sections
MORE

കിഴക്കൻ തീരത്തൂടെ ഒരു കാർ യാത്ര

500731532
SHARE

പുതുച്ചേരിയിലെ ക്രിസ്മസ് രാവിന് തിരശീലയിട്ട പകൽ. തലേരാത്രി പുതുച്ചേരിയിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രലിലെ തിരുപ്പിറവിയാഘോഷം കണ്ടു. പള്ളിയങ്കണത്തിൽ കത്തി നിൽക്കുന്ന നൂറായിരം നക്ഷത്രങ്ങൾ കണ്ടു. പ്രൊമനേഡ് ബീച്ചിലെ കുളിർകാറ്റേറ്റു..... തണുത്തുപോയ ഹൃദയവുമായാണ് ഉറങ്ങാൻ കിടന്നത്. രാവിലെ ക്രിസ്മസ് ആഘോഷങ്ങൾ നിറഞ്ഞ ഫ്രഞ്ച് തെരുവുകളിൽക്കൂടി ചുറ്റിയടിച്ചു കാർ നേരെ ഈസ്റ്റ് കോസ്റ്റ് റോഡിലേക്കു കയറി. 

ഈസ്റ്റ് കോസ്റ്റ് റോഡ്, ചെന്നൈയിൽ നിന്നു തുടങ്ങി തൂത്തുക്കുടിയിൽ ചെന്നു നിൽക്കുന്ന 690 കിലോമീറ്റർ. അത്യുഗ്രൻ ഡ്രൈവബിൾ സ്ട്രെച്ച് ആണ് ഈസ്റ്റ് കോസ്റ്റ് റോഡ്. മഹാബലിപുരം, പുതുച്ചേരി, നാഗപട്ടണം, കാരയ്ക്കൽ, നാഗൂർ തുടങ്ങി ധാരാളം വിനോദസഞ്ചാരകേന്ദ്രങ്ങളുണ്ട് പാതക്ക് ഇരുവശത്തും.

pondicherry

മാരക്കാനത്തെ ഉപ്പളങ്ങൾ

പുതുച്ചേരിയിൽ നിന്നും തിരിക്കുമ്പോൾ ഇരുവശവും സുന്ദരമായ പ്രകൃതിയാണ്. കടൽനീലയും മരപ്പച്ചയും മണ്ണിന്റെ ബ്രൗണും ചേർന്ന ചായക്കൂട്ട്. കണ്ടൽക്കാടുകളും മണൽപ്പരപ്പുകളും കണ്ടു മുന്നേറവേപെട്ടെന്നാണ് ധവളനിറപ്പൊലിമയിൽ ഉപ്പു പാടങ്ങൾ കണ്ണിന്റെ ഫ്രെയിമിലേക്കെത്തിയത്. ഇത് മാരക്കാനമാണ്. ചെന്നൈയിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള തീരദേശ പഞ്ചായത്ത്. ഏതാണ്ട് നാലായിരം ഏക്കർ നിറയെ ഉപ്പുപാടങ്ങളുടെ വെണ്മ കണ്ടു കണ്ട് പോകവേ ഈ വിൻഡോ കാഴ്ച പോരെന്നു ഞാൻ ഡ്രൈവിങ് സീറ്റിലേക്ക് മന്ത്രമോതി. കാർ ഉപ്പു പാടങ്ങളിലേക്കു യാത്രയായി. അങ്ങനെ മാരക്കാനത്തെ തേടിപ്പോയതല്ല. ഒരു നിമിത്തം പോലെ അതു ഞങ്ങളുടെ കണ്ണിലേക്കു വന്നതാണ്.

chennai-travel4

ഉപ്പളങ്ങളുടെ പണികൾ ജനുവരിയുടെ ആദ്യപകുതിയിലാണ് ആരംഭിക്കുന്നത്. ഭൂമി നിരപ്പാക്കി പ്രത്യേക റിസർവോയറിൽ സൂക്ഷിച്ചിരിക്കുന്ന കടൽ ജലം പൈപ്പുകൾ വഴി ഉപ്പളങ്ങളിലേക്കെത്തിക്കുന്നു. പിന്നീട് സൂര്യതാപത്തിൽ സ്വേദനം വഴി ഉപ്പു പരലുകൾ രൂപം കൊള്ളുന്നു....ഉപ്പുപാടങ്ങളിലേക്കിറങ്ങി ചെല്ലുമ്പോൾ അവിടെ പണി തകൃതിയായി നടക്കുകയാണ്. അവധിയുടെ ആലസ്യമോ തിരുപ്പിറവിയുടെ ആഹ്ലാദമോ ഒട്ടും അലട്ടാത്ത ഒരു പറ്റം ആളുകൾ ആരെയും ശ്രദ്ധിക്കാതെ കഠിനാധ്വാനം ചെയ്യുന്നു. സാധാരണ യാത്രയിൽ  എപ്പോഴും ഇങ്ങനെയുള്ള പണി സ്ഥലങ്ങളിൽ ഞങ്ങളിറങ്ങി ചെല്ലാറുണ്ട്. 

