൈകുന്നേരവും ബസ് സർവീസുണ്ട്. ബസുകൾ ഇല്ലാത്ത സമയങ്ങളിൽ ഷെയർ ടാക്സികളെ ആശ്രയിക്കേണ്ടി വരും. വലിയ തുക നൽകേണ്ടതുകൊണ്ടു തന്നെ ഇവിടുത്തെ ഗ്രാമീണർ ബസുകൾ ഇല്ലാത്ത സമയങ്ങളിൽ കാൽനടയായാണ് യാത്ര ചെയ്യാറ്. എളുപ്പത്തിൽ എത്തിച്ചേരാനുള്ള വഴികൾ തദ്ദേശവാസികൾക്കു സുപരിചിതമാണ്. ലഡാക്കാണ് കിബ്ബറിനു ഏറ്റവുമടുത്തു സ്ഥിതി ചെയ്യുന്ന പ്രധാന നഗരം. മൂന്നു ദിവസത്തെ യാത്ര കൊണ്ട് മാത്രമേ പരാങ് ലാ ചുരം വഴി ലഡാക്കിലെത്തി ചേരാൻ കഴിയുകയുള്ളു. വസ്തുക്കൾക്ക് പകരം വസ്തുക്കൾ തന്നെ കൈമാറ്റം ചെയ്യുന്ന ബാർട്ടർ സമ്പ്രദായരീതിയിൽ കുതിര, കാലികൾ, യാക്ക് എന്നിവ ലഡാക്കിലെ ചന്തയിൽ ഈ ഗ്രാമീണർ കൈമാറ്റം ചെയ്യുന്നു. 

മനുഷ്യവാസമുള്ള ഏറ്റവും ഉയരമുള്ള പ്രദേശങ്ങളിലൊന്ന് എന്ന സവിശേഷത കൂടിയുണ്ട് കിബ്ബറിന്. ഇവിടുത്തെ പ്രധാനാകര്ഷണങ്ങളാണ് കിബ്ബർ ആശ്രമം, കിബ്ബർ വന്യജീവി സങ്കേതം എന്നിവ. ബുദ്ധമത വിശ്വാസികളുടെ ആശ്രമം സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കേന്ദ്രമാണ്. പുരാതന ചുമർചിത്രങ്ങൾ, പെയിന്റിങ്ങുകൾ, കയ്യെഴുത്തു പ്രതികൾ എന്നിവയൊക്കെ ഇവിടെ സംരക്ഷിച്ചിട്ടുണ്ട്. ഹിമാലയ സാനുക്കളിൽ മാത്രം കാണാൻ സാധിക്കുന്ന അപൂർവയിനത്തിൽപ്പെട്ട ധാരാളം ഔഷധ സസ്യങ്ങളുടെ കേന്ദ്രമാണ് കിബ്ബർ വന്യജീവി സങ്കേതം. ഇവിടുത്തെ നാട്ടുവൈദ്യന്മാർ പല രോഗങ്ങൾക്കും ഉപയോഗിക്കുന്ന വിശേഷപ്പെട്ട ഔഷധക്കൂട്ടുകളിൽ പെട്ടതാണ് ഈ ചെടികളിൽ പലതും. ഇവിടെ കാണപ്പെടുന്ന ഭൂരിപക്ഷം സസ്യങ്ങൾക്കും പ്രത്യേക ഔഷധമൂല്യമുണ്ടെന്നാണ് കരുതപ്പെടുന്നത്. 

കിബ്ബറിലേയ്ക്ക് യാത്ര പോകുന്നുണ്ടെങ്കിൽ വേനല്‍ക്കാലമാണ് ഉചിതം. തണുപ്പും ശക്തമായ മഞ്ഞുവീഴ്ചയുമുള്ള സമയങ്ങളിൽ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. ലഡാക്കിനോടും ടിബറ്റിനോടും സാമ്യമുള്ള കിബ്ബർ എന്ന സുന്ദര ഗ്രാമം ചുണ്ണാമ്പുകല്ലുകൾ കൊണ്ട് സമ്പന്നമാണ്. ആരെയും ആകർഷിക്കുന്ന ഇവിടം സ്പിതി യാത്രയിൽ സന്ദർശകർ മറക്കാതെ സന്ദർശിക്കേണ്ട ഒരിടമാണ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com