ഗുണ്ടൽപേട്ടിലെ പൂപ്പാടങ്ങളും കശ്മീരിലെ ആപ്പിൾത്തോട്ടങ്ങളും രംഗനാതിട്ടുവിലെ നെൽവയലുകളും ഞങ്ങൾക്ക് ആതിഥ്യമരുളിയിട്ടുണ്ട്. നിഷ്കളങ്കമായ സ്നേഹം തന്ന് യാത്രയാക്കിയിട്ടുമുണ്ട്. പക്ഷേ, ഇവിടെ കഥ മറിച്ചായിരുന്നു. 

chennai-travel3

ഒരു തണുത്ത മൂർച്ചയുള്ള നോട്ടത്തിൽ ഞങ്ങളുടെ ആവേശത്തെ അവർ ഉന്മൂലനം ചെയ്തു. കറുത്ത് മിനുത്ത ദേഹങ്ങളിൽ നിന്നുള്ള വിയർപ്പിന്റെ ഉപ്പ് പരലുപ്പിലേക്ക്  ലയിച്ചു ചേരുന്നു. ചുറ്റും ഓലയിട്ടു മൂടിയ ഉപ്പുകുന്നുകൾ....ഉപ്പു പരലുകളിൽ സൂര്യപ്രകാശം വീഴുമ്പോഴുള്ള വജ്രത്തിളക്കം. കാക്കക്കാലിന്റെ പോലും തണലില്ലാത്ത, ഉഗ്രവെയിലിൽ തളർന്നു നിൽക്കുന്ന പ്രകൃതി. ചുറ്റും തൊഴിലവകാശ നിഷേധത്തിന്റെ കടും നിറമാർന്ന കാഴ്ചകൾ. ഒന്നും സംസാരിക്കാൻ ആഗ്രഹിക്കാത്ത, ആർക്കും മുഖം തരാൻ താൽപര്യമില്ലാത്ത ഇവരോടെന്തു ചോദിച്ചറിയാൻ. മാരക്കാനംകാരനായ ഞങ്ങളുടെ സുഹൃത്ത് ഭരണീധരനെ വിളിച്ചാണ് കൂടുതൽ വിവരങ്ങൾ അറിയുന്നത്. 

chennai-travel

ഉപ്പുൽപാദനത്തിൽ ഗുജറാത്തു കഴിഞ്ഞാൽ രണ്ടാം സ്ഥാനമാണ് തമിഴ്നാടിന്. കഠിനമായ സൂര്യതാപത്താലും വർഷത്തിൽ ആറുമാസം മാത്രമുള്ള തൊഴിൽ ലഭ്യതയാലും തുച്ഛമായ വേതന വ്യവസ്ഥയാലും കുപ്രസിദ്ധിയാർജിച്ചതാണ് ഉപ്പളങ്ങൾ. ഏതാണ്ടെല്ലാവർക്കും തന്നെ കാഴ്ച സംബന്ധി യായ പ്രശ്നങ്ങൾ. ഉപ്പു വെള്ളത്തിൽ മണിക്കൂറുകൾ ചവിട്ടി നിന്നുള്ള ജോലി. നിർജലീകരണം ഏതു സമയത്തും സംഭവി ച്ചേക്കാവുന്ന ജോലി സ്ഥലം. 

നാഗപട്ടണം, മാരക്കാനം, തൂത്തുക്കുടി എല്ലാം ഉപ്പളങ്ങൾക്കു പേരു കേട്ട സ്ഥലങ്ങളാണ്. ഒരേ തൊഴിലാണ് ചെയ്യുന്നതെങ്കിലും സ്ത്രീ തൊഴിലാളികൾക്ക് ഇന്നും കുമ്പിളിലാണ് കഞ്ഞി. സ്ത്രീസഹജമായ ആരോഗ്യപ്രശ്നങ്ങൾ വേറെയും. സാൾട് ആൻഡ് പെപ്പർ കഥകളിൽ വരാത്ത കുറെ ജീവിത ങ്ങൾ.... ധവള നിറമാർന്ന ഉപ്പുപാടങ്ങൾക്കിടയിലൂടെ ഓടി വരുന്ന നായികയുടെ ദൃശ്യം മാത്രം ഹൃദയത്തിലുണ്ടായിരുന്ന ഞാന്‍ കനം തൂങ്ങിയ മനസ്സുമായാണ് അവിടം വിട്ടത്.....

chennai-travel1

ചോളമണ്ഡലം ആർട്ടിസ്റ്റിക് വില്ലേജ്

കലകളുടെ ഉപാസകരെന്നു പേരുകേട്ട ചോള രാജാക്കന്മാരുടെ പേരിനെ അനുസ്മരിപ്പിക്കുന്ന ചോള മണ്ഡലം. ഇന്ത്യൻ ശില്‍പികളുടെ പെരുന്തച്ചനായിരുന്ന കെ.സി. എസ്. പണിക്കർ 1966–ൽ തുടങ്ങി വച്ച ദക്ഷിണ ഭാരതത്തിലെ ആർട് മൂവ്മെന്റാ ണിത്. സ്ഥിരവരുമാനമില്ലാത്തതിനാൽ മഹാപ്രതിഭകൾ പോലും കലയെ കൈവിടുന്നുവെന്നു കണ്ട് ആരംഭിച്ച ഒരു കൂട്ടായ്മ. മെറ്റാഫിസിക്കൽ ചിത്രകാരനെന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം മദ്രാസ് സ്കൂൾ ഓഫ്‍ ആർട്സിന്റെ പ്രിൻസിപ്പൽ ആയിരുന്നു. 

വെയിലിൽ കത്തിയെരിയുന്ന ചെന്നൈയിൽ നിന്നും എട്ടു കിലോമീറ്റർ അകലെ ഇഞ്ചമ്പാക്കത്ത് ന്യൂ മഹാബലിപുരം റോഡിന്റെ ഓരത്തു ബേ ഓഫ് ബംഗാളിനോടു ചേർന്ന് രൂപം കൊണ്ട തണൽമരങ്ങൾ നിറഞ്ഞ കലാകാരന്മാരുടെ ഗ്രാമം. കലാകാരന്മാർ കുടുംബത്തോടൊപ്പം ഈ കലാഗ്രാമത്തിൽ ഒന്നിച്ചു താമസിച്ചു കഴിവുകൾ പകർന്നു ജീവിക്കുക എന്ന സ്വപ്നം മുന്നിൽ കണ്ടുള്ള നിർമിതി. 

ഗൂഗിൾ മാപ്പിലെ ചുള്ളത്തി പറഞ്ഞതനുസരിച്ചു പോയിപ്പോയി ഞങ്ങൾ മറ്റൊരു ഗേറ്റഡ് കോളനിയിലെത്തിച്ചേർന്നു. ഞങ്ങ ളുടെ വരവ് കാത്ത് നിന്നെന്ന പോലെ സെക്യൂരിറ്റി ‘ഗൂഗിൾ മാപ്പിൽ ഇന്ത പ്ലേസ്  തപ്പായി പോട്ടിരിക്കേൻ.... തമ്പി തിരുമ്പി പ്പോ....’’ എന്ന് കൽപിച്ചു വഴി തിരിച്ചു വിട്ടു. ഈയിടെയായി ഈ പെൺകുട്ടി സ്ഥിരം വഴി തെറ്റിക്കാറുണ്ട്. 

ചോളമണ്ഡലം പച്ചപ്പിന്റെ ഒരു തുരുത്താണ്. മരങ്ങളുടെ പച്ച തണുപ്പിന് താഴെ ടെറാകോട്ടയിലും കരിങ്കലില്ലും തീർത്ത മനോഹര ശിൽപങ്ങൾ, തണൽ വിരിച്ചു നിൽക്കുന്ന വലിയ ആൽമരച്ചുവട്ടിലെ ഓപ്പൺ എയർ ശിൽപ ഗാലറി, ഒരു ക്വാസി മെ‍ഡിറ്ററേനിയൻ ഭക്ഷണ ശാല, ബുക്ക് ഷോപ്, തുടങ്ങി പുറമെ ലളിതമായ രൂപകൽപന.ഉള്ളിൽ ഇൻ‍ഡിഗോ എന്നും ലാബെർണം എന്നും പേരിട്ട രണ്ടു ഗാലറികൾ. മെസനൈൻ ഫ്ലോറായി ഡിസൈൻ ചെയ്തിരിക്കു ന്ന രാജ്യാന്തര നിലവാരമുള്ള ആർട് ഗാലറികൾ...

അതിൽ നിറയെ എം.വി.ദേവൻ, ജയപാലപ്പണിക്കർ, കാനായി കുഞ്ഞിരാമൻ, പാരീസ് വിശ്വനാഥൻ, സേനാപതി തുടങ്ങിയ വിശ്വപ്രസിദ്ധ കലാകാരന്മാരുടെ കാൻവാസിലും തടിയിലും ഗ്രാനൈറ്റിലും ചെമ്പിലും തീർത്ത മാഗ്നം ഓപ്പസുകൾ.... ഏറ്റവും ആകർഷിച്ചത് കെ.സി.എസ്. പണിക്കരുടെ മകനായ നന്ദ ഗോപാലിന്റെ ലോഹ ശിൽപങ്ങളാണ്. ഫിസിക്സിനെ ഫൈൻ ആർട്സുമായി ബന്ധിപ്പിച്ച പ്രതിഭ. സിമെട്രി ഇൻ അസിമെട്രി എന്ന അദ്ഭുത പ്രതിഭാസമെന്നു നിരൂപകർ വാഴ്ത്തിയ, അസാമാന്യ പ്രതിഭ വെളിവാക്കുന്ന ഓടിലും ചെമ്പിലും തീർത്ത ശിൽപങ്ങൾ. ആർട് ഗാലറിയുടെ ഉള്ളിൽ ക്യാമറ അനുവദിക്കില്ലാത്തതിനാൽ മനോഹരമായ ആ കലാ സൃഷ്ടികൾ ഹൃദയത്തിൽ സൂക്ഷിക്കാനേ കഴിഞ്ഞുള്ളൂ...

ഇന്ന് ഒരു റസിഡൻഷ്യൽ ഏരിയ ആയി വളർന്ന ചോള മണ്ഡലം ആർട്ടിസ്റ്റിക് വില്ലേജ്, ചിത്രകലയുടെ ആ കുലപതി യുടെ സ്വപ്നങ്ങളോട് നീതി പുലർത്തുന്നുണ്ടോ എന്ന് സംശയം തോന്നി.... ഈ സ്ഥലങ്ങളൊക്കെ ശിൽപകലയോ ടോ ചിത്രകലയോടോ അമിതമായ പ്രണയമുള്ളവർക്കുള്ള ലക്ഷ്യ സ്ഥാനങ്ങളാണ്. അല്ലാതെ പോകുമ്പോൾ അവിടമൊ ക്കെ തികച്ചും വിരസം. 

മഹാബലിപുരത്തെ ശിൽപങ്ങൾ

ഉച്ചവെയിൽ ഉഗ്രമായി കത്തിനിൽക്കുന്ന മഹാബലിപുരം ലക്ഷ്യമാക്കി കാർ പാഞ്ഞു. പുരാതനമായ തുറമുഖനഗരം.. ശിൽപകലയിൽ താൽപര്യമുള്ളവർ ഒരിക്കലെങ്കിലും ഇവിടം സന്ദർശിക്കണം. വെയിലില്ലാകാലം നോക്കി വന്നില്ലെങ്കിൽ വിസ്മയം ബാഷ്പീകരിച്ചു പോകും (പോയി). നല്ല ഉഗ്രൻ ചൂടാണ്.

ഹംപി പോലെ ഇതും ഒറ്റക്കൽ ശിൽപങ്ങളുടെ നാടാണ്. പല്ലവകാലത്തെ ആദിദ്രാവിഡ തച്ചു ശാസ്ത്രത്തിന്റെ അതി മനോഹരമായ ശേഷിപ്പുകൾ. ജലശായിയായ വിഷ്ണു ശിൽപം മനോഹരമാണ്. പഴയ തുറമുഖത്തിന്റെ പ്രതാപം പോലെ നിൽക്കുന്ന ലൈറ്റ് ഹൗസിനു മുകളിൽ നിന്നു നോക്കുമ്പോൾ നഗരത്തിന്റെ വിഹഗവീക്ഷണം. ഞാൻ ചെല്ലുമ്പോൾ ഒരു പൂരത്തിനുള്ള ആളുണ്ട് ടവറിൽ. മുകളി ലേക്ക് പോയ ആളുകളെ താഴേക്ക് വരാൻ സമ്മതിക്കാതെ ഇടിച്ചു കയറാൻ ശ്രമിക്കുന്ന ജനക്കൂട്ടം. (നല്ല ചവിട്ട് കിട്ടിയേ ക്കുമെന്നറിയാമെങ്കിലും തള്ളി കയറുന്ന ഈ മോബ് സൈക്കോളജി എനിക്കിതുവരെ പിടികിട്ടിയില്ല.....?????).

പഞ്ചരഥങ്ങൾ ഗണേശമണ്ഡപം, ഗ്രാവിറ്റേഷനെ വെല്ലു വിളിച്ചുകൊണ്ടുള്ള കൃഷ്ണന്റെ വെണ്ണപ്പാറ...തുടങ്ങി കരിങ്കല്ലിന്റെ മനോഹരമായ രൂപാന്തരങ്ങൾ....കാണാനേറെയുണ്ട് മഹാബലിപുരത്ത്.

ഇനി സീഷോർ ടെംപിളിലേക്ക് നടക്കാനുള്ള ദൂരം മാത്രം. അവിടെയും സ്ഥിതി വ്യത്യസ്തമല്ല. തമിഴ്നാട് മുഴുവനും കടൽത്തീരത്തുണ്ട്. പോകുംവഴി പല്ലവരാജാക്കന്മാർ അക്കാലം കൊണ്ടു വന്ന ശിൽപികളുടെ പിൻഗാമികൾ തെരുവിന്റെ രണ്ടു വശവുമിരുന്നു കല്ലിൽ നിന്ന് കവിത രചിക്കുന്നത് കാണാം. ശിൽപിയായ മുരുകേഷ് ഞങ്ങളെ വളരെ സ്നേഹത്തോടെ സ്വീകരിച്ചു. ഈ ശിൽപങ്ങളെല്ലാം സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാനുള്ളവയാണെന്ന് മുരു കേഷ് പറഞ്ഞു.  ദുർഗാദേവിയും പകുതി പൂർത്തിയായ നട രാജഗുരുവും മലേഷ്യയിലേക്കു കപ്പൽ കയറാൻ കാത്തിരി ക്കുന്ന അസുലഭ കാഴ്ച!!!ബംഗാൾ ഉൾക്കടലിന്റെ തീരത്തെ ഒരു മനോഹര നിർമിതി യാണ് സീ ഷോർ ടെംപിൾ. പുരാതന തുറമുഖ നഗരത്തിലെ കപ്പലുകളുടെ വഴികാട്ടിയായിരുന്ന ഇതിന് അന്ന് ഏഴു പഗോഡകളുണ്ടായിരുന്നു. 

പലതും പ്രകൃതി ക്ഷോഭങ്ങളാൽ തകർന്നടിഞ്ഞു. പച്ചപ്പുൽ ത്തകിടിയും  കടലിൽ മറയാനൊരുങ്ങുന്ന സൂര്യബിംബവും പശ്ചാത്തലമൊരുക്കിയ കല്ലിന്റെ ഈ മഹാകാവ്യം കാല ത്തിനും കടലിനും ഇനിയും പൂർണമായി തകർക്കാൻ കഴിയാത്ത ഗ്രാനൈറ്റ് ശിലയിലെ അദ്ഭുത നിർമിതിയാണ്. കടൽ തീരത്തു മഹാബലിപുരം ഡാൻസ് ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ നടക്കുന്നു. ശിൽപങ്ങളെയും നൃത്തത്തെയും സ്നേഹിക്കുന്ന ഒരു ജനത നെ‍ഞ്ചിടിപ്പോടെ യവനിക ഉയരാൻ കാത്തു നിൽക്കുന്നു... തിരിച്ചു പോകേണ്ടത് അനിവാര്യമായ തിനാൽ മനസ്സില്ലാമനസ്സോടെ മടക്കയാത്രയ്ക്കൊരുങ്ങി മൂന്ന് സഞ്ചാരികൾ....

ഈസ്റ്റ് കോസ്റ്റ് ഡയറി ഇവിടെ അവസാനിക്കുന്നില്ല....

അറിയാം

*കൊച്ചി മുതൽ പുതുച്ചേരി വരെ ദൂരം 560 കിലോമീറ്ററോളം....

*കോയമ്പത്തൂർ, സേലം, ആത്തൂർ, വില്ലുപുരം, പുതുച്ചേരി.

 പുതുച്ചേരിയിൽ നിന്നു ചിദംബരം ക്ഷേത്രത്തിൽ പോകാം. 

*1500 രൂപയോളം പോയിവരാൻ ടോൾ കൊടുത്താലും വളരെ നല്ല റോഡ്.

രാവിലെ 6 മണിക്ക് കൊച്ചിയിൽ നിന്നും യാത്ര തുടങ്ങിയ ഞങ്ങൾ 2 മണിക്ക് പുതുച്ചേരിയിലെത്തി. സ്പീഡിന്റെ പ്രണയികൾക്ക് ഇതിലും പെട്ടെന്ന് എത്താം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